റിയാദ്: സന്ദര്‍ശന വിസ രാജ്യത്തിന് പുറത്തുപോകാതെ ഓണ്‍ലൈനില്‍ പുതുക്കാന്‍ അനുവദിച്ച് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്). ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശന വിസകളാണ് പുതുക്കാന്‍ അവസരം.
180 ദിവസം വരെ ഓണ്‍ലൈനില്‍ പുതുക്കാം.വിസ നീട്ടുന്നതിന് പാസ്‌പോര്‍ട്ടൊന്നിന് 100 റിയാല്‍ ആണ് ജവാസാത്ത് ഫീ അടക്കേണ്ടത്. മള്‍ട്ടിപ്ള്‍ വിസക്ക് മൂന്നു മാസത്തേക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണം.
വിസ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാണ് നല്‍കേണ്ടത്. ഇതിന് ജവാസാത്ത് ഓഫീസ് സന്ദര്‍ശിക്കേണ്ടതില്ല. എന്നാല്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകള്‍ ചില സമയങ്ങളില്‍ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ സാധിക്കില്ല. അവര്‍ തവാസുല്‍ വഴി അപേക്ഷ നല്‍കണമെന്ന് ജവാസാത്ത് ആവശ്യപ്പെട്ടു.
180 ദിവസം വരെ മാത്രമേ ഓണ്‍ലൈനില്‍ പുതുക്കുകയുള്ളൂ. 180 ദിവസത്തിന് ശേഷം ഓണ്‍ലൈനില്‍ പുതുക്കാന്‍ സാധിക്കാത്തതിനാല്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്തുകടന്ന് തിരിച്ചുവരേണ്ടിവരും.
നേരത്തെ ഓരോ മൂന്നു മാസവും സൗദി അറേബ്യക്ക് പുറത്ത് പോയി തിരിച്ചുവരേണ്ടിയിരുന്നു. സിംഗിള്‍ എന്‍ട്രിയും മള്‍ട്ടിപ്ള്‍ എന്‍ട്രിയും ഓണ്‍ലൈനില്‍ ഇപ്പോള്‍ പുതുക്കാം. സിംഗിള്‍ എന്‍ട്രി ഓരോ 30 ദിവസത്തിനുള്ളിലും മള്‍ട്ടിപ്ള്‍ എന്‍ട്രി ഓരോ 90 ദിവസത്തിനുള്ളിലുമാണ് പുതുക്കേണ്ടത്.
കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് ജവാസാത്തില്‍ നിന്ന് സന്ദേശമെത്തും. അപ്പോഴാണ് പുതുക്കല്‍ നടപടി തുടങ്ങേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: