കാന്‍ബറ: ഇസ്രായേലില്‍ ഹമാസ് ഭീകരാക്രമണം അഴിച്ചുവിട്ടതിന്റെ ഒരു കാരണം ഭാരതം-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഇക്കാര്യം തനിക്ക് ബോധ്യപ്പെട്ടു. എന്നാല്‍ തെളിവുകളൊന്നുമില്ലെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ബൈഡന് കൂട്ടിച്ചേര്‍ത്തു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഭാരതം-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇഇസി) ഹമാസിന്റെ ഭീകരാക്രമണത്തിന് ഒരു കാരണമായേക്കാമെന്ന് ബൈഡന് പരാമര്‍ശിക്കുന്നത്.
ജോര്‍ദാനിലെ അബ്ദുള്ള രാജാവ്, ഈജിപ്ത് പ്രസിഡന്റ്, പാലസ്തീന് പ്രസിഡന്റ്, സൗദി അറേബ്യയുടെ കിരീടാവകാശി എന്നിവരുള്‍പ്പെടുന്ന മേഖലയിലെ നേതാക്കളുമായി സംസാരിച്ചു. പാലസ്തീന് ജനതയുടെ അഭിലാഷങ്ങള്‍ പരിഗണിച്ച് തന്നെ ഇസ്രായേലിന്റെ കൂടുതല്‍ ഏകീകരണത്തിനായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
സപ്തംബറില്‍ ന്യൂദല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിയിലാണ് ഭാരതം-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചത്. മുഴുവന്‍ പ്രദേശത്തെയും റെയില്‍വേ ശൃംഖലയുമായി സംയോജിപ്പിക്കുന്നതാണ് പദ്ധതി. അമേരിക്ക, ഭാരതം, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന് എന്നിവയുടെ നേതാക്കള്‍ സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. ഭാരതത്തെ ഗള്‍ഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കന്‍ ഇടനാഴിയും ഗള്‍ഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കന്‍ ഇടനാഴിയും ഉള്‍പ്പെടുന്നതാണ് ഈ പുതിയ സാമ്പത്തിക ഇടനാഴി.
അതേസമയം, ഇറാനുമായി സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്ക ഐക്യരാഷ്ട്രസഭയില്‍ വ്യക്തമാക്കി. എന്നാല്‍ ഇറാനോ ഇറാന് അനുകൂല സംഘടനകളോ യുഎസ് ഉദ്യോഗസ്ഥരെ എവിടെയെങ്കിലും ആക്രമിച്ചാല്‍ വാഷിങ്ടണ്‍ നടപടിയെടുക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്കി. എന്നാല്‍ ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ പ്രതിനിധി ബ്ലിങ്കന്റെ അഭിപ്രായത്തില്‍ പ്രതികരിച്ചില്ല.
സംഘര്‍ഷം വ്യാപിക്കുന്നതിന്റെ ഭീഷണി യഥാര്‍ത്ഥ അപകടമാണെന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദി യുഎന്നില്‍ പറഞ്ഞു. ഞങ്ങള്‍ എല്ലാവരും ഇത് തടയാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. യുദ്ധം വെസ്റ്റ് ബാങ്കിലേക്കും ലബനനിലേക്കും മറ്റ് മുന്നണികളിലേക്കും വ്യാപിക്കുമെന്ന ഭീഷണിയുണ്ട്. ഞങ്ങളാരും അത് ആഗ്രഹിക്കുന്നില്ല, ഞങ്ങള്‍ എല്ലാവരും അതിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: