രാമേശ്വരം: പുതിയ പാമ്പന്‍ പാലത്തിന്റെ 92 ശതമാനം ജോലികളും പൂര്‍ത്തിയാതായി ദക്ഷിണ റെയില്‍വേ. നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ചിത്രം സഹിതമാണ് ദക്ഷിണ റെയില്‍വേ ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവച്ചത്.
പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്ന പുതിയപാലത്തിന്റെ നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് പഴയ പാലത്തിലൂടെയുള്ള തീവണ്ടിഗതാഗതം നിര്‍ത്തിയിരുന്നു. ഇതിനു പകരമായി ആണ് പുതിയ പാലം എത്തുന്നത്.
കടലിടുക്കില്‍ പാലത്തിനുവേണ്ട 333 തൂണുകളും നേരത്തെ തന്നെ സ്ഥാപിച്ചിരുന്നു. മറ്റുപ്രവര്‍ത്തനങ്ങളെല്ലാം അവസാനഘട്ടത്തിലാണ്. ഇന്ത്യയില്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് സംവിധാനത്തില്‍ നിര്‍മിക്കുന്ന ആദ്യ റെയില്‍പ്പാലമാണിത്.
കപ്പല്‍വരുമ്പോള്‍ പാലത്തിന്റെ 72.5 മീറ്റര്‍ നീളമുള്ള ഭാഗം കുത്തനെ ഉയര്‍ന്നു കൊടുക്കും. കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനായി പാലത്തിന്റെ ഒരുഭാഗം ലംബമായി ഉയരുന്നതുകൊണ്ടാണ് ഇതിനെ ‘വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്’ പാലം എന്ന് വിളിക്കുന്നത്.
പാലത്തിനടിയിലൂടെ രണ്ട് കപ്പലുകള്‍ക്ക് ഒരേസമയം കടന്നുപോകാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. അമേരിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം സമാനമായ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് പാലങ്ങള്‍ കാണാന്‍ സാധിക്കും. പുതിയ പാലത്തില്‍ നിലവില്‍ ഒരു പാതയാണ് സ്ഥാപിക്കുകയെങ്കിലും ഇരട്ടപ്പാതയ്ക്കുള്ള വീതി ഇതിനുണ്ട്.
വൈദ്യുതീകരണത്തിനുള്ള സാധ്യതയും മുന്നില്‍ കണ്ടുകൊണ്ടാണ് പാലം നിര്‍മിക്കുന്നത്. 12.5 മീറ്റര്‍ ഉയരമുള്ള പുതിയ പാലത്തിന് പഴയ പാലത്തേക്കാള്‍ മൂന്നുമീറ്റര്‍ ഉയരം കൂടുതലാണ്. പഴയ റെയില്‍വേപാലത്തിന് സമാന്തരമായാണ് പുതിയ പാലവും നിര്‍മിക്കുന്നത്. 2019ലാണ് പാലത്തിന്റെ പണി ആരംഭിച്ചത്.
535 കോടി രൂപ ചെലവില്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് (ആര്‍വിഎന്‍എല്‍) കടല്‍പ്പാലം നിര്‍മിക്കുന്നത്. ഉയര്‍ന്ന വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയെ ഈ പാലം അനുവദിക്കും. ഇത് ഇന്ത്യയുടെ പ്രധാന ഭൂപ്രദേശത്തിനും രാമേശ്വരം ദ്വീപിനും ഇടയിലുള്ള ഗതാഗതം വര്‍ദ്ധിപ്പിക്കും.
രാമേശ്വരത്തെ ഇന്ത്യയുടെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന നിലവിലുള്ള പാമ്പന്‍ റെയില്‍പ്പാലത്തിന് 105 വര്‍ഷം പഴക്കമുണ്ട്. മാന്നാര്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന രാമേശ്വരം ദ്വീപുമായി മണ്ഡപത്തെ ബന്ധിപ്പിക്കുന്നതിന് 1914 ലാണ് യഥാര്‍ത്ഥ പാലം നിര്‍മ്മിച്ചത്. 1988 ല്‍ ഒരു പുതിയ റോഡ് പാലം നിര്‍മ്മിക്കുന്നത് വരെ രണ്ട് സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന ഒരേയൊരു ലിങ്ക് ഈ പാലമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: