ഈ ജന്മത്തെ പുണ്യം ആണ് ഹരിട്ടേയനെ കണ്ടതും ആ സ്നേഹം, വാത്സല്യം, കരുതല്‍, ഉപദേശം എല്ലാം മകന് മിലനും എനിക്കും ലഭിച്ചത്. ആദ്യമായി കാണാന്‍ ചെന്നപ്പോള്‍ പറഞ്ഞത്, കാണാന്‍ ആഗ്രഹിച്ചതാണ് ലോറന്‍സിന്റെ മകളെയും പേരക്കുട്ടിയെയും എന്ന്. ചേര്‍ത്ത് നിര്‍ത്തി അന്ന്തൊട്ട് അവസാനംവരെ മിലന് എന്തൊക്കെ ചെയ്യണമെന്ന് പറഞ്ഞു കൊടുത്തു. ഇത്രയ്ക്ക് ഓര്‍മ്മശക്തി ഉള്ള ഒരു വ്യക്തിയെ കണ്ടിട്ടില്ല
എം.എം ലോറന്‍സും ആയുള്ള ബന്ധം പറയുമ്പോഴുള്ള സന്തോഷവും കരുതലും ഞാന്‍ വേറെ ആരിലും കണ്ടിട്ടില്ല. ഒന്നാം ക്ലാസില്‍ തുടങ്ങിയതാണ് അവരുടെ ബന്ധം. രണ്ട് രാഷ്ട്രീയ ആശയങ്ങളിലേയ്ക്ക് വഴി തിരിഞ്ഞ്് പോയിട്ടും ഹരി എന്ന് അപ്പനും ലോറന്‍സ് എന്ന് ഹരിയേട്ടനും ഫോണിലൂടെ പരസ്പരം വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ല്‍ വിളിച്ചത് കേട്ട് കണ്ണ് നിറഞ്ഞ് പോയി. മിലനാണ് അപ്പനോട് ചോദിച്ചത് ഹരിയേട്ടനെ വിളിച്ച് തരട്ടെ എന്ന്. ഏത് ഹരി എന്ന് പോലും അപ്പന് ചോദിക്കേണ്ടി വന്നില്ല 92ാം വയസില്‍.
ഹരി എന്ന് അപ്പന് സ്നേഹത്തോടെ വിളിച്ചപ്പോള്‍ കേട്ട്നിന്ന ഞാനും മിലനും കണ്ണ് നിറഞ്ഞാണ് പരസ്പരം നോക്കിയത്, പരസ്പരം ആരോഗ്യ കാര്യങ്ങള്‍ മാത്രം ചോദിച്ചു. ശരി ഹരി എന്ന് പറഞ്ഞു അപ്പന് ഫോണ്‍ വച്ചതിന് ശേഷം കുറെ നേരം ഒന്നും സംസാരിക്കാതെ അപ്പന് കണ്ണ് തുറന്നു കിടന്നു. കുറച്ച് കഴിഞ്ഞ് മിലന്റെ കൈയില്‍ പിടിച്ചപ്പോള്‍ അപ്പന്റെ കണ്ണില്‍ നനവ് ഉണ്ടായിരുന്നു. എപ്പോഴും ലോറന്‍സിന്റെ ആരോഗ്യമാണ് ആദ്യം ചോദിക്കുന്നത്. കാണുമ്പോഴെല്ലാം ‘ലോറന്‍സിന്റെ മകള്‍ എന്റെയും മകള്‍, ലോറന്‍സിന്റെ പേരക്കുട്ടി എന്റെയും പേരക്കുട്ടി ‘ എന്ന് പറഞ്ഞ്് ഇരുവശവും ചേര്‍ത്ത് നിര്‍ത്തും.
ആ വാക്കുകളിലെ, സ്വരത്തിലെ ദൃഢത കരുതല്‍ സ്നേഹം ആ വിരലുകള്‍ക്കും ഉണ്ടായിരുന്നു. എഴുതിയ പുസ്തകങ്ങള്‍ എടുത്ത് കാണിച്ച് തരും. എഴുതാന്‍ പോകുന്ന പുസ്തകങ്ങളെക്കുറിച്ച് ഏറെ പറയും. പോരുമ്പോള്‍ പുസ്തകങ്ങള്‍ തന്ന് വിടും, വായിക്കണം എന്ന് പറയും. പിന്നീട് വായിച്ചോ എന്ന് വിളിച്ച് ചോദിക്കും
അവര്‍ ഇരുവരും ഒരിക്കലും പരസ്പരം കലഹിച്ചില്ല ഒറ്റി കൊടുത്തില്ല. ഒറ്റലുകളുടെയും പിന്നില്‍നിന്ന് കുത്തുന്നതിന്റേയും സമയത്തും അവര്‍ ഇരുവരും പരസ്പരം കരുതലോടെ കരുതി. പഠിക്കാന്‍ ഏറെ ഉണ്ട് ആ ബന്ധത്തില്‍ നിന്ന്.
കണ്ടപ്പോഴും ഫോണിലൂടെ സംസാരിച്ചപ്പോഴും ആവോളം ഈ ജന്മത്തെ മുഴുവന്‍ സ്നേഹവും വാല്സല്യവും കരുതലും തന്നല്ലോ ഹരിയേട്ടാ. ഞങ്ങള്‍ക്ക് തന്ന സ്നേഹവാല്സല്യത്തിന് കരുതലിന് നന്ദി ചൊല്ലാന്‍ വാക്കുകള്‍ ഇല്ല ഹരിയേട്ടാ…കുടുംബ വഴക്കുകള്‍ ഒന്നും ഓര്‍ത്ത് വിഷമിക്കണ്ട എന്ന് പറയാന്‍ ആരുമില്ലല്ലോ ഹരിയേട്ടാ…പഠിക്കണം വായിക്കണം എന്ന് പറയാന്‍ ആരാ ഇനി ഉള്ളത്… മകളുടെ, പേരക്കുട്ടിയുടെ കണ്ണീര് പ്രണാമം.
(സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍നിന്നു തയാറാക്കിയത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: