കൊല്ലം: പഴകിയ വാഹനങ്ങള്‍ ഉപയോഗിച്ച് ഓടി തളരുകയാണ് ജില്ലയിലെ പോലീസ് സംവിധാനം. പല പോലീസ് സ്റ്റേഷനുകളിലും പുതിയ വാഹനങ്ങള്‍ക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പോലീസ് വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ക്ക് സമയാസമയം തുക അനുവദിക്കില്ല. അതിനാല്‍ പോലീസ് വാഹനങ്ങള്‍ക്ക് സുരക്ഷിതത്വമില്ല. നിയമപരിപാലനം നിര്‍വഹിക്കുന്ന പോലീസിന് സ്വന്തം വാഹനങ്ങളുടെ ഫിറ്റ്നസ് ഉള്‍പ്പെടെയുള കാര്യങ്ങളില്‍ നിയമലംഘകരാകേണ്ടി വരുന്നു. നിലവില്‍ ജില്ലയിലെ പല പോലീസ് വാഹനങ്ങളും ഫിറ്റ്നസ് ഇല്ലാതെയാണ് ഓടുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. സ്വകാര്യ വാഹനങ്ങളെ പരിശോധിച്ച് പിഴ ഈടാക്കുന്ന പോലീസിന്റെ വാഹനങ്ങള്‍ മിക്കതും നിയമം തെറ്റിച്ചാണ് റോഡിലിറങ്ങുന്നത്. ഹൈവേ പോലീസിന്റെ വാഹനങ്ങള്‍ പലതും ഇപ്പോള്‍ കട്ടപ്പുറത്താണ്.
വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പോലീസിന് അത് ബാധകമല്ലെന്ന സ്ഥിതിയാണുള്ളത്. ജില്ലയിലെ സ്റ്റേഷനുകളിലെ വാഹനങ്ങളില്‍ ഭൂരിപക്ഷവും മൂന്നര ലക്ഷം കിലോമീറ്ററിന് മുകളില്‍ ഓടിയവയാണ്. കാലവധി കഴിഞ്ഞിട്ടും നിരത്തിലിറക്കേണ്ടിവരുന്ന ഇത്തരം വാഹനങ്ങള്‍ പൊതുജനങ്ങളുടെ ജീവന്തന്നെ ഭീഷണിയാവുകയാണ്.
മൊട്ടയായ ടയറുകള്‍…
തുരുമ്പെടുത്ത ബോഡി ഭൂരിപക്ഷം പോലീസ് വാഹനങ്ങളുടെയും ടയറുകള്‍ക്ക് കാര്യമായ തേയ്മാനം സംഭവിച്ച് ഉപയോഗ ശൂന്യമാണ്. പല വാഹനങ്ങള്‍ക്കും സ്റ്റെപ്പിനി ടയറുകള്‍ ഇല്ല. പോലീസ് വാഹനങ്ങളുടെ ബോഡി കാലപ്പഴക്കം കാരണം ഭാഗികമായി തുരുമ്പെടുത്ത നിലയിലാണ്. പോലീസ് വാഹനങ്ങള്‍ക്ക് ആവശ്യമായ അറ്റകുറ്റപ്പണികളോ മറ്റ് പരിശോധനകളോ ജില്ലയില്‍ മിക്കയിടങ്ങളിലും നടക്കുന്നില്ല.
അടിയന്തര സാഹചര്യങ്ങളില്‍ ഓടേണ്ടി വന്നാല്‍ നിരത്തിലിറങ്ങുന്ന പോലീസ് വാഹനങ്ങളിലെ യാത്രയ്‌ക്ക് യാതൊരു സുരക്ഷിതത്വവുമില്ല. പല സ്റ്റേഷനുകളുടെയും വാഹനങ്ങള്‍ കട്ടപ്പുറത്താണുള്ളത്. പോലീസ് വഹനങ്ങളുടെ സ്പെയര്‍ പാട്സുകള്‍ ഉള്‍പ്പടെയുള്ള അറ്റകുറ്റപണികള്‍ സ്വകാര്യ വര്‍ക്ക്ഷോപ്പുകളില്‍ കൊടുത്താണ് ചെയ്യുന്നത്.
വലിയ തുക ലഭിക്കാനുള്ളതിനാല്‍ പോലീസ് വാഹനങ്ങളുട അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ തയ്യാറാകുന്നില്ല.
കടം പറഞ്ഞ് മടുത്തു…
വാഹനം അറ്റകുറ്റപ്പണി നടത്താന്‍ ആവശ്യത്തിന് തുക അനുവദിച്ചുകിട്ടാത്തതാണ് പോലീസിനെ വലയ്‌ക്കുന്നത്. വര്‍ക്ക് ഷോപ്പുകളില്‍ കടം പറഞ്ഞ് മടുത്തെന്ന് പോലീസുകാര്‍ തന്നെ പറയുന്നു. കൂടാതെ സ്പെയര്‍ പാര്‍ട്സ് കട, പെട്രോള്‍ പമ്പ്, ടയര്‍ കട തുടങ്ങി എന്നിവടങ്ങളിലെല്ലാം കുടിശികയാണ്. സ്പെയര്‍പാര്‍ട്സ് വാങ്ങിയ വകയില്‍ ലക്ഷങ്ങളുടെ കുടിശിക ഉള്ളതിനാല്‍ നിലവില്‍ സാധനങ്ങള്‍ നല്‍കാത്ത അവസ്ഥയാണ്. ടയറുകടകളിലും കുടിശിക തന്നെ. കാറ്റ് അടിക്കുന്നത് മുതല്‍ ചെറു അറ്റകുറ്റപണികള്‍ വരെ പോലീസ് ഡ്രൈവര്‍മാര്‍ പോക്കറ്റില്‍ നിന്ന് പണം നല്കിയാണ് ചെയ്യുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: