മലപ്പുറം: പ്രിന്‍സിപ്പലിന്റെ സാന്നിദ്ധ്യത്തില്‍ പ്ലസ്വണ് വിദ്യാര്‍ത്ഥി ആക്രമിച്ച അധ്യാപകന് സജീഷിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചവിട്ടേറ്റ് വയറ്റില്‍ നീര്ക്കെട്ടുണ്ടായതോടെയാണ് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദനത്തില്‍ അധ്യാപകന്റെ കൈക്കുഴ വേര്‍പ്പെട്ട സംഭവമുണ്ടായത് കഴിഞ്ഞ ദിവസമാണ്.
കുറ്റിപ്പുറം പേരശനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് കുണ്ടില്‍ചോലയില്‍ സജീഷിനെ (46) നേരത്തെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയിലാക്കിയത്. സിടി സ്കാന്‍ ഉള്‍പ്പടെയുള്ള പരിശോധനകളില്‍ വയറിനു താഴെ നീര്‍ക്കെട്ടുള്ളതായി കണ്ടെത്തി. വിദ്യാര്‍ത്ഥി ഷൂസിട്ട് അധ്യാപകന്റെ വയറിന്റെ ഇടതുവശത്ത് ചവിട്ടിയിരുന്നു.
കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വിദ്യാര്‍ത്ഥി അധ്യാപകനെ ആക്രമിച്ചത്. ഉപജില്ലാ കലോത്സവത്തിനായി പെണ്‍കുട്ടികള്‍ പരിശീലനം നടത്തുന്ന സ്ഥലത്ത് അനാവശ്യമായി കറങ്ങി നടന്ന വിദ്യാര്‍ത്ഥികളില്‍ ചിലരെ അധ്യാപകന് ശകാരിച്ച് പ്രിന്‍സിപ്പലിന് മുന്നിലെത്തിച്ചപ്പോഴാണ് സംഭവം. പ്രകോപിതനായ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന്റെ മുന്നിലിട്ട് അധ്യാപകനെ മര്‍ദിച്ചു.
വിദ്യാര്‍ഥി അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് പുറത്തു ചവിട്ടുകയായിരുന്നു. ഇതോടെ അധ്യാപകന്റെ കൈക്കുഴ വേര്‍പ്പെട്ടു. പരിക്കേറ്റ സജീഷ് ഗവ. താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. കുറ്റിപ്പുറം പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് പോലീസ് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് ജുവനൈല്‍ കോടതി ജഡ്ജിക്കു റിപ്പോര്‍ട്ട് കൈമാറി. വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സ്കൂളിലെ അധ്യാപികമാരോട് മോശമായി പെരുമാറിയെന്ന പരാതി മുമ്പ് ഇതേ വിദ്യാര്‍ത്ഥിക്കെതിരേ ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: