കൊച്ചി: കളമശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 53 വയസ് പ്രായമായ സ്ത്രീ മരിച്ചു. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതോടെ സ്ഫോടനത്തില്‍ മരണം രണ്ടായി.
അതിനിടെ സ്ഫോടനത്തില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി. യുഎപിഎയ്ക്ക് പുറമേ കൊലപാതകം, കരുതിക്കൂട്ടിയുള്ള വധശ്രമം, സ്ഫോടക വസ്തു നിരോധന നിയമം തുടങ്ങി ഗുരുതര വകുപ്പുകളാണ് മാര്ട്ടിന് എതിരെ ചുമത്തിയിരിക്കുന്നത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ സ്ഫോടനമാണെന്ന് എഫ്ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡൊമനിക് മാര്‍ട്ടിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായി. കൊച്ചി കടവന്ത്ര സ്വദേശിയായ ഇയാള്‍ കഴിഞ്ഞ അഞ്ചരവര്‍ഷമായി തമ്മനം കുത്തപ്പാടിയില്‍ താമസിച്ചുവരികയായിരുന്നു. പ്രതിയെ ഇപ്പോള്‍ ചോദ്യം ചെയ്ത് വരികയാണ്. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ടൂള്‍ ബോക്സ് കണ്ടെത്തിയിട്ടുണ്ട്.
ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത് ഇന്റര്‍നെറ്റ് വഴിയാണെന്നാണ് പറയുന്നത്. സംഭവസ്ഥലത്ത് ഇയാളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. റിമോര്‍ട്ട് ഉപയോഗിച്ചാണ് സ്ഫോടനം നിയന്ത്രിച്ചതെന്നും സൂചനയുണ്ട്.
വിദേശത്തായിരുന്ന ഇയാള്‍ രണ്ടുമാസം മുമ്പാണ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. നേരത്തെ സ്പോകണ്‍ ഇംഗ്ലീഷ് ക്ലാസെടുത്തിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഭാര്യയും രണ്ടുമക്കളുമടങ്ങുന്നതാണ് കുടുംബം.
മാര്‍ട്ടിന്റെ ഭാര്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഡൊമനിക് മാര്ട്ടിന് പുലര്‍ച്ചെ അഞ്ചുമണിക്കുശേഷം വീട്ടില്‍നിന്ന് പോയിരുന്നുവെന്നാണ് വിവരം. വീട്ടില്‍നിന്ന് ഇയാള്‍ പോയത് യഹോവസാക്ഷികളുടെ സമ്മേളനം നടക്കുന്ന കളമശ്ശേരിയിലെ സാമ്ര കണ്വെന്ഷന് സെന്ററിലേക്കാകാമെന്നാണ് പോലീസ് കരുതുന്നത്. സ്ഫോടനം നടത്താന്‍ ഭര്‍ത്താവ് പദ്ധതിയിട്ടതിന്റെ സൂചനയൊന്നും തനിക്ക് ലഭിച്ചില്ലെന്ന് ഭാര്യ മൊഴിനല്‍കിയതായി സൂചനയുണ്ട്. സ്കൂട്ടറിലാണ് ഇയാള്‍ കണ്വെന്ഷന് സെന്ററില്‍ എത്തിയതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: