കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐഎസ്എല്‍)ല്‍ ഇന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ഒഡീഷ എഫ്‌സിക്കെതിരെ. മഞ്ഞപ്പടയ്‌ക്ക് ആവേശവും ആത്മവിശ്വാസവും ഇരട്ടിപ്പിക്കാന്‍ ഇന്ന് ഡഗൗട്ടില്‍ ടീമിന്റെ പ്രധാന പരിശീലകന്‍ ഇവാന്‍ വുക്കോമാനേവിച്ചിന്റെ സാന്നിധ്യമുണ്ടാകും. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്)അദ്ദേഹത്തിനേര്‍പ്പെടുത്തിയിരുന്ന വിലക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കഴിഞ്ഞ മത്സരത്തോടെ അവസാനിച്ചു.
കഴിഞ്ഞ ഐഎസ്എല്‍(2022-23 സീസണ്‍) പ്ലേഓഫ് മത്സരത്തില്‍ ബെംഗളൂരുഎഫ് സിക്കെതിരെ വഴങ്ങിയ ഫ്രീക്കിക്ക് തൊടുത്തതിനെ ചൊല്ലിയുള്ള വിവാദമാണ് ഇവാന്‍ വുക്കോമാനോവിച്ചിനെതിരായ നടപടിയില്‍ കലാശിച്ചത്. ഗോള്‍ രഹിത സമനിലയെ തുടര്‍ന്ന് അധിക സമയത്തിലേക്ക് നീണ്ട മത്സരത്തില്‍ എതിര്‍ താരങ്ങള്‍ അണിനിരക്കാന്‍ സമയം അനുവദിക്കാതെ ഫ്രീക്കിക്കെടുക്കാന്‍ വിസില്‍ വിളിച്ചതിലുള്ള പ്രതിഷേധമാണ് വുക്കോയുടെ വിലക്കില്‍ കലാശിച്ചത്. കിക്കെടുത്ത സൂപ്പര്‍ താരം സുനില്‍ ഛേത്രി ഗോള്‍ നേടുകയും ചെയ്തു. റഫറിയുടേത് ചേരിതിരിവുണ്ടാക്കുന്ന തീരുമാനമാണെന്ന് ആരോപിച്ച് വുക്കോ താരങ്ങളോട് കളി അവസാനിപ്പിച്ച് തിരിച്ചുകയരാന്‍ ആഹ്വാനം ചെയ്തു. വിവാദ ഗോളിന് പിന്നാലെയുള്ള വുക്കോയുടെ തീരുമാനം അതിനേക്കാള്‍ വലിയ വിവാദമായി. സംഭവത്തില്‍ വുക്കോ സ്വീകരിച്ച നിലപാട് പരിശോധിച്ച എഐഎഫ്എഫ് നടപടി സ്വീകരിക്കുകയായിരുന്നു. പത്ത് മത്സര വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തി.
ഇതേ തുടര്‍ന്ന് ഐഎസ്എലിന് പിന്നാലെ നടന്ന സൂപ്പര്‍ കപ്പിലും മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഡ്യൂറന്‍ഡ് കപ്പിലും നിലവിലെ സീസണിലെ ആദ്യ നാല് മത്സരങ്ങളിലും വുക്കോമാനോവിച്ചിന്റെ സാന്നിധ്യമില്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്.
ഇന്ന് രാത്രി എട്ടിന് ബ്ലാസ്‌റ്റേഴ്‌സിന് നേരിടേണ്ടത് ഒഡീഷ എഫ്‌സിയെ ആണ്. സീസണില്‍ ഇതുവരെ മൂന്ന് കളികള്‍ കളിച്ചിട്ട് ഒന്നില്‍ മാത്രം ജിയിച്ചിട്ടുള്ള ടീമാണ് ഒഡീഷ. മറ്റൊന്നില്‍ പരാജയപ്പെട്ടപ്പോള്‍ ഒരെണ്ണത്തില്‍ സമനില വഴങ്ങി. കളിച്ച നാല് കളികളില്‍ മുംബൈ സിറ്റിയോട് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടിട്ടുള്ളത്. രണ്ട് വിജയം ഹോം മാച്ചിലായിരുന്നു. കലൂരില്‍ നടന്ന ടീമിന്റെ കഴിഞ്ഞ കളി നോര്‍ത്ത് ഈസ്റ്റിനോട് സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: