തിരുവനന്തപുരം: ഹമാസ് നേതാവ് മലപ്പുറത്ത് ഓണ്‍ലൈനായി നടത്തിയ പ്രസംഗം പൊലീസ് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രസംഗത്തില്‍ പ്രശ്നമുണ്ടെന്ന് തോന്നിയാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സുരേഷ് ഗോപിയ്ക്കെതിരെ സ്ത്രീപീഡനം ആരോപിക്കപ്പെട്ട ദിവസമാണ് ഹമാസ് മുന്‍ മേധാവി മലപ്പുറത്തെ സോളിഡാരിറ്റി യൂത്ത് മൂവ് മെന്റ് നടത്തിയ ഹിന്ദുത്വ-സയണിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ പ്രസംഗിച്ചത്. അന്ന് സുരേഷ് ഗോപി പ്രശ്നം കത്തിനില്‍ക്കുന്നതിനാല്‍ ഈ പ്രസംഗത്തിന് വേണ്ടത്ര മാധ്യമശ്രദ്ധ ലഭിച്ചില്ല. തൊട്ടടുത്ത ദിവസം ഈ പ്രസംഗം വിവാദമായി. ജമാത്തെ ഇസ്ലാമിയുടെ യൂത്ത് വിങ്ങാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. ഹമാസ് നേതാവ് ഖാലിദ് മാഷല്‍ ഖത്തറില്‍ നിന്നാണ് മലപ്പുറത്ത് വെര്‍ച്വലായി പ്രത്യക്ഷപ്പെട്ട് പ്രസംഗം നടത്തിയത്. പ്രസംഗത്തില്‍ യുവാക്കളോട് തെരുവില്‍ പലസ്തീന് വേണ്ടി ജിഹാദി പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്തതായും പരാതിയുണ്ട്.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റിലൂടെ ഹമാസ് നേതാവിന് പ്രസംഗിക്കാന്‍ കേരളത്തില്‍ അവസരമൊരുക്കിയ പൊലീസിനെയും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രിയെയും നേരിട്ട് വെല്ലുവിളിച്ചതും അതിന് മുഖ്യമന്ത്രി വര്‍ഗ്ഗീയവിഷം എന്ന് വിളിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് മറുപടി നല്‍കുകയും ചെയ്തതോടെ പ്രശ്നം രൂക്ഷമായി. പിന്നീട് ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദയും ഈ വിഷയത്തില്‍ ഇടപ്പെട്ടതോടെ പിണറായിയുടെ മേല്‍ സമ്മര്‍ദ്ദമേറി. പിണറായി വിജയന് സര്‍ക്കാര്‍ കേരളത്തില്‍ മതമൗലികവാദത്തിനോട് മൃദുസമീപനം സ്വീകരിക്കുകയാണെന്ന് ജെ.പി. നദ്ദ കുറ്റപ്പെടുത്തിയിരുന്നു. അതുവരെ പ്രശ്നത്തില്‍ മൗനം ദീക്ഷിച്ച പിണറായി ന്യൂനപക്ഷപ്രീണനം കൂടിപ്പോയെന്ന വിമര്‍ശനം ശക്തമായതോടെയാണ് തിങ്കളാഴ്ച പ്രതികരണവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: