ചെന്നൈ: വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെ സാധാരണക്കാരെ ഉന്നമിട്ട് റെയിൽവേ അവതരിപ്പിച്ച വന്ദേ സാധാരണ് പുഷ് പുള്‍ എക്സ്പ്രസ് കേരളത്തിന്. എറണാകുളം- ഗുവാഹാട്ടി റൂട്ടില്‍ സര്‍വീസ് നടത്തുമെന്നാണ് വിവരം. തീവണ്ടിയുടെ ആദ്യ റേക്ക് ഉടന്‍ കേരളത്തിലേക്ക് എത്തും. ചെലവുകുറഞ്ഞ യാത്രയാണ് വന്ദേസാധാരണിന്റെ പ്രത്യേകത.
പരിശീലന ഓട്ടം ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പൂര്‍ത്തിയായി. ആദ്യ ബാച്ചില്‍ അഞ്ച് സര്‍വീസുകളാണ് അനുവദിക്കുക. ഇതിലൊന്നാണ് കേരളത്തിനും ലഭിക്കുക. എറണാകുളം – ഗുവാഹാട്ടി റൂട്ടിന് പുറമേ പട്ന- ന്യൂദല്‍ഹി, ഹൗറ- ന്യൂദല്‍ഹി, ഹൈദരാബാദ്- ന്യൂദല്‍ഹി, മുംബൈ- ന്യൂദല്‍ഹി റൂട്ടിലും വന്ദേ സാധാരണ് പുഷ്പുള്‍ എക്സ്പ്രസ് അനുവദിച്ചേക്കും.
രാജ്യത്തെ ഏറ്റവും തിരക്കേറിയ സെക്ടറുകളിലാണ് നോണ്‍ എ.സി വന്ദേ സാധാരണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക. 130 കിലോമീറ്ററാണ് ട്രെയിനിന്റെ ശരാശരി വേഗത. 22 കോച്ചുകളിലായി 1,834 പേര്‍ക്ക് ഒരുസമയം യാത്രചെയ്യാന്‍ കഴിയും. സാധാരണക്കാര്‍ കാര്യമായി ഉപയോഗിക്കാത്ത വന്ദേ ഭാരതിനായി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നത് കാരണം സ്ഥിരം യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാ പ്രതിസന്ധിക്ക് വന്ദേ സാധാരണിന്റെ വരവ് പരിഹാരമാകും.
അടുത്ത വര്‍ഷത്തോടെ 23 റൂട്ടുകളില്‍ക്കൂടി വന്ദേ സാധാരണ് പുറത്തിറക്കാനാണ് നീക്കം. 600 എന്‍ജിനുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്ക്സിന് നല്‍കിയിട്ടുണ്ട്. ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിക്കുന്ന വന്ദേ മെട്രോ സര്‍വീസുകളും റെയില്‍വേ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. ഇതിനായി കേരളത്തില്‍ നിന്ന് പത്ത് റൂട്ടുകള്‍ പരിഗണയിലെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ നിന്ന് അഞ്ച് വീതം റൂട്ടുകളാണ് പരിഗണിക്കുന്നതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: