അരൂര്‍ : വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന അരൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുറം റോഡിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു. 2018ലെ പ്രളയത്തിനുശേഷം ശോചനീയാവസ്ഥയിലായിരുന്ന റോഡ് പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 9,95000 രൂപ വിനിയോഗിച്ചാണ് പുനര്‍ നിര്‍മ്മിക്കുന്നത്.
മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ നൂറിലധികം കുടുംബങ്ങള്‍ അടങ്ങുന്ന കോട്ടപ്പുറം നിവാസികള്‍ക്ക് ദേശീയപാതയിലേക്ക് എത്താനുള്ള പ്രധാന മാര്‍ഗമാണ് ഈ റോഡ്. 255 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള റോഡ് വെള്ളക്കെട്ടുണ്ടാവുന്ന ഭാഗങ്ങള്‍ ഇന്റര്‍ലോക്ക് പാകിയും ബാക്കിഭാഗം ടാറിങ് ചെയ്തുമാണ് ഗതാഗത യോഗ്യമാക്കുന്നത്.
ദേശീയപാതയുമായി ബന്ധിക്കുന്ന ഈ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ തുറവൂര്‍ – അരൂര്‍ ആകാശപാതയുടെ നിര്‍മ്മാണം മൂലം അരൂക്കുറ്റി റോഡ് വഴി തിരിച്ചുവിടുന്ന വാഹനങ്ങള്‍ക്ക് ഗതാഗതക്കുരുക്കില്‍പ്പെടാതെ ചേര്‍ത്തല, എറണാകുളം ഭാഗങ്ങളിലേക്ക് പോകുവാന്‍ ഏറെ സഹായകമാകും.സാങ്കേതിക തടസ്സങ്ങള്‍ മൂലം വൈകിയ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ അതിവേഗം പുരോഗമിക്കുകയാണെന്നും റോഡ് ഉടന്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: