രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനെന്ന നിലയ്ക്ക് ഏഴ് പതിറ്റാണ്ടിലേറെക്കാലം സംഘടനാ രംഗത്തും ധൈഷണിക മണ്ഡലത്തിലും കനത്ത സംഭാവനകള്‍ നല്കിയ ഒരു വടവൃക്ഷമാണ് ആര്. ഹരിയെന്ന മഹാമനുഷ്യന്റെ വേര്‍പാടോടെ ഇല്ലാതായിരിക്കുന്നത്. കേരളത്തില്‍ ജനിച്ച് ബാല്യകാലത്തുതന്നെ സ്വയംസേവകനാവുകയും സംഘപ്രവര്‍ത്തനം ജീവിത നിയോഗമായി ഏറ്റെടുക്കുകയും ചെയ്ത ഹരിയേട്ടന് സര്‍വകലാശാല വിദ്യാഭ്യാസ കാലത്തുതന്നെ ആദര്‍ശത്തിനുവേണ്ടിയുള്ള പോരാട്ടം ആരംഭിച്ചതാണ്. ഗാന്ധിവധത്തിന്റെ പേരുപറഞ്ഞ് അന്നത്തെ ഭരണകൂടം സംഘത്തെ നിരോധിച്ചപ്പോള്‍ അതിനെതിരെ സത്യഗ്രഹം നടത്തി ജയില്‍വാസമനുഭവിച്ചു. പഠനത്തില്‍ അത്യന്തം മികവു പുലര്‍ത്തുകയും ബിരുദം നേടുകയുമൊക്കെ ചെയ്തിട്ടും വൈയക്തിക ജീവിതത്തിന്റെ നേട്ടങ്ങള്‍ക്കു പിന്നാലെ പോകാതെ ദേശസ്നേഹത്തിലധിഷ്ഠിതമായ ത്യാഗത്തിന്റെ പാത തെരഞ്ഞെടുക്കുകയായിരുന്നു. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ പ്രചാരകനായി തീര്‍ന്ന ഹരിയേട്ടന് പലതലങ്ങളില്‍ പ്രവര്‍ത്തിച്ച് സംഘത്തിന്റെ പ്രാന്തീയ ബൗദ്ധിക് പ്രമുഖ് എന്ന ചുമതല ഏറ്റെടുത്ത ശേഷമാണ് കെ. ഭാസ്കര്‍ റാവുജിക്കുശേഷം പ്രാന്തചാരകനായി നിയോഗിക്കപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പൗരാവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഒളിപ്രവര്‍ത്തനത്തിനും ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പ്രചാരണത്തിനും ഹരിയേട്ടന് നേതൃത്വം നല്കി. പില്ക്കാലത്ത് അഖില ഭാരതീയ സഹബൗദ്ധിക് പ്രമുഖ്, ബൗദ്ധിക് പ്രമുഖ് എന്നീ നിലകളില്‍ രാജ്യവ്യാപകമായി സംഘപ്രവര്‍ത്തനത്തിന് ദിശാബോധം നല്കി. ഹിന്ദുത്വത്തിന്റെ മഹത്വം ഉദ്ഘോഷിച്ച് അഞ്ച് ഭൂഖണ്ഡങ്ങളിലും സഞ്ചരിച്ചു. പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തില്‍ തിരിച്ചെത്തുകയും, പ്രത്യേക ചുമതലകളൊന്നുമില്ലാതെ സംഘപ്രവര്‍ത്തനത്തിന്റെ മുഖ്യധാരയില്‍ നിലയുറപ്പിക്കുകയുമായിരുന്നു.
വിശേഷണങ്ങള്‍ അവസാനിക്കാത്ത വ്യക്തിത്വമാണ് ഹരിയേട്ടന്റേത്. സംഘാടകന്‍, പണ്ഡിതന്, ചിന്തകന്‍, ഗവേഷകന്, ചരിത്രകാരന്, പ്രഭാഷകന്‍, സാഹിത്യകാരന്, ഗ്രന്ഥകാരന് എന്നിങ്ങനെ അത് നീണ്ടുപോകുന്നു. മാതൃഭാഷയായ മലയാളത്തിനു പുറമേ സംസ്കൃതവും ഹിന്ദിയും തമിഴും മറാഠിയും കൊങ്കണിയുമൊക്കെ ഹരിയേട്ടന് വശമായിരുന്നു. ഈ ഭാഷകളിലൊക്കെ അനായാസമായി എഴുതാനും പ്രസംഗിക്കാനും കഴിഞ്ഞു. എല്ലാ ഭാഷകളിലും ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ബംഗാളി ഉള്‍പ്പെടെയുള്ള ഭാഷകളും മനസ്സിലാവുമായിരുന്നു. എല്ലാ ഭാരതീയ ഭാഷകളും ഹരിയേട്ടന് മാതൃഭാഷകളായിരുന്നു എന്നു പറയാം. മറാഠി ഭാഷയിലുള്ള ഹരിയേട്ടന്റെ അവഗാഹം ആ ഭാഷ മാതൃഭാഷയായിട്ടുള്ളവരെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പൂര്‍ണമായ അര്‍ത്ഥത്തില്‍ അറിവിന്റെ ഭണ്ഡാഗാരമെന്ന് ഒരു നിമിഷംപോലും ആലോചിക്കാതെ പറയാവുന്ന ഒരാളുണ്ടെങ്കില്‍ അത് ഹരിയേട്ടനായിരുന്നു. അടുത്തിടപഴകുന്നവരെയൊക്കെ ഈ അറിവിന്റെ ആഴങ്ങള്‍ അത്ഭുതപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ അറിഞ്ഞതിന്റെ ഒരംശം മാത്രമാണ് രചനകളിലൂടെയും മറ്റും പ്രകടിപ്പിച്ചതെന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. അറിവിന്റെ തോരാമഴ പെയ്യിക്കുകയാണ് ഹരിയേട്ടനെന്നും, കുടപിടിച്ചാലും നനയാതെ തരമില്ലെന്നും സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറയുമ്പോള്‍ ആ ജ്ഞാനസരിത്തിന്റെ കുളിര് അനുഭവിക്കാന്‍ കഴിയുന്നു. സമാനതകളില്ലാത്തതാണ് ഹരിയേട്ടന്റെ പാണ്ഡിത്യം. വ്യാസഭാരതത്തിന്റെ നേരുകളിലേക്കും വേരുകളിലേക്കും ഇറങ്ങിച്ചെന്ന് രചിച്ചിട്ടുള്ള പുസ്തകങ്ങള്‍ മലയാള സാഹിത്യത്തിന് ലഭിച്ച അമൂല്യ നിധിയാണ്. സംഘപ്രവര്‍ത്തനം വ്യക്തിനിഷ്ഠമല്ലെങ്കിലും സ്നേഹത്തിലധിഷ്ഠിതമായ വ്യക്തിബന്ധങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഹരിയേട്ടന് ശ്രദ്ധവച്ചു.
സംഘപ്രവര്‍ത്തനത്തിന് എന്താണ് ഹരിയേട്ടന്റെ സംഭാവനകള്‍ എന്നു പെട്ടെന്ന് വിലയിരുത്താനോ പറഞ്ഞുതീര്‍ക്കാനോ കഴിയില്ല. അത്രയ്ക്ക് വിപുലമാണത്. സംഘസ്ഥാപകനായ ഡോക്ടര്‍ ഹെഡ്ഗേവാറിനെക്കുറിച്ച് ജീവചരിത്രമുള്‍പ്പെടെ നിരവധി രചനകള്‍. രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറുടെ ചിന്തകള്‍ മുഴുവന്‍ പന്ത്രണ്ട് വാള്യങ്ങളിലായി സമാഹരിച്ചതും ഹരിയേട്ടനാണ്. ഇതിനുപുറമെ എഴുപതിലേറെ വിശിഷ്ട ഗ്രന്ഥങ്ങള്‍ ഈ അക്ഷരപുരുഷന്‍ വായനക്കാര്‍ക്ക് സമ്മാനിച്ചു. ഒരാള്‍ക്ക് വര്‍ഷങ്ങളെടുത്തുപോലും വായിച്ചുതീര്‍ക്കാന്‍ കഴിയാത്തത്രയും ഈ ജ്ഞാനതാപസന്‍ എഴുതിത്തീര്‍ത്തു. സംഘപ്രചാരകനെന്ന നിലയ്ക്ക് ഹൈന്ദവ സംഘടനാ പ്രവര്‍ത്തനത്തിനും രാഷ്ട്രവൈഭവത്തിനും വേണ്ടി ഉഴിഞ്ഞുവച്ച ഒരു ജന്മം. അതിനുവേണ്ടി അക്ഷീണം, അനവരതം പ്രയത്നിച്ചു. അനാരോഗ്യവും രോഗാവസ്ഥകളുമൊന്നും ഇതിന് തടസ്സമായില്ല. ഇത് പൂര്‍വനിശ്ചിതമായ ഒരു നിയോഗം തന്നെയായിരുന്നിരിക്കാം. അതുകൊണ്ടാവാം ഒരിക്കല്‍ വാഹനാപകടത്തില്‍പ്പെട്ട് ഓര്മ നിശ്ശേഷം നശിച്ചുപോയിട്ടും പിന്നീട് അവയെല്ലാം വീണ്ടെടുക്കാന്‍ കഴിഞ്ഞത്. ഏതു വിഷയത്തിലും എന്താണ് സംഘത്തിന്റെ കാഴ്ചപ്പാടും നിലപാടുമെന്ന് സംശയമോ ആശയക്കുഴപ്പമോ ഇല്ലാതിരുന്നയാളാണ് ഹരിയേട്ടന്. സംഘത്തിന്റെ ആശയാദര്‍ശങ്ങളെക്കുറിച്ചും കാര്യപദ്ധതിയെക്കുറിച്ചും ഏറ്റവും ആധികാരികമായി പറയാന്‍ കഴിയുന്നയാള്‍. വലിപ്പച്ചെറുപ്പമില്ലാതെ ആര്‍ക്കും ഇതിനുവേണ്ടി സമീപിക്കാനും കഴിയുമായിരുന്നു. ഹരിയേട്ടന്റെ വേര്‍പാടോടെ സംഘപ്രവര്‍ത്തന ചരിത്രത്തിന്റെ ഒരു മഹാപര്‍വം അവസാനിച്ചിരിക്കുകയാണ്. ഈ ജ്ഞാനസൂര്യന് തെളിച്ച പന്ഥാവിലൂടെ ഇനിയുള്ളവര്‍ക്ക് മുന്നേറാം. ആദരവിന്റെ പരകോടിയില്‍ ഞങ്ങളുടെ അന്ത്യാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: