വാഷിങ്ടണ്‍: യുഎസിലെ മെയ്‌നില്‍ 18 പേരുടെ മരണത്തിനിടയാക്കിയ കൂട്ടവെടിവയ്പ്
കേസിലെ പ്രതിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പ്രതി റോബര്‍ട്ട് കാര്‍ഡിനായി (40) രണ്ട് ദിവസമായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ലിസ്ബണ്‍ പട്ടണത്തിന് സമീപം ആന്‍ഡ്രസ്‌കോഗിന്‍ നദീതീരത്ത് പ്രതിയുടേതെന്ന് കരുതുന്ന കാര്‍ ഇന്നലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നദിയില്‍ മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ തെരച്ചില്‍ നടത്തി. പ്രതിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്ന് ഒരു കുറിപ്പും ലഭിച്ചെന്ന് പോലീസ് അറിയിച്ചെങ്കിലും എന്താണെന്ന് വെളിപ്പെടുത്തിയില്ല.
പ്രാദേശിക സമയം ബുധനാഴ്ച രാത്രി ലൂവിസ്റ്റനിലെ കായിക കേന്ദ്രത്തിലാണ് ആദ്യം വെടിവയ്പുണ്ടായത്. ഇതിനു പിന്നാലെ ഒരു ബാറിലും വാള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തിലും വെടിവയ്പു നടന്നു. റോബര്‍ട്ട് ഈ വര്‍ഷം ആദ്യം ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്ക് വിധേയമാക്കിയിരുന്നു. മെയ്നിലെ സൈനിക കേന്ദ്രത്തില്‍ വെടിവയ്പ് നടത്തുമെന്ന് ഇയാള്‍ മുമ്പ് ഭീഷണി മുഴക്കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: