മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചരിത്രപ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ടീമുകളുടെ പോരാട്ടത്തില്‍ വിജയം മാഞ്ചസ്റ്റര്‍ സിറ്റിക്ക് സ്വന്തം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി വിജയം സ്വന്തമാക്കിയത്. എര്‍ലിങ് ഹാളണ്ടിന്റെ ഇരട്ട ഗോളാണ് അവര്‍ക്ക് അ
നായാസ വിജയം സമ്മാനിച്ചത്. 26-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 49-ാം മിനിറ്റിലുമായിരുന്നു ഹാളണ്ടിന്റെ ഗോളുകള്‍. 80-ാം മിനിറ്റില്‍ ഫില്‍ ഫോഡനും അവര്‍ക്കായി ലക്ഷ്യം കണ്ടു.
ഈ സീസണിലെ മോശം ഫോം തുടര്‍ന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ലീഗിലെ അഞ്ചാം പരാജയമാണിത്.
കളിയുടെ തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച സിറ്റി 26-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. റോഡ്രിയെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി ഹാളണ്ട് അനായാസം ലക്ഷ്യത്തില്‍ എത്തിച്ചു.
രണ്ടാം പകുതിയില്‍ യുണൈറ്റഡ് ചില മാറ്റങ്ങള്‍ വരുത്തി നോക്കി എങ്കിലും സിറ്റി ആക്രമണം തുടര്‍ന്നു. പലപ്പോഴും ഒനാനയുടെ ഗംഭീര സേവുകള്‍ യുണൈറ്റഡിന്റെ രക്ഷയ്ക്ക് എത്തി. 49-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയുടെ പാസില്‍ നിന്ന് ഹാളണ്ട് ലീഡ് ഉയര്‍ത്തി. സ്കോര്‍ 2-0. തുടര്‍ന്നും സിറ്റി തന്നെ ആധിപത്യം തുടര്‍ന്നു. 80-ാം മിനിറ്റില്‍ ഹാളണ്ടിന്റെ പാസില്‍ നിന്ന് ഫോഡന് കൂടെ ഗോള്‍ നേടിയതോടെ യുണൈറ്റഡിന്റെ പരാജയം ഉറപ്പായി.
ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി 24 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്ത് നില്ക്കുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 15 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഉള്ളത്.
മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നോട്ടിങ്ഹാം ഫോറസ്റ്റിനെ തകര്‍ത്തു. 31-ാം മിനിറ്റില്‍ ജോട്ട, 35-ാം മിനിറ്റില്‍ നുനെസ്, 77-ാം മിനിറ്റില്‍ സലാ എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്. 10 കളികളില്‍ നിന്ന് 23 പോയിന്റുമായി ലിവര്‍ പൂള് നാലാം സ്ഥാനത്ത് തുടരുന്നു.
മറ്റ് മത്സരങ്ങളില്‍ ആസ്റ്റണ്‍ വില്ല ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലുട്ടണ്‍ ടൗണിനെ പരാജയപ്പെടുത്തിയപ്പോള്‍ എവര്ട്ടണ് 1-0ന് വെസ്റ്റ് ഹാമിനെ കീഴടക്കി. ബ്രൈറ്റണ്-ഫുള്‍ഹാം കളി 1-1ന് സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: