പത്താം ക്ലാസ്സുവരെയുള്ള പാഠപുസ്തകങ്ങളില്‍ രാഷ്ട്രത്തിന്റെ പേര് ഭാരതം എന്നാക്കണമെന്നത് ഉള്‍പ്പെടെ എന്‍സിഇആര്‍ടി നിയോഗിച്ച സാമൂഹ്യ ശാസ്ത്ര വിഷയങ്ങള്‍ക്കുള്ള ഏഴംഗ ഉന്നതതല സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ വിവിധ കോണുകളില്‍നിന്ന് വ്യത്യസ്ത പ്രതികരണങ്ങളുണ്ടാക്കിയിരിക്കുകയാണ്. ഭാരതത്തിന്റെ ചരിത്രത്തെ പുരാതനം, മധ്യകാലം, ആധുനികം എന്നിങ്ങനെ വിഭജിച്ച് പഠിപ്പിക്കുന്നതിനു പകരം ശ്രേഷ്ഠചരിത്രമാണ് പഠിപ്പിക്കേണ്ടതെന്നും പാഠ്യപദ്ധതി പരിഷ്കരിക്കാനുള്ള ഈ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. പതിറ്റാണ്ടുകളായി പ്രാചീന ഭാരതം എന്നാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതുമൂലം എന്തോ പഴഞ്ചന്‍ സംഗതിയാണിതെന്ന ധാരണയാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത് മാറ്റി ശ്രേഷ്ഠഭാരതത്തെക്കുറിച്ച് പഠിപ്പിക്കണം. ഇങ്ങനെയായാല്‍ മാത്രമേ വിജ്ഞാനത്തിന്റെ വിവിധ രംഗങ്ങളില്‍ ഭാരതം കൈവരിച്ച നേട്ടങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്തറിയാന്‍ കഴിയൂ. ആര്യഭട്ടനെപ്പോലുള്ളവര് ശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ നടത്തിയ കണ്ടെത്തലുകള്‍ തമസ്കരിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയും ചെയ്യുകയാണ്. പ്രാചീന ഭാരതത്തിലുള്ളവര്‍ അറിവില്ലാത്തവരായിരുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്. അവര്‍ നടത്തിയ ചരിത്ര വിഭജനവും എഴുതിയുണ്ടാക്കിയ ചരിത്രവും ഭാരതീയരില്‍ അപകര്‍ഷബോധം വളര്‍ത്തി. ആധുനിക ശാസ്ത്രത്തിനുപോലും അജ്ഞാതമായ മേഖലകളില്‍ കടന്നുചെന്ന് ഗണിതത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ച സംഗമഗ്രാമ മാധവനെപോലുള്ള ശാസ്ത്ര പ്രതിഭകള്‍ നടത്തിയ കണ്ടുപിടുത്തങ്ങളെ അവജ്ഞയോടെ കാണാന്‍ പ്രേരിപ്പിക്കുന്ന അശാസ്ത്രീയമായ ചരിത്ര വിഭജനം പോകേണ്ടതു തന്നെയാണ്.
ഭാരതജനതയെ അടിമകളാക്കിവച്ച് ബ്രിട്ടീഷുകാര്‍ ഔദ്യോഗികമായി എഴുതിയുണ്ടാക്കിയതും പ്രചരിപ്പിച്ചതും പഠിപ്പിച്ചതുമായ ചരിത്രം സ്വന്തം സാമ്രാജ്യത്വതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതായിരുന്നുവെന്ന പ്രാഥമിക വസ്തുത അംഗീകരിക്കാന്‍ പല ചരിത്രകാരന്മാര്ക്കും മടിയാണ്. അവര്‍ വായിക്കുന്നതും പഠിക്കുന്നതും ആധികാരികമായി ഉദ്ധരിക്കുന്നതുമൊക്കെ യഥാര്‍ത്ഥത്തില്‍ വളച്ചൊടിക്കപ്പെട്ട ചരിത്രമാണ്. ഭാരതത്തിലേത് എല്ലാക്കാലത്തും ആവര്‍ത്തിച്ചാവര്‍ത്തിച്ച് കീഴടക്കപ്പെട്ട ജനതയാണെന്നും, പരാജയങ്ങളുടെ ചരിത്രം മാത്രമേ അവര്‍ക്ക് പറയാനുള്ളൂവെന്നും പഠിപ്പിക്കേണ്ടത് ബ്രിട്ടീഷുകാരുടെ ആവശ്യമായിരുന്നു. അടിമത്തം സ്വയംവരിച്ച് അടിച്ചമര്‍ത്തലിനെതിരെ പോരാടാതിരിക്കാന്‍ ഇതാണ് ഫലപ്രദവും ശാശ്വതവുമായ വഴിയെന്ന് ബുദ്ധിമാന്മാരായ ബ്രിട്ടീഷ് ഭരണാധികാരികളും, അവരെ പലവിധത്തിലും ഉപദേശിച്ചുപോന്ന വിദേശികളായ ഭാരത പണ്ഡിതന്മാരും മനസ്സിലാക്കിയിരുന്നു. അലക്സാണ്ടറുടെ ദിഗ്വിജയത്തെക്കുറിച്ച് പഠിപ്പിച്ചവര്‍ ആ മാസിഡോണിയന്‍ ചക്രവര്‍ത്തിക്ക് ഭാരതത്തില്‍നിന്ന് തിരിച്ചോടേണ്ടിവന്നതിനെക്കുറിച്ച് മൗനം പാലിച്ചു. മുഗളന്മാരുടെ ആധിപത്യത്തെക്കുറിച്ച് വിശദീകരിച്ചവര്‍ മുഹമ്മദ് ഗോറി ഭാരതത്തിലെ ഗോത്രവര്‍ഗക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന ചരിത്രം മൂടിവച്ചു. താജ്മഹലും കുത്തബ്മിനാറുമൊക്കെ നിര്‍മിച്ച മുഗള്വൈഭവത്തിന്റെ മഹത്വം ഘോഷിച്ചപ്പോള്‍ അവര്‍ തച്ചുതകര്‍ത്ത അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചും, സോമനാഥിലെ ശിവക്ഷേത്രത്തെക്കുറിച്ചും, മറ്റ് ആയിരക്കണക്കിന് ക്ഷേത്രങ്ങളെക്കുറിച്ചും ഒന്നുംതന്നെ പറഞ്ഞില്ല. അക്ബര്‍ അനുവദിച്ച ‘മതസ്വാതന്ത്ര്യം’ വാഴ്ത്തിപ്പാടിയപ്പോള്‍ ഔറംഗസീബിന്റെ മതഭ്രാന്തിനെ കണ്ടില്ലെന്നു നടിച്ചു.
രാഷ്ട്രത്തിന്റെ പേര് ഇന്ത്യ എന്നതിനു പകരം ഭാരതം എന്നാക്കണമെന്ന എന്‍സിഇആര്‍ടി സമിതി ശിപാര്‍ശയാണ് ചിലരെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയായാല്‍ രാജ്യത്തിനും ജനങ്ങള്‍ക്കും എന്തോ അത്യാഹിതം സംഭവിക്കുമെന്ന മട്ടിലാണ് ഇക്കൂട്ടര്‍ പ്രതികരിക്കുന്നത്. ജി-20 ഉച്ചകോടിക്ക് വിദേശ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്ന കത്തില്‍ ‘ഭാരത രാഷ്ട്രപതി’ എന്നുവച്ചപ്പോഴും വലിയ കോലാഹലമുയര്‍ന്നു. ജി-20 ഉച്ചകോടിയിലും ഭാരതം എന്ന പേര് ഉയര്‍ന്നുകേട്ടു. ഇതിലൊന്നും യാതൊരു അസ്വാഭാവികതയുമില്ല. രാഷ്ട്രത്തിന്റെ പൈതൃകത്തില്‍ അഭിമാനിക്കുന്ന ഒരു ഭരണകൂടം അധികാരത്തില്‍ തുടരുന്നതിന്റെ സ്വാഭാവിക പ്രതിഫലനം മാത്രമായിരുന്നു ഇത്. ഭാരതം എന്നാണ് ഈ രാഷ്ട്രം സഹസ്രാബ്ദങ്ങളായി അറിയപ്പെടുന്നത്. ഏഴായിരത്തിലധികം വര്‍ഷം പഴക്കമുള്ള ലിഖിതമായ തെളിവുകളും ഇതിനുണ്ട്. ഇന്ത്യ എന്നത് ഈ നാടിനെക്കുറിക്കാന് വിദേശികളായവര്‍ തെറ്റായി ഉച്ചരിച്ചതാണ്. ബ്രിട്ടീഷുകാരുടെ കാലം മുതലാണ് ഇന്ത്യ എന്ന പേര് പൊതുവായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇതൊന്നും അറിയാതെയും അറിയില്ലെന്നു നടിച്ചുമാണ് ചിലര്‍ ഭാരതം എന്ന പേരിനെതിരെ കുരിശുയുദ്ധം നടത്തുന്നത്. ഇതിനു പിന്നിലെ സങ്കുചിത രാഷ്ട്രീയം തിരിച്ചറിയപ്പെടുക തന്നെ വേണം. വാക്കിലും പ്രവൃത്തിയിലും രാജ്യവിരോധം കൊണ്ടുനടക്കുന്നവര്‍ ഒരു തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി അതിന്റെ പേരാണ് ഇന്ത്യയെന്നും, അത് എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്നും ശഠിച്ചാല്‍ വിലപ്പോവില്ല. ഭാരതം എന്ന പേര് തങ്ങളുടെ ദേശവിരുദ്ധത തുറന്നുകാട്ടുന്നതിലുള്ള അമര്‍ഷമാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: