വാഷിങ്ടണ്‍: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഉടന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന യുഎന്‍ പ്രമേയത്തില്‍നിന്ന് ഭാരതം വിട്ടുനിന്നു. ഇസ്രായേലില്‍ കടന്നുള്ള ഹമാസ് ആക്രമണത്തെക്കുറിച്ചും ബന്ദികളാക്കപ്പെട്ടവരെക്കുറിച്ചും പ്രമേയത്തില്‍ സൂചന പോലുമില്ലെന്നും അതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നുമാണ് ഭാരതമുള്പ്പെടെയുള്ളവരുടെ വിശദീകരണം. പ്രമേയത്തില്‍ ഹമാസിന്റെ ചെയ്തികളെ ഒഴിവാക്കിയതിനെ അമേരിക്ക അപലപിച്ചു.
ബന്ദികളെയും ഹമാസിന്റെ ആക്രമണത്തെയും ഉള്‍പ്പെടുത്തി പ്രമേയം ഭേദഗതി ചെയ്യണമെന്ന് കാനഡ ആവശ്യപ്പെട്ടു. അമേരിക്ക ഇതിനെ പിന്തുണച്ചു. ഭാരതമുള്‍പ്പെടെ 87 രാജ്യങ്ങള്‍ ഇതിനെ പിന്താങ്ങി വോട്ട് ചെയ്തു. 55 രാജ്യങ്ങള്‍ എതിര്‍ത്തു. 23 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ലാത്തതിനാല്‍ കരടുഭേദഗതി തള്ളിപ്പോയി. ബംഗ്ലാദേശ്, പാകിസ്ഥാന്, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ 40 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ജോര്‍ദാനാണ് കരടുപ്രമേയം സമര്‍പ്പിച്ചത്.
120 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു. 14 അംഗങ്ങളാണ് എതിര്‍ത്തത്. ഭാരതമുള്‍പ്പെടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. ഓസ്ട്രേലിയ, കാനഡ, ജര്‍മനി, ജപ്പാന്, ഉക്രൈന്, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയുടെ 10-ാമത് പ്രത്യേക അടിയന്തര സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഗാസയ്ക്ക് ആവശ്യമായ മാനുഷിക സഹായമെത്തിക്കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഗാസയിലേക്കുള്ള പ്രവേശനം നിഷേധിക്കരുതെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: