കോട്ടയം സിഎംഎസ് കോളജിലെ ചരിത്രാധ്യാപകനായിരുന്ന ഡോ. സി.ഐ. ഐസക് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ചരിത്രവിഭാഗം പാഠപുസ്തക സമിതിയുടെ തലവനാണ്. ഭാരതീയ സംസ്കാരത്തിനും ഹൈന്ദവ ജീവിതരീതിക്കും വേണ്ടത്ര പ്രാധാന്യം നല്‍കാത്ത ചരിത്രരചനയാണ് ബ്രിട്ടീഷ് ഭരണകാലത്ത് നടത്തിവന്നത്. അതിലെ ദുഷ്ടലാക്കിനെ ശരിക്കും തുറന്നുകാട്ടിയ ചരിത്രകാരനും അധ്യാപകനുമാണ് ഐസക്സാര്‍. അക്കാര്യത്തില്‍ അദ്ദേഹം ഒറ്റയ്ക്കല്ല. ഹൈന്ദവ സംസ്കാരവും ചരിത്രവും ലോകവ്യാപകമായി വ്യാപിച്ച് പൂചൂടി നിന്നതിന്റെ വിശദമായ വിവരണങ്ങള്‍ ഗവേഷണത്തിലൂടെ ലോകസമക്ഷം പ്രതിപാദിച്ച കോട്ടയം ക്രിസ്ത്യാനികള്‍ വേറെയുമുണ്ടായിരുന്നു. പി. തോമസ് എന്ന ലോകസഞ്ചാരിയുടെ തെക്കു കിഴക്കന്‍ ശാന്തസമുദ്ര മേഖലയിലെ യാത്രാവിവരണങ്ങളുടെ സമാഹാരങ്ങള്‍ ഒരു നൂറുവര്‍ഷങ്ങളായി ലഭ്യങ്ങളാണ്. സംഘത്തിന്റെ ആദ്യപ്രചാരകനായ ഉമാകാന്ത കേശവ ആപ്ടേ അവയുടെ ചുവടുപിടിച്ച് ചെയ്ത ബൗദ്ധിക്കുകള്‍ ഹൈന്ദവ ജനതയുടെ സുവര്‍ണ കാലഘട്ടത്തെ വരച്ചുകാട്ടുന്നവയായിരുന്നു. പി. തോമസിന്റെ പുസ്തകം വായിക്കാന്‍ എനിക്കും അവസരമുണ്ടായിട്ടുണ്ട്. ഇന്തോനേഷ്യ എന്നു വിളിക്കപ്പെടുന്ന രാജ്യം മാത്രമല്ല, കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളും അതിന്റെ ഭഗ്നാവശിഷ്ടങ്ങള്‍ നിറഞ്ഞവയാണ്. ഹിന്ദു നാഗരികതയില്‍ അഭിമാനം തോന്നിയ ദിവസങ്ങളായിരുന്നു അവിടം സന്ദര്‍ശിച്ചപ്പോഴെന്നു പറഞ്ഞ ധാരാളം സംഘവിരോധികളെയും അറിയാം.
കോട്ടയംകാരന് റാവുസാഹിബ് ഒ.എം. ചെറിയാന് എഴുതിയ ‘ഹൈന്ദവധര്‍മസുധാകരം’ 8000 ലധികം പുറങ്ങളുള്ള ഹിന്ദുധര്‍മ സംബന്ധമായ മഹാഗ്രന്ഥമാണ്. ഒ.എം. ചെറിയാന് തികഞ്ഞ ക്രിസ്തുമതവിശ്വാസിയായിരുന്നു. ഹിന്ദുവെപ്പോലെ ജീവിച്ചയാളും. തിരുവിതാംകൂര്‍ രാജാവ് അദ്ദേഹത്തെ റാവുസാഹിബ് ബഹുമതി നല്കി ആദരിച്ചു. ഇവരുടെയൊക്കെ കാലത്ത് കേരളത്തില്‍ ആര്‍എസ്എസ് അറിയപ്പെട്ടിരുന്നേയില്ല. ഏതാണ്ട് അതേകാലത്ത് ആന്റണി എലഞ്ഞിമറ്റം എന്ന പാലാക്കാരന് ഇംഗ്ലീഷില്‍ ആര്‍എസ്എസ് എന്ന പുസ്തകം എഴുതിയിരുന്നു. അതിന്റെ മലയാളവും പുറത്തുവന്നു. സംഘത്തെപ്പറ്റി കേരളത്തില്‍ പ്രസിദ്ധീകൃതമായ ആദ്യപുസ്തകം അതാകണം. ദൂഷിതവും ദുരുപദിഷ്ടവുമല്ലാത്ത മനസ്സോടെ സംഘത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചതിന്റെ ഫലമായിട്ടാവണം പ്രൊഫ. സി.ഐ. ഐസക്കും, ബസേലിയസ് കോളജിലെ ചരിത്രവിഭാഗത്തിലെ ഒ.എം. മാത്യുവും സംഘത്താല്‍ ആകൃഷ്ടരായത്. തങ്ങളുടെ വിദ്യാര്‍ഥി സ്വയംസേവകരും ഒരുപക്ഷേ അതിനു കാരണക്കാരായിരിക്കാം. ഇരുവരും തങ്ങളുടെ മനോഭാവം ഒരിക്കലും മറച്ചുവച്ചില്ല. മാത്യുസാര്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ വിവേകാനന്ദ പീഠാധിപനായിരുന്നു. വിവേകാനന്ദ ചെയര്‍ എന്നും പറയും.
ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാരതവല്‍ക്കരണം മുമ്പ് ഡോ. മുരളീമനോഹര്‍ ജോഷി വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ചതാണ്. അതുമായി സഹകരിക്കുന്ന അധ്യാപകരെ അയിത്തം കല്പ്പിച്ചു മാറ്റിനിര്‍ത്തുന്ന രോഗം ഭാരതവ്യാപകമായി നിലനില്‍ക്കുന്നുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതല്‍ അതു കൂടുതലാണ്. ചരിത്രത്തിന്റെ ഭാരതവല്‍ക്കരണം നടപ്പാക്കുന്നതിനോടുള്ള അസഹ്യതയാണ് കലിതുള്ളിവരുന്നത്. പുതിയതായി ഇന്ത്യാ എന്ന ചുരുക്കപ്പേരുള്ള കൂട്ടായ്മയും മോദി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ കലിതുള്ളിനടക്കുന്നുണ്ടല്ലോ. വിദ്യാഭ്യാസ കരിക്കുലം സമിതിയുടെ തീരുമാനങ്ങള്‍ വിശദീകരിക്കവേ രാജ്യത്തെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ ഇന്ത്യ എന്ന സ്ഥാനത്ത് ഭാരതമെന്നുപയോഗിക്കണമെന്ന് പത്രസമ്മേളനത്തില്‍ ഐസക് സാര്‍ പറഞ്ഞതിനെ ഏറ്റുപിടിച്ച് കേരളത്തിലെ പത്രങ്ങളും രാഷ്ട്രീയ, സാംസ്കാരിക നായകരും അങ്കത്തിനിറങ്ങിയിരിക്കുന്നു. ഭാരതമെന്ന പേര് കേട്ടപ്പോള്‍ മാതൃഭൂമി പത്രത്തിന്റെ പത്രാധിപന്മാരുടെയും അന്തരംഗം അഭിമാനപൂരിതമാകുകയല്ല, രോഷാഗ്നി ജ്വലിക്കുകയാണ് ചെയ്യുന്നത്. അവര്‍ ഇന്ത്യയെന്നേ പ്രയോഗിക്കൂ എന്ന് ശഠിക്കുകയും എല്ലാവരും അങ്ങനെ ചെയ്യണമെന്ന് ആഹ്വാനിക്കുകയുമാണ്.
കേരള പ്രസ് അക്കാദമി എന്ന സ്ഥാപനത്തിന്റെ ആരംഭകാലത്തെ ഒരു സംഭവം ഓര്‍മവരികയാണ്. അതിന്റെ കാര്യദര്‍ശി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി.ആര്. രാമന്‍നമ്പൂതിരിപ്പാടായിരുന്നു. മലയാളത്തിലെ ലിപി പരിഷ്കരണം നടപ്പാക്കുകയും ഒരുദ്ദേശമായിരുന്നു. മാതൃഭൂമിയാണതിനു മുന്‍കൈയെടുത്ത മറ്റൊരു പത്രം. ഏതാനും പത്രഭാഷാ സെമിനാറുകള്‍ നടത്തി. ലിപി പരിഷ്കരണം പത്രങ്ങള്‍ക്കാണല്ലോ ഏറെ പ്രധാനം. പുതിയ ലിപിയുംചിഹ്നങ്ങളും ഉപയോഗിച്ചാണ് ജന്മഭൂമി തുടക്കത്തിലേ അച്ചടിച്ചിരുന്നത്. ജന്മഭൂമിയുടെ താളുകള്‍ സെമിനാറില്‍ കാണിച്ച് പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്‍.വി. കൃഷ്ണവാര്യര്‍ എല്ലാ കാര്യങ്ങളുടെയും വിദഗ്ധമായ മേല്‍നോട്ടം വഹിച്ചു.
ഓരോ ദിവസവും ഒരു പ്രമുഖ വ്യക്തിയുടെ പ്രഭാഷണമുണ്ടായിരുന്നു. ആദ്യ പ്രഭാഷണം ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റേതായിരുന്നു. തനത് ശൈലിയില്‍ കാര്യമാത്ര പ്രസക്തം. സ്ഥലങ്ങളുടെയും വ്യക്തികളുടെയും പേരുകള്‍ എങ്ങനെ എഴുതും. അതുവരെ ചീനയിലെ സ്ഥലങ്ങളുടെ പേരുകള്‍ ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ചതുപോലെയായിരുന്നു, ആളുകളുടെയും. മോവോത്സേതുങ് എന്നു നാം പറയുന്നതുപോലെയല്ല ‘മോത്സോഡുംങ്’ എന്നതാണ് ശരി. എങ്ങനെ നല്ല കമ്യൂണിസ്റ്റാവാം എന്ന പുസ്തകമെഴുതിയ ആളെ ച്യൂട്ടെ എന്നല്ല ‘ഷുദ്’ എന്നു വേണം, ച്യാങ്ങ് കൈഷക് ച്യാങ് കാഷേ എന്നു വേണം. ചീനയുടെ തലസ്ഥാനം പീക്കിംഗ് ആയിരുന്നു. ഇനി അത് ബീജിങ് ആയിരിക്കും. ഇങ്ങനെ കുറെ ഉദാഹരണങ്ങള്‍ പറഞ്ഞു. കേരളത്തിലെ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാന്‍ എടുത്ത തീരുമാനത്തേയും ഇഎംഎസ് അഭിനന്ദിച്ചു. അര്‍ഥമില്ലാത്ത പേരുകള്‍ക്കര്‍ഥമുണ്ടായി. ട്രിവാന്‍ഡ്രം തിരുവനന്തപുരമായി, കൊയിലോണ്‍ കൊല്ലമായി, ആലപ്പീ ആലപ്പുഴയായി അങ്ങനെ കുറെ ഉദാഹരണങ്ങള്‍. എന്നാല്‍ ട്രിച്ചൂറിനെ തൃശ്ശിവപേരൂരാക്കിയില്ല. കാണന്നൂരിനെ അതിന്റെ ശരി പോരായ കണ്ണന്നൂരല്ല, കണ്ണൂരും, കണ്ണന്റെ ഊരും, ത്രിശ്ശിവന്റെ പേരുള്ള ഊരും ആക്കാത്ത അതേ മനോഭാവംതന്നെയാണ് ഭാരതത്തിനെതിരെ ചിലര്‍ക്കു പതഞ്ഞുപൊങ്ങുന്നത്. സായിപ്പുതന്ന ഇന്ത്യ മതി, ഭാരതത്തിന് ഒരായിരം കൊല്ലമായി നിലവിലുള്ള മറ്റൊരു പേരാണ് ഹിന്ദുസ്ഥാന്‍. ഇന്നും ഉത്തരഭാരതത്തിലെങ്ങും ആ പേരാണ് പ്രയോഗത്തില്‍.
”പണ്ടുത്തരഹിന്ദുസ്ഥാനത്തില്‍ വന്‍പുകള്‍കൊണ്ടെഴും ശ്രാവസ്തിക്കടുത്തൊരൂരില്‍” എന്നാണ് കുമാരനാശാന്റെ ശ്രീബുദ്ധചരിതമെന്ന ഭാഷാ മാഹാകാവ്യം തുടങ്ങുന്നതുതന്നെ. ആ പേരുപയോഗിച്ചാല്‍ ഹിന്ദുരാജ്യമാണിന്ത്യ എന്ന പരസ്യ പ്രസ്താവ്യമാവും. അതു വേണ്ട. ഇന്ത്യ മതി, നല്ല ന്യായം! മാതൃഭൂമിയെന്ന പേര് അവര്‍ ഉപേക്ഷിക്കില്ലല്ലോ, സമാധാനം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: