തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ പൈതൃകം അനാവരണം ചെയ്യുന്നതിന് വ്യത്യസ്തങ്ങളായ മൈക്രോസൈറ്റുകളുമായി ടൂറിസം വകുപ്പ്. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളെ പരിചയപ്പെടുത്തുകയും പ്രത്യേകതകള്‍ വിവരിക്കുകയും ചെയ്യുന്ന മൈക്രോസൈറ്റുകളാണ് തയ്യാറാക്കുന്നത്.
കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ശബരിമലയെ കുറിച്ച് ബഹുഭാഷാ മൈക്രോസൈറ്റാണ് തയ്യാറാക്കുന്നത്. യാത്ര, താമസ സൗകര്യങ്ങള്‍, ബഹുഭാഷാ ഇ-ബ്രോഷറുകള്‍ തുടങ്ങി ശബരിമല തീര്‍ഥാടകര്‍ക്ക് സഹായകമാകുന്ന നവീകരിച്ച മൈക്രോസൈറ്റാണ് വികസിപ്പിക്കുന്നത്.
ഇംഗ്ലീഷിന് പുറമേ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ഉള്ളടക്കം വികസിപ്പിച്ചുകൊണ്ടാണ് ശബരിമല മൈക്രോസൈറ്റ് വിപുലീകരിക്കുന്നത്. ശബരിമല തീര്‍ഥാടനത്തെക്കുറിച്ചുള്ള ഇ-ബ്രോഷര്‍, പ്രൊമോഷണല്‍ ഫിലിം, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് കാമ്പയിനുകള്‍ എന്നിവയും ഈ പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നു. പ്രതിവര്‍ഷം ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന ശബരിമല തീര്‍ഥാടനം തടസ്സരഹിതവും സുഖപ്രദവുമായ അനുഭവമാക്കി മാറ്റാന്‍ ഇതുവഴി സാധിക്കും.
ശബരിമല ദര്‍ശനത്തിനു ശേഷം സന്ദര്‍ശിക്കേണ്ട മറ്റു ക്ഷേത്രങ്ങളെയും പുണ്യസ്ഥലങ്ങളെയും കുറിച്ചുള്ള യാത്രാമാര്‍ഗങ്ങളും കേരള ടൂറിസം വെബ്സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും ലഭിക്കും. ഇതുവഴി സംസ്ഥാനത്തെ സമ്പന്നമായ പൈതൃകം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനുള്ള പ്രോത്സാഹനം കൂടിയാണ് ടൂറിസം വകുപ്പ് നടത്തുന്നത്. ഓരോ ആരാധനാലയത്തിലേക്കുമുള്ള റൂട്ടുകള്‍, ഗതാഗത സൗകര്യം, ആരാധനാലയങ്ങള്‍ക്കു സമീപമുള്ള താമസസൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ഭക്തര്‍ക്ക് സമഗ്രവും ആകര്‍ഷകവുമായ തീര്‍ഥാടനം ഉറപ്പാക്കും.
ശബരിമല ദര്‍ശനത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍, ഭൂമിശാസ്ത്രപരമായ വിശദാംശങ്ങള്‍, സാംസ്കാരിക സ്ഥിതിവിവരക്കണക്കുകള്‍, ക്ഷേത്രവുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകള്‍ എന്നിവ മൈക്രോസൈറ്റില്‍ ഉള്‍ക്കൊള്ളുന്നു. സമഗ്രമായ ഉള്ളടക്കത്തിനൊപ്പം തീര്‍ഥാടകര്‍ക്ക് യാത്രാപദ്ധതി കൃത്യമായി ആസൂത്രണം ചെയ്യാനും മൈക്രോസൈറ്റ് സഹായിക്കും. ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിന്റെ അംഗീകാരത്തിന് ശേഷം ഒക്ടോബര്‍ 16 നാണ് പദ്ധതിക്കായി 61.36 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് ടൂറിസം വകുപ്പ് പുറപ്പെടുവിച്ചത്.
ശബരിമല മൈക്രോസൈറ്റിനു പുറമേ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഓഗ്മെന്‍റഡ് റിയാലിറ്റി ഹെറിറ്റേജ് ടൂറിന് 60 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു.
ഇസ്‌ലാം മതത്തിലെ സവിശേഷമായ ആചാരങ്ങള്‍, കലകള്‍, ഉത്സവങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സമഗ്ര വിവരങ്ങള്‍ അടങ്ങുന്ന മൈക്രോസൈറ്റും രൂപകല്‍പ്പന ചെയ്യുന്നുണ്ട്. കേരളത്തിലെ ഇസ്‌ലാം മതത്തിന്റെ സാമൂഹിക-സാംസ്കാരിക പരിണാമം പ്രദര്‍ശിപ്പിക്കുന്ന ഈ ഡിജിറ്റല്‍ നിര്‍മ്മാണത്തിനായി 93.81 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. വര്‍ക്കിംഗ് ഗ്രൂപ്പ് അംഗീകാരത്തിനു ശേഷം ഒക്ടോബര്‍ 16 നാണ് പദ്ധതിക്ക് അനുമതി നല്‍കിയത്.
നേരത്തെ കേരളത്തിലെ ക്ഷേത്രങ്ങള്‍, ക്രിസ്തുമതം, ജൂതമതം എന്നിവയെക്കുറിച്ച് സമാനമായ മൈക്രോസൈറ്റുകള്‍ കേരള ടൂറിസം വികസിപ്പിച്ചിരുന്നു. ഈ പദ്ധതികളിലൂടെ തീര്‍ഥാടന ടൂറിസത്തിന്റെ സമഗ്ര പുരോഗതിയാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: