മഹാസമാധി… മറ്റെന്ത് ചേരാനാണ് ഈ വിടവാങ്ങലിന്… വാക്കൊതുക്കി, അക്ഷരമൊതുക്കി, മഹാപ്രസ്ഥാനത്തിനൊരുങ്ങുകയായിരുന്നു അദ്ദേഹം. കൈലാസ സന്നിധിയില്‍നി
ന്ന് യാത്ര പുറപ്പെട്ട്, ആകാശത്തോളം വളരുകയായിരുന്ന വിന്ധ്യന്റെ അഹന്തയുടെ തലപ്പൊക്കത്തെ അമര്‍ത്തി, സിന്ധുസാഗരമൊന്നാകെ കുടിച്ചുവറ്റിച്ച, ആസുരികവിചാരങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ ആദിത്യഹൃദയമായി പെയ്തിറങ്ങിയ മഹാതാപസന് ഒരു കഥയല്ല… കണ്മുന്നില്, തൊട്ടടുത്ത്, ചിരിച്ചും ചിരിപ്പിച്ചും ചിന്തയില്‍ തീ പടര്‍ത്തിയും ഇനിയുമെത്രയോ കാലങ്ങളെ ത്രസിപ്പിക്കും വിധം മരണമില്ലാത്ത ഓര്‍മകളിലേക്ക് ആരുടെയും അനുവാദത്തിന് കാത്തുനില്‍ക്കാതെ ഹരിയേട്ടന് കടന്നിരിക്കുന്നു…
അറിവിന്റെ കടലാകെ ഒരു ചിമിഴിലൊതുങ്ങി. വിസ്മയിപ്പിക്കുന്ന വജ്രശോഭയില്‍ അനേകം ഹൃദയങ്ങളിലേക്ക് അത് വാക്കായും അക്ഷരമായും സ്നഹമായും പകര്‍ന്നു. ആ ചെറിയ വാക്കുകളിലൂടെ ആയിരങ്ങള്‍ ആദര്‍ശത്തിന്റെ ഹിമഗിരിമകുടം തൊട്ടു… ചിരിയില്‍ ചിന്ത പകര്‍ന്നു… ഓരോ ചുവടുവയ്പിലും അനുഭവങ്ങള്‍ വിടര്‍ന്നു… സംഘഭരിതമായ ചിന്തകളുടെ, സമര്‍പ്പിത ജീവിതത്തിലൂടെ ആര്‍ജിച്ച മഹാതപസിന്റെ
നിത്യശാന്തമായ സര്‍ഗവിന്യാസം…ഒരേയൊരു ഹരിയേട്ടന്…ആര്. ഹരിയെന്ന മാനനീയ രംഗഹരിജി…
ചുറ്റും കട്ടപിടിച്ച കൂരിരുട്ടാകെ വകഞ്ഞ്, മറവിയുടെ കയത്തിലേക്ക് കൂപ്പുകുത്തിയ ബോധത്തെ തപസ് കൊണ്ട് തിരിച്ചു പിടിച്ച്, ഭാരതീയ വിചാരപ്രവാഹമാകെ അമൃത് പോല്‍ കടഞ്ഞെടുത്ത് കാലത്തിനേകിയ മഹാഭഗീരഥന്‍.
വ്യാസ, വാത്മീകിമാരുടെ ഹൃദയം കടഞ്ഞ സരസ്വതീപുഷ്പത്തിന് കാലം നല്കിയ പേരാണത്…. അവിശ്രമ യാത്രയ്ക്കിടയില്‍ ഹരിയേട്ടന്റെ തൂലികയില്‍ വിരിഞ്ഞ സര്‍ഗപദ്മങ്ങള്‍ക്ക് അതിനപ്പുറം എന്ത് വിശേഷണം…
1930 ഡിസംബര്‍ 5ന് കൊച്ചിയില്‍ ജനനം. സ്കൂള്‍ കാലം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂളില്‍. എറണാകുളം മഹാരാജാസില്‍ നിന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദം. ഇഷ്ടവിഷയമായ സംസ്കൃതം പ്രത്യേകം പഠിച്ച് അതിലും ബിരുദം.. പിന്നെ പഠിച്ചതിനപ്പുറം ജീവിതാനുഭവം… രാഷ്ട്രപൂജാരിയായി സ്വയം സമര്‍പ്പിച്ച ജീവിതം.
ഗ്രാമനഗരങ്ങളിലെ ജീവിതങ്ങളെ അടുത്തറിഞ്ഞു. ഓരോ അനുഭവവും ആദര്‍ശത്തിന്റെ അനുഭൂതിയായി ഒപ്പമുള്ളവര്‍ക്ക് പകര്‍ന്നു. അടിയന്തരാവസ്ഥയിലെ പോരാട്ടങ്ങള്‍ക്ക് ആണിക്കല്ലായി അണിയറയില്‍ നിറഞ്ഞു. ജീവിതത്തിന്റെ അവസാന നാളുകളില്‍ ആ പോരാട്ടത്തിന്റെ ചരിത്രം ശരിയാംവിധം ജനങ്ങളിലെത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അവശതകള്‍ മറന്ന് നാല് ദിവസം തുടര്‍ച്ചയായി പ്രഭാഷണം നടത്തി. എമര്‍ജന്‍സി വിക്ടിംസ് ആയിരുന്നില്ല അവര്‍ എമര്‍ജന്‍സിക്കെതിരെ പോരാടിയ സോള്‍ജിയേഴ്സ് ആയിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു. ഒളിവില്‍ പ്രവര്‍ത്തിച്ചവര്‍, പോരാട്ടത്തിന് ആവേശം പകര്‍ന്ന അമ്മമാര്‍… അറിയാത്ത സമരഗാഥകളിലേക്ക് കണ്ണെത്തണം എന്ന് ഓര്‍മ്മിപ്പിച്ചു. ‘ഞാന്‍ ഇല്ലാതാകാം, പക്ഷേ സംഘടന ഇല്ലാതാകില്ല, അതിന് ചരിത്രം ശരിയായി പകരണം,’ ഹരിയേട്ടന് പറഞ്ഞു.
വാക്കിന് മാത്രമല്ല അര്‍ത്ഥം പൂര്‍ണത നല്‍കുന്നതെന്നും വാക്കുപയോഗിക്കുന്ന ആളിനുകൂടിയാണെന്നും ഹരിയേട്ടന് പറഞ്ഞുതന്നു. ക്ഷീരസാഗരന്റെ വീട്ടില്‍ച്ചെന്നാല്‍ കട്ടന്‍ ചായയേ കുടിക്കാന്‍ കിട്ടൂ എന്ന് അതിനോട് ചേര്‍ത്ത് തമാശ പറയും. പടിഞ്ഞാറിന്റെ സ്ത്രീ നമുക്ക് അമ്മയാണെന്ന് മാതൃവത് പരദാരേഷു എന്ന തത്വത്തെ മലയാളീകരിക്കും. അതുകൊണ്ടാണ് പടിഞ്ഞാറിന്റെ മേരി നമുക്ക് മറിയാമ്മയായതെന്ന് ചിരിപ്പിക്കും. കേരളത്തിലെ നാട്ടിന്‍പുറവഴികളില്‍ പെണ്‍കുട്ടികള്‍ കൂട്ടം ചേര്‍ന്ന് കളിക്കുന്ന കളികള്‍ ആസാമിലെയും കശ്മീരിലെയും വീട്ടുമുറ്റങ്ങളില്‍ കണ്ടത് കൗതുകത്തോടെ പറയും, ഭാരതം ഒന്നാകുന്നത് ഇങ്ങനെയും കൂടിയാണെന്ന് ഒപ്പം ഓര്‍മ്മിപ്പിക്കും. സുഷമ സ്വരാജിന്റെയും മേഴ്സി രവിയുടെയും ബൃന്ദകാരാട്ടിന്റെയും നെറ്റിയിലെ വലിയ കുങ്കുമപ്പൊട്ട് ചൂണ്ടിക്കാട്ടി ഹിന്ദുത്വത്തിന് മതമില്ലെന്ന് കുസൃതി പറയും. അഭ്യസ്തവിദ്യരായ അന്ധവിശ്വാസികളെന്ന് രാഷ്ട്രത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന കമ്മ്യൂണിസ്റ്റുകളുടെ യുക്തി തൊട്ടുതീണ്ടാത്ത യുക്തിവിചാരത്തെ ചൂണ്ടിക്കാട്ടി പരിഹസിക്കും. പുസ്തകത്തിന് പുറത്തുള്ള സമാജത്തെ കാണാത്ത ആദര്‍ശപ്രഘോഷണങ്ങളെ സദ്ഗുണവൈകൃതമെന്ന് കൂസലില്ലാതെ വിളിക്കും. രാഷ്ട്രത്തിനും സമാജത്തിനും ഗുണകരമല്ലാത്തതൊന്നും ആദര്‍ശമാക്കേണ്ടതില്ലെന്ന് ഉറച്ച വാക്കുകളില്‍ ഉപദേശിക്കും…
തമിഴ്നാട്ടിലെ കാരക്കുടിയില്‍ കാര്യകര്‍ത്താക്കളുടെ ബൈഠക്കില്‍ പങ്കെടുക്കന്‍ ഹരിയേട്ടനെത്തിയതിന്റെ അനുഭവം അവിടുത്തെ പ്രവര്‍ത്തകര്‍ പറയും, ഹരിയേട്ടന് കഴിക്കാന്‍ തേന്‍കുഴല്‍ നല്കി. പേര് തേന്‍കുഴല്‍ എന്നാണെങ്കിലും അത് ഒരുതരം മുറുക്കാണ്. വറ്റിവരണ്ടു കിടന്ന കാവേരി നദിയിലാണ് പ്രവര്‍ത്തകര്‍ വട്ടമിട്ടിരുന്നത്. ഓരോരുത്തരോടും ഹരിയേട്ടന് പ്രവാസത്തെ(സംഘടനാ യാത്ര) പറ്റി ചോദിച്ചു. കഴിഞ്ഞ മാസം ആരും കാര്യമായി യാത്ര ചെയ്തിരുന്നില്ല. ഹരിയേട്ടന്റെ രസകരമായ കമന്റ് ഇങ്ങനെ, പേര് തേന്‍കുഴല്‍, തേനേ ഇല്ലൈ. പേര് കാവേരി നീരേ ഇല്ലൈ. പേര് പ്രവാസി കാര്യകര്‍ത്താ, പ്രവാസമേ ഇല്ലൈ..”
ഹരിയേട്ടന്റെ വാക്കുകളത്രയും വെളിച്ചമായിരുന്നു. ഏത് ഇരുട്ടിലും അത് ദിശ കാട്ടി. ഇതാണ് ശരിവഴിയെന്ന് നിലയുറപ്പിച്ച് എല്ലാ കാലത്തിനും വേണ്ടി നിലകൊണ്ടു. അതീവഗഹനമായ വിഷയങ്ങളും സ്വതസിദ്ധമായ ശൈലിയില്‍, കുറുകിയ വാക്കുകളില്‍ പ്രവഹിച്ചുകൊണ്ടേയിരുന്നു. വൈകാരികമായിരുന്നില്ല ഒരു പ്രതികരണവും, സംഘജീവിതസന്ദേശം നിറഞ്ഞതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: