ന്യൂദല്‍ഹി : പ്രതിസന്ധികളില്‍ നിന്നും പ്രതിസന്ധികളിലേക്ക് കൂപ്പു കുത്തുന്ന ഒരു കാലത്തെ നമ്പര്‍ വണ്‍ സ്റ്റാര്‍ട്ടപ്പായിരുന്ന ബൈജൂസിന് വീണ്ടും കഷ്ടകാലം. ഇക്കുറി മിടുക്കനായ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ രാജിവെച്ചതാണ് വിനയായിരിക്കുന്നത്.
തന്റെ മാതൃസ്ഥാപനമായ വേദാന്തയിലേക്ക് തന്നെ മടങ്ങുകയാണ് അജയ് ഗോയല്‍.ബൈജൂസിൽ എത്തി ആറ് മാസത്തിനകമാണ് അജയ് ഗോയൽ രാജിവെച്ചൊഴിയുന്നത്. വര്‍ഷങ്ങളുടെ അന്വേഷണത്തിനൊടുവിലാണ് സിഎഫ് ഒ സ്ഥാനത്തേക്ക് അജയ് ഗോയലിനെ ബൈജു രവീന്ദ്രന്‍ കണ്ടെത്തിയിരുന്നത്. 2022 സാമ്പത്തിക വർഷത്തെ സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിനിടെയാണ് രാജി.
ഒക്ടോബർ 30 ന് അജയ് ഗോയൽ സിഎഫ്ഒ ആയി ചുമതല ഏൽക്കുമെന്ന് അനില്‍ അഗര്‍വാളിന്റെ കമ്പനിയായ വേദാന്ത അറിയിച്ചു. ബൈജൂസ് പുതിയ സിഎഫ് ഒ ആയി നിതിന്‍ ഗൊലാനിക്ക് തല്‍ക്കാലം അധിക ചുമതല നല്‍കി.
പ്രതിസന്ധികളുടെ കുത്തൊഴുക്കില്‍ നട്ടം തിരിഞ്ഞ് ബൈജൂസ്
2021 ഡിസംബറില്‍ ബൈജൂസിന്റെ മുന്‍ സിഎഫ്ഒ പി.വി. റാവു രാജിവെച്ചൊഴിഞ്ഞ ഒഴിവിലേക്കാണ് 2023 ഏപ്രിലില്‍ അജയ് ഗോയല്‍ എത്തിയിരുന്നത്. വെറും ആറുമാസത്തില്‍ അദ്ദേഹം ഒഴിഞ്ഞു. 2022ലാണ് ബൈജൂസ് എന്ന ഇന്ത്യയുടെ ഏറ്റവും വിലമതിക്കപ്പെട്ടിരുന്ന സ്റ്റാര്‍ട്ടപ്പ് പലവിധ കാരണങ്ങളാല്‍ തകര്‍ന്നത്. അക്കൗണ്ടിംഗ് ക്രമക്കേടുകള്‍, കോഴ്സുകള്‍ തെറ്റായ വിധത്തില്‍ വില്‍ക്കല്‍, ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടല്‍ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ ബൈജൂസിനെ ബാധിച്ചിരുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വെഞ്ച്വര്‍ കാപ്പിറ്റല്‍ മൂലധനത്തിന്റെ വരവ് കുറഞ്ഞതും ഓണ്‍ലൈന്‍ പഠനത്തിന് മുന്‍പുണ്ടായിരുന്ന ആകര്‍ഷണീയത കുറഞ്ഞതും യഥാര്‍ത്ഥ പ്രതിസന്ധിക്ക് കാരണമായി. ബൈജൂസില്‍ നിക്ഷേപിച്ച നിക്ഷേപകരായ ബോര്‍ഡംഗങ്ങളും ബൈജൂസില്‍ നിന്നും ഒഴിഞ്ഞുപോയി. സ്ഥാപകന്‍ ബൈജു രവീന്ദ്രനുമായുള്ള അഭിപ്രായഭിന്നതയായിരുന്നു കാരണം. ഈ പ്രശ്നങ്ങളില്‍ നിന്നെല്ലാം അജയ് ഗോയല്‍ സിഎഫ് ഒ ആയി എത്തിയതിലൂടെയും അര്‍ജുന്‍ മോഹനെ സിഇഒ ആക്കി ഉയര്‍ത്തിയതിലൂടെയും പരിഹരിക്കാനാകുമെന്നായിരുന്നു ബൈജു രവീന്ദ്രന്‍ കണക്ക് കൂട്ടിയത്. അതിനിടെയാണ് അജയ് ഗോയലിന്റെ രാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: