ഐസ്വാള്‍: ബിജെപിയുടെ കൊടി മിസോറാമിന്റെ അധികാരകേന്ദ്രത്തില്‍ ഉറപ്പിക്കുക എന്നാല്‍ രാജ്യത്തിന്റെ അതിര്‍ത്തി കൂടുതല്‍ സുരക്ഷിതമാക്കുക എന്നതാണെന്ന് നന്നായി അറിയാം വന്‍ലാല്‍മുകയ്ക്ക്.
ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായി മൂന്ന് കൊല്ലം മുമ്പ് ചുമതലയേല്‍ക്കുമ്പോള്‍ത്തന്നെ വന്‍ലാല്‍ മുക നയം വ്യക്തമാക്കിയതാണ്. ‘മിസോറാമില്‍ സര്‍ക്കാരിന്റെ ഭാഗമായല്ലാതെ നിങ്ങള്‍ ബിജെപിയെ പ്രതീക്ഷിക്കണ്ട.’
മിസോ നാഷണല്‍ ഫ്രണ്ടും (എംഎന്‍എഫ്) കോണ്‍ഗ്രസും തെറ്റിപ്പിരിഞ്ഞുണ്ടായ സോറം പീപ്പിള്‍സ് മൂവ്മെന്റുമൊക്കെ ശക്തമായ സാന്നിധ്യമാവുമ്പോഴും ബിജെപി മിസോറാം രാഷ്ട്രീയത്തില്‍ സ്വന്തം ഇടം കണ്ടെത്തുകയായിരുന്നു.
ദേശീയ രാഷ്ട്രീയത്തില്‍ എന്‍ഡിഎയുടെ ഭാഗമായി സംസ്ഥാനത്തെ കരുത്തരായ മിസോ നാഷണല്‍ ഫ്രണ്ടിനെ എത്തിക്കുകയും എംഎന്‍എഫ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരില്‍ ബിജെപിയുടെ പങ്കാളിത്തം ഉറപ്പിക്കുകയും ചെയ്യുന്നതില്‍ വന്‍ലാല്‍മുക എന്ന നാല്‍പത്തേഴുകാരന്റെ സമീപനതന്ത്രങ്ങള് ചെലുത്തിയ നിര്‍ണായക പങ്കാളിത്തം ചര്‍ച്ച ചെയ്യുകയാണ് ദേശീയ മാധ്യമങ്ങള്‍.
എംഎന്‍എഫ് സര്‍ക്കാരിന്റെ ഭാഗമാവുമ്പോഴും വന്ലാല്മുകയുടെ നേതൃത്വത്തില്‍ ബിജെപി സ്വന്തം മുഖം ഉയര്‍ത്തിത്തന്നെ നടന്നു. സമാനതകളില്ലാത്ത വികസനപദ്ധതികള്‍ മിസോറാമിലേക്ക് കേന്ദ്രത്തില്‍ നിന്ന് ഒഴുകിയെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയും പലകുറി മിസോറാമിലെത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ കൊടി പിടിച്ച് മുന്നേ നടന്ന കിരണ്‍ റിജിജുവാണ് ഇക്കുറി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ വന്‍ലാല്‍മുകയ്ക്ക് ഒപ്പമുള്ളത്. മലയാളിയായ ദേശീയ സെക്രട്ടറി അനില്‍ ആന്റണിയും ഉണ്ട്.
മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍ ഒരുപക്ഷം ചേര്‍ന്ന് എംഎന്‍എഫ് സര്‍ക്കാര്‍ പ്രതികരിച്ചപ്പോള്‍ ഉള്ളില്‍ നിന്നുതന്നെ ശക്തമായി പ്രതികരിച്ചാണ് വന്‍ലാല്‍മുക എന്‍ഡിഎയുടെ മര്യാദ കാത്തത്. പ്രതിഷേധത്തിലെ ഈ കുലീനതയാണ് ഇദ്ദേഹത്തെ മിസോ രാഷ്ട്രീയത്തിലെ വമ്പനാക്കുന്നത്.
എംഎന്‍എഫിന്റെ കുത്തക മണ്ഡലമായ ദംപയിലാണ് വന്‍ലാല്‍മുക സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പോരിനിറങ്ങുന്നത്. സിറ്റിങ് എംഎല്‍എ ലാല്റിന്റുലുംഗെ സെയ്ലോയാണ് എതിരാളി. കോണ്‍ഗ്രസിന്റെ ലാല്മിങ്തംഗെ സെയ്ലോ, സോറം പീപ്പിള്‍സ് മൂവ്മെന്റിന്റെ വന്ലാല്സെയ്ലോവ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: