ന്യൂദല്‍ഹി: 6ജി സാങ്കേതിക വിദ്യയുടെ മേഖലയില്‍ ഇന്ത്യയെ മുന്‍നിരയിലെത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് 2023 ന്റെ ഏഴാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ ജനങ്ങളിലേക്കും 5ജി കണക്റ്റിവിറ്റി എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മോദി പറഞ്ഞു. രാജ്യത്ത് 5ജി സാങ്കേതികവിദ്യ ആരംഭിച്ചതിന് ശേഷം നാല് ലക്ഷം 5ജി അധിഷ്ഠിത സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സ്റ്റേഷനുകള്‍ 97 ശതമാനം നഗരങ്ങളെയും 80 ശതമാനത്തിലധികം ജനങ്ങളിലേക്കും എത്തുന്നുണ്ട്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് വേഗതയില്‍ 118-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 43-ാം സ്ഥാനത്തെത്തിയതായി മോദി പറഞ്ഞു.
വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാ വിഭാഗങ്ങളിലും പ്രദേശങ്ങളിലും എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും ജനാധിപത്യവല്‍ക്കരണത്തിന്റെ ശക്തിയിലാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസ്വര രാഷ്ട്രത്തില്‍ നിന്ന് വികസിത രാജ്യത്തിലേക്കുള്ള പരിവര്‍ത്തനം വേഗത്തിലാക്കുന്ന ഉത്തേജകമാണ് സാങ്കേതികവിദ്യ. ഇന്ത്യയുടെ അര്‍ദ്ധചാലക ദൗത്യം ആഭ്യന്തര ആവശ്യങ്ങള്‍ മാത്രമല്ല, ആഗോള ആവശ്യങ്ങളും നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുരോഗമിക്കുന്നത്.
അടുത്തിടെ ഗൂഗിള്‍ തങ്ങളുടെ പിക്സല്‍ ഫോണിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. ലോകം ഇപ്പോള്‍ മെയ്ഡ് ഇന്‍ ഇന്ത്യ മൊബൈല്‍ ഫോണുകളാണ് ഉപയോഗിക്കുന്നതെന്ന് മോദി അടിവരയിട്ടു പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി മോദി ടെലികോം മേഖലയെ മാറ്റിമറിച്ചെന്ന് ചടങ്ങില്‍ സംസാരിച്ച ഇലക്ട്രോണിക്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അഴിമതികളില്‍ നിന്നും വ്യവഹാരങ്ങളില്‍ നിന്നും മുക്തമായ ഒരു മേഖലയാണ് ഇന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: