തിരുവനന്തപുരം: കോഴിക്കോട് നടന്ന ഹമാസ് ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ ശശി തരൂര്‍ എംപി പങ്കെടുത്തത് ശരിയായില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. രാജ്യത്തിന്റെ പൊതുവായ നിലപാടിനെതിരെ യുഎന്നില്‍ ഇരുന്ന തരൂരിനെ പോലെയൊരാള്‍ പരസ്യമായി രംഗത്ത് വന്നത് അംഗീകരിക്കാനാവില്ല.
ഇസ്രയേല്‍-പാലസ്തീന് യുദ്ധത്തെ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ വേദിയാക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹമാസ് അനുകൂല സമ്മേളനത്തില്‍ പച്ചയായ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. മുനീറിനെ പോലെയുള്ളവര്‍ ഹമാസ് ഭീകരവാദികളെ ഭഗത് സിംഗിനെയും സുബാഷ് ചന്ദ്രബോസിനെയും പോലെയുള്ള സ്വാതന്ത്ര്യ സമര സേനാനികളുമായാണ് ഉപമിച്ചത്.
തരൂര്‍ ഇത്തരമൊരു സമ്മേളനത്തില്‍ പങ്കെടുത്തത് വര്‍ഗീയ ശക്തികളുടെ വോട്ട് നേടാന്‍ വേണ്ടിയാണ്. ഇന്ത്യാ വിരുദ്ധ ശക്തികളെ പിന്തുണയ്ക്കുന്ന ഹമാസിനൊപ്പം നില്‍ക്കുന്നത് രാജ്യദ്രോഹപരമാണ്.
സമാധാനമല്ല ഇവര്‍ക്ക് വേണ്ടത് വോട്ടാണെന്ന് വ്യക്തമായി. പശ്ചിമേഷ്യയിലെ മനുഷ്യ കുരുതിയുടെ ഒരു ഭാഗം മാത്രമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ശശി തരൂര്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ അഭാവം മുസ്ലിംലീഗും ഡിവൈഎഫ്ഐയും നികത്തുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ കേരളത്തിലെ ജനങ്ങള്‍ ദുരിതത്തിലാണ്. സപ്ലൈകോയില്‍ സാധനങ്ങളില്ലാത്ത സാഹചര്യമാണുള്ളത്. ഇപ്പോള്‍ സപ്ലൈനോയാണുള്ളത്. തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് സ്തംഭിച്ചിരിക്കുകയാണ്. സംസ്ഥാന വിഹിതം നല്‍കാത്തതാണ് എല്ലാത്തിനും തടസം.
സര്‍ക്കാരിന് ശമ്പളവും പെന്‍ഷനും കൊടുക്കാനാവുന്നില്ല. അതിനിടയില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് കേരളീയം എന്ന പേരില്‍ ധൂര്‍ത്ത് നടത്തുകയാണ്. വലിയ അഴിമതി ലക്ഷ്യം വെച്ചാണ് ഇത്തരം മാമാങ്കം നടത്തുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേരളയാത്ര നടത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിരിവിനിറങ്ങുകയാണ്. ജനങ്ങളെ ഉദ്യോഗസ്ഥരെ കൊണ്ട് കൊള്ളയടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
മന്ത്രി മുഹമ്മദ് റിയാസ് മുസ്ലിം ടൂറിസം എന്ന പേരില്‍ 94 ലക്ഷം ചിലവഴിക്കുന്നത് ധൂര്‍ത്തും വിവേചനപരവുമാണ്. ഒരു മതത്തിന്റെ മാത്രം ചരിത്രം പഠിപ്പിക്കാന്‍ പൊതുഖജനാവിലെ പണം ചിലവഴിക്കുന്നത് മതേതര സമൂഹത്തില്‍ നല്ലതല്ല. പ്രതിപക്ഷം ഇത്തരം കാര്യങ്ങളെ അനുകൂലിക്കുകയാണ്.
ഒരു ആരോപണത്തിനും സര്‍ക്കാരിന് മറുപടിയില്ല. ഒക്ടോബര്‍ 30 ന് എന്‍ഡിഎയുടെ സെക്രട്ടറിയേറ്റ് ഉപരോധം ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. നവംബര്‍ 10 മുതല്‍ 30 വരെ 2,000 കേന്ദ്രങ്ങളില്‍ എന്‍ഡിഎ ജനപഞ്ചായത്ത് നടത്തുമെന്നും കെ.സുരേന്ദ്രന് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: