തിന്മകളെയും അജ്ഞാനമാകുന്ന അന്ധകാരത്തെയും നശിപ്പിക്കുന്ന പരമാത്മശക്തിക്കു ‘ഭര്‍ഗം’ എന്നു പറയുന്നു. വരേണ്യത്തെപ്പോലെ തന്നെ ഈ ശക്തിയും നമുക്കാവശ്യമാണ്. ശ്രഷ്ഠതയാണ് നാം കാണേണ്ടത്. എന്നാല്‍ അതേ സമയം തിന്മകളെ കണ്ടില്ലെന്നു വയ്‌ക്കാനും പാടില്ല; കാരണം നന്മകളെ അപേക്ഷിച്ചു തിന്മകള്‍ക്കു പകിട്ടും ആകര്‍ഷകത്വവും വശീകരണശക്തിയും കൂടുതലാണ്. അതിനാല്‍ അവ കൂടുതല്‍ വേഗത്തിലും ഊക്കോടും ബലം പ്രയോഗിച്ചും ആക്രമണം നടത്തുന്നു. ഇതുമൂലം പ്രലോഭനങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നിര്‍ബലവ്യക്തികള്‍ അതിലേക്കു വഴുതിപ്പോകുകയും അതിന്റെ കുരുക്കില്‍ പെടുകയും ചെയ്യുന്നതായിട്ടാണ് കണ്ടുവരുന്നത്.
സത്, അസത് എന്നീ രണ്ട് തത്വങ്ങളാണ് പ്രധാനമായിട്ടുള്ളത്. ഒരു വശത്തു ദൈവീകശക്തികളും മറുവശത്ത് അസുര ശക്തികളുമാണ് ഈ ലോകത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഈ ദേവാസുരയുദ്ധം സദാ നടന്നുകൊണ്ടിരിക്കുന്നു. ഇതില്‍ ദേവപക്ഷത്തെ പിന്താങ്ങുന്നതിനായി അതിന്റെ സംരക്ഷണത്തിനായി അസുരപക്ഷത്തെ എതിര്‍ക്കുകയും, അതിനെ നശിപ്പിക്കുകയും, അതില്‍ നിന്നുരക്ഷപ്പെടുകയും സൂക്ഷ്മതയോടെ കഴിയുകയും ചെയ്യണം. കൃഷികളെ പക്ഷിമൃഗാദികളില്‍ നിന്നും രക്ഷിച്ചില്ലെങ്കില്‍ അവ അതെല്ലാം തിന്നൊടുക്കും. അസുരശക്തികളെ സൂക്ഷിച്ചില്ലെങ്കില്‍, അവയെ എതിര്‍ത്തില്ലെങ്കില്‍, അവ തങ്ങളുടെ ജോലി നിര്‍ബ്ബാധം നിറവേറ്റുകയും പതുക്കെപ്പതുക്കെ ദേവശക്തിളെ അമര്‍ത്തുകയും ചെയ്യും. തിന്മയെ ചെറുതെന്നു കരുതി ഉപേക്ഷ വിചാരിച്ചാല്‍ അതു പതിയെ ക്ഷയരോഗം പോലെ വളര്‍ന്നു ഒരു ദിവസം തന്റെ
പൂര്‍ണ്ണാധിത്യം സ്ഥാപിക്കുന്നതാണ്.
അതിനാല്‍ അസത്തിനെയും അസുര പ്രവണതകളെയും നിത്യവും നിരീക്ഷിക്കുകയും അവയെ അടിച്ചമര്‍ത്തുകയും ചെയ്യേണ്ടതാവശ്യമാണ്. ശരീരത്തിന്മേല്‍ നിത്യവും അഴുക്കും പൊടിയും പുരളുന്നു. നിത്യവും അവയെ കഴുകി കളയേണ്ടതാവശ്യമാണ്. അല്ലാത്തപക്ഷം അവ ശരീരത്തെ മലിനവും ദുര്‍ഗന്ധപൂരിതവുമാക്കി ശരീരത്തിന്റെ ശുദ്ധിയെയും, ആരോഗ്യത്തെയും മനോഹാരിതയെയും നശിപ്പിക്കുന്നു.
മറ്റുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതുപോലെ തന്നെ നമ്മുടെ ദുരിതങ്ങളെ നശിപ്പിക്കേണ്ടതും ആവശ്യമാണ്. നമ്മുടെ നാലുപാടുമുള്ള ദുഷ്പ്രവണതകളുമായി മല്ലടിക്കുക. ഗീതയില്‍ ഭഗവാന്‍ അര്‍ജ്ജുനനോടു സദാ യുദ്ധനിരതനായിരിക്കാന്‍ ഉപദേശിച്ചിരിക്കുന്നു. ഈ യുദ്ധം നീചപ്രവണതകള്‍ക്കെതിരേ സദാ തുടര്‍ന്നു കൊണ്ടിരിക്കണം. തിന്മകളെ തടയുന്നതു നന്മകള്‍ ചെയ്യുന്നതിനു തുല്യമാണ്. ഈ ആര്യസിദ്ധാന്തം പുണ്യ സമ്പാദനത്തെപ്പോലെ പാപങ്ങളെ നശിപ്പിക്കാന്‍ വേണ്ടി നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
ഗായത്രിയിലെ തേജസ്സാര്‍ന്നതും ശ്രേഷ്ഠവുമായ ആ ഈശ്വരന്റെ അംശം നമ്മില്‍ ധരിക്കുന്നതോടെ നാം ഭര്‍ഗത്തെ ധാരണം ചെയ്തു പാപങ്ങളെയും, തിന്മകളെയും, ദൗര്‍ബ്ബല്യങ്ങളെയും, ദുഷ്പ്രവണതകളെയും പ്രതി ജാഗ്രതയോടെ കഴിയണമെന്ന നിര്‍ദ്ദേശവും അടങ്ങിയിട്ടുണ്ട്. ഇവയെ നഷ്ടപ്പെടുത്താന്‍ സദാ ധര്‍മ്മയുദ്ധ പരായണരായി കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: