ഭോപാല്‍: മധ്യപ്രദേശിലെ വിന്ധ്യാമേഖല ബിജെപിയുടെ ഉരുക്കു കോട്ടയാണ്. സംസ്ഥാനത്തെ ഒമ്പത് കിഴക്കന്‍ ജില്ലകളിലായി 30 നിയമസഭാ സീറ്റുകളില്‍ വ്യാപിച്ച് കിടക്കുന്നതാണ് വിന്ധ്യാമേഖല. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുപ്പതില്‍ 24 സീറ്റുകള്‍ നേടി ബിജെപി ഇവിടെ ആധിപത്യം സ്ഥാപിക്കുകയായിരുന്നു.
വെറും ആറ് സീറ്റുകള്‍ മാത്രമെ കോണ്‍ഗ്രസിന് അന്ന് നേടുവാനായുള്ളു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് വിന്ധ്യാ മേഖല. 2018 ലെ പ്രകടനം ആവര്‍ത്തിക്കുമെന്നും മേഖലയില്‍ 24 മുതല്‍ 25 വരെ സീറ്റുകള്‍ നേടുമെന്നുമാണ് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
മധ്യപ്രദേശിലെ മറ്റ് പ്രദേശങ്ങളെപ്പോലെ വിന്ധ്യയിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗുര്‍മീത് സിങ് മംഗു പറയുന്നത്. അതേസമയം ബിജെപി വിരുദ്ധ വോട്ടുകള്‍ ഇത്തവണ ഭിന്നിക്കപ്പെടുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യമാണ് അതിന് കാരണം. മധ്യപ്രദേശില്‍ 70 സീറ്റുകളില്‍ ആണ് ആം ആദ്മി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.ഇതില്‍ 17 എണ്ണം വിന്ധ്യയിലാണ്.
പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷയും സിങ്ഗ്രൗലി മേയറുമായ റാണി അഗര്‍വാള്‍ സിങ് ആണ് ഗ്രൗളി നിയമസഭാ സീറ്റില്‍ മത്സരിക്കുന്നത്. ഒട്ടേറെ ജനക്ഷേമ പദ്ധതികളിലൂടെ ഈ മേഖലയിലെ ഒബിസി, ആദിവാസി, പട്ടികജാതി വോട്ടര്‍മാരില്‍ ബിജെപിക്ക് ശക്തമായ സ്വാധീനമാണുള്ളത്. ബിജെപിയുടെ ഈ ശക്തമായ അടിത്തറയാണ് കോണ്‍ഗ്രസിനെയും മറ്റ് പാര്‍ട്ടികളെയും ഭയപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: