ഭോപാല്‍: രാഹുലിന്റെയും പ്രിയങ്ക വാദ്രയുടെയും വേരുകള്‍ ഭാരതത്തിന്റെതല്ലായെന്നും ഇറ്റലിയുടേതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാമക്ഷേത്ര നിര്‍മാണം കോണ്‍ഗ്രസ് തടയുകയും തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. മധ്യപ്രദേശിലെ ചിന്ദ്വാരയില് ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലായിടത്തും ഇന്ത്യയുടെ വികസനത്തെക്കുറിച്ചാണ് സംസാരം. രാജ്യത്തിന്റെ നേട്ടത്തെ എടുത്തുപറയുകയാണ് ജനങ്ങള്‍. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോളതലത്തില്‍ ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു. കോണ്‍ഗ്രസ് ഒരിക്കലും നല്ലത് കാണുന്നില്ല. എന്നാല്‍ ഈ സഹോദരങ്ങള്‍ രാജ്യത്തുടനീളം കറങ്ങി നടന്ന് വികസനത്തില്‍ സംശയം പ്രകടിപ്പിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്. അവര്‍ക്ക് ഇത് മനസ്സിലാകില്ല, കാരണം അവരുടെ വേരുകള്‍ ഇറ്റലിയില്‍ നിന്നാണ്, അമിത് ഷാ പറഞ്ഞു.
2019 ല്‍ മദ്ധ്യപ്രദേശിലെ ജനങ്ങള്‍ ഇത്രയധികം സീറ്റുകള്‍ നല്കി മോദിയെ രണ്ടാമതും പ്രധാനമന്ത്രിയാക്കി. അദ്ദേഹം നിശബ്ദനായി പോയി രാമക്ഷേത്രത്തിന്റെ തറക്കല്ലിടുകയും ജനുവരിയില്‍ അവിടെ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുകയും ചെയ്യും. കമല്‍നാഥിന്റെയും ദിഗ്വിജയ് സിങ്ങിന്റെയും അണികള്‍ പരസ്പരം തമ്മിലടിക്കുകയാണ്. ഐക്യമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഒരു കുടുംബത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതിന് സംസ്ഥാനത്ത് പുരോഗതി കൊണ്ടുവരാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: