ജയ്പൂര്‍: പ്രിയങ്കയും രാഹുലും രാഷ്ട്രീയ ടൂറിസ്റ്റുകളാണെന്ന് ദേശീയ വക്താവും ജോട് വാര നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിയുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒരു കൂട്ടം ആളുകളുമായെത്തും. വേദിയില്‍ പ്രസംഗിക്കും, മടങ്ങും. പറയുന്നതെന്തെന്ന് പോലും അവര്‍ക്ക് ധാരണയില്ല, റാത്തോഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജുന്‍ജുനുവില്‍ പ്രസംഗിച്ച പ്രിയങ്ക സ്ത്രീകള്‍ക്കെതിരെ രാജസ്ഥാനില്‍ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. അവര്‍ക്ക് നാട്ടില്‍ നടക്കുന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല, റാത്തോഡ് പറഞ്ഞു. കോണ്‍ഗ്രസിന്റെ പൊളിറ്റിക്കല്‍ ടൂറിസം ഡിവിഷന് സംസ്ഥാനത്ത് നടക്കുന്ന പീഡനവും ബലാത്സംഗവുമടക്കമുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതില്‍ തികഞ്ഞ പരാജയമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഭരണത്തില്‍ രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം സംബന്ധിച്ച് രണ്ട് ലക്ഷം കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന നിലയിലാണ് അവസ്ഥ. പ്രിയങ്ക വരും, കുറേ വാഗ്ദാനങ്ങള്‍ തരും എന്നാണ് അശോക് ഗെഹ്ലോട്ട് ജനങ്ങളോട് പറഞ്ഞത്. 2018ല്‍ ഇതുപോലെ ടൂറിന് രാഹുല്‍ വന്നല്ലോ.
സര്‍ക്കാര്‍ രൂപീകരിച്ച് 10 ദിവസത്തിനകം കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നായിരുന്നല്ലോ പറഞ്ഞത്. പത്തല്ല 1500 ദിവസം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചിട്ടില്ല. 350 കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 19422 കര്‍ഷകരുടെ ഭൂമിയാണ് കര്‍ഷകര്‍ക്ക് നഷ്ടമായത്. രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: