ടെല്‍അവീവ്: ഇസ്രായേല്‍-ഹമാസ് പോരാട്ടത്തില്‍ ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും ശക്തമായ ആക്രമണങ്ങള്‍ക്കാണ് കഴിഞ്ഞ രാത്രി ഗാസ സാക്ഷ്യം വഹിച്ചത്.
ഇസ്രായേല്‍ സൈന്യം കര-വ്യോമ മാര്‍ഗങ്ങളില്‍ അര്‍ധരാത്രിയില്‍ ഇടതടവില്ലാതെ നടത്തിയ ആക്രമണത്തില്‍ ഗാസ നടുങ്ങിയിരിക്കുകയാണ്. അതിരൂക്ഷമായ ബോംബാക്രമണമാണ് ഇസ്രായേലിന്റെ ഭാഗത്തു നിന്നുണ്ടായത്. പിന്നാലെ പ്രദേശത്തെ ഇന്റര്‍നെറ്റ്, ഫോണ്‍ സംവിധാനങ്ങള്‍ നിലച്ചു. ആശയവിനിമയ സംവിധാനങ്ങള്‍ നിലച്ചതോടെ വടക്കന്‍ ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം കിഴക്കന്‍ ഗാസയിലേക്കു കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഗാസയില്‍ ഇസ്രയേലിനെ നേരിടാന്‍ എല്ലാ ശക്തിയും പ്രയോഗിക്കുമെന്ന് ഹമാസ് പ്രതികരിച്ചു. സന്നദ്ധ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആശങ്കയിലാണ്.
ഇതിന് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബാക്രമണമായിരുന്നു അര്‍ധരാത്രിയില്‍ ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ആരുമായും ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും എവിടേക്കെന്നില്ലാതെ പരസ്പരം കാണാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള അന്തരീക്ഷത്തെ മറികടന്ന് വാഹനം ഓടിച്ചു പോകേണ്ട അവസ്ഥയായിരുന്നുവെന്നും ഗാസയിലുള്ള ആംബുലന്‍സ് ഡ്രൈവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ടാങ്കുകളും ബുള്‍ഡോസറും കവചിത വാഹനങ്ങളുമുള്‍പ്പെടെ എല്ലാ സൈനിക സംവിധാനങ്ങളോടും കൂടിയാണ് ഇസ്രായേല്‍ സൈന്യം ഗാസയിലേക്ക് കടന്നത്. ഹമാസ് താവളങ്ങള്‍ തകര്‍ക്കുക, ഭീകരരെ വധിക്കുക, ആയുധങ്ങള്‍ പിടിച്ചെടുക്കുക എന്നിവയാണ് റെയ്ഡിലൂടെ ലക്ഷ്യമിടുന്നതെന്നും യുദ്ധത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന്റെ മുന്നൊരുക്കമാണിതെന്നും ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി അറിയിച്ചു. കൂടാതെ ആശുപത്രികള്‍ മറയാക്കി, ആശുപത്രി കെട്ടിടങ്ങള്‍ക്കടിയില്‍ ഒളിത്താവളമുണ്ടാക്കിയാണ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇസ്രായേല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: