മലപ്പുറം: ഹമാസ് നേതാവിന്റെ സംഭാഷണ ദൃശ്യം പൊതുപരിപാടിയില്‍ പ്രദര്‍ശിപ്പിച്ച സോളിഡാരിറ്റിയുടെ കേരളത്തിലെ പ്രവര്‍ത്തനം നിരീക്ഷിച്ച് ഇന്റലിജന്‍സ് ബ്യൂറോ. ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റാണ് കഴിഞ്ഞ വെള്ളിയാഴ്ച ഹമാസ് മുന്‍ മേധാവി ഖാലിദ് മഷാലിന്റെ വീഡിയോ ദൃശ്യം മലപ്പുറത്തെ പരിപാടിയില്‍ കാണിച്ചത്. സയണിസ്റ്റ്, ഹിന്ദുത്വ വംശീയതയ്‌ക്കെതിരെ യുവജന പ്രതിരോധ റാലി എന്ന പേരിലാണ് ഹമാസ് ഭീകരരെ അനുകൂലിക്കുന്ന പരിപാടി സംഘടിപ്പിച്ചത്.
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ തത്സമയം വെര്‍ച്വലായി പരിപാടിയില്‍ പങ്കെടുക്കാനാണ് ഇരുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ സോളിഡാരിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം ഹനിയ പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് ഹമാസ് മുന്‍ മേധാവി ഖാലിദ് മഷാലിന്റെ പ്രസംഗ വീഡിയോ റിക്കാര്‍ഡ് ചെയ്ത് പ്രദര്‍ശിപ്പിച്ചത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്‍കൂട്ടി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് വിഭാഗം പരിപാടി പൂര്‍ണമായി നിരീക്ഷിക്കുകയും ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കുകയും ചെയ്തിരുന്നു.
സംഘടനയുടെ സാമ്പത്തിക ഇടപാടുകളും സാമൂഹ്യമാധ്യമ അക്കൗണ്ടുകളും ഐബിയുടെ നിരീക്ഷണത്തിലാണ്. ഇന്നലെ മലപ്പുറം പ്രസ്‌ക്ലബില്‍ സോളിഡാരിറ്റി വാര്‍ത്താ സമ്മേളനം നടത്തുന്നത് പ്രഖ്യാപിച്ചതോടെ ഐബി ഉദ്യോഗസ്ഥര്‍ വിവര ശേഖരണത്തിന് എത്തിയിരുന്നതായി പറയപ്പെടുന്നു.
രാജ്യത്തിന്റെ നിലപാടിന് വിരുദ്ധമായി ഭീകരവാദ പ്രവര്‍ത്തനം നടത്തിവരുന്ന സംഘടനയുടെ നേതാവിനെ കേരളത്തില്‍ അവതരിപ്പിച്ച് രാജ്യവിരുദ്ധ മനോഭാവം സൃഷ്ടിക്കാനാണ് സോളിഡാരിറ്റിയുടെ ശ്രമം. പാലസ്തീന്‍ ഐക്യദാര്‍ഢ്യമെന്ന പേരില്‍ ഹമാസിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനുള്ള ശ്രമമായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതിനെ കാണുന്നത്.
സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിനേയും മാതൃസംഘടനയായ ജമാ അത്തെ ഇസ്ലാമിയേയും പിഎഫ്‌ഐ നിരോധനത്തെ തുടര്‍ന്ന് ദേശീയ അന്വേഷണ വിഭാഗങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. പിഎഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്നവരില്‍ പലരും ജമാ അത്തെ ഇസ്ലാമിയുടെ അംഗങ്ങളായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. പിഎഫ്‌ഐ നിരോധനത്തെ തുടര്‍ന്ന് പലരും സംഘടനയില്‍ വീണ്ടും തിരിച്ചെത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: