ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി ഭാര്യയും ഭര്‍ത്താവും ഏറ്റുമുട്ടുന്നു. ദന്താരാംഗഡ് മണ്ഡലത്തില്‍ ജന്‍നായക് ജനതാ പാര്‍ട്ടി (ജെജെപി) സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് റീത്ത ചൗധരിയെ.
ഏതാനും മാസം മുമ്പ് കോണ്‍ഗ്രസ് വിട്ട റീത്ത, ഹരിയാന ആസ്ഥാനമായുള്ള ജെജെപിയില്‍ ചേരുകയായിരുന്നു. കോണ്‍ഗ്രസ് ലിസ്റ്റ് വരുന്നതിനു മുമ്പു തന്നെ ദന്താരാംഗഡില്‍ റീത്തയെ സ്ഥാനാര്‍ത്ഥിയായി ജെജെപി പ്രഖ്യാപിച്ചു. എന്നാല്‍ സിറ്റിങ് എംഎല്‍എയും റീത്തയുടെ ഭര്‍ത്താവുമായ വീരേന്ദ്ര സിങ്ങിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
മുന്‍ സംസ്ഥാന പ്രസിഡന്റും ഏഴു വട്ടം എംഎല്‍എയുമായിരുന്ന നാരായണ്‍ സിങ്ങിന്റെ മകനാണ് വീരേന്ദ്ര സിങ്. കോണ്‍ഗ്രസ് കുടുംബത്തിലെ മരുമകളായ റീത്തയ്‌ക്ക് പാര്‍ലമെന്ററി മോഹമുദിച്ചത് ഇതാദ്യമല്ല. 2018ല്‍ ദന്താരാംഗഡില്‍ ടിക്കറ്റു ചോദിച്ച് കോണ്‍ഗ്രസിനെ സമീപിച്ചതാണ്. എന്നാന്‍ അവര്‍ സീറ്റു നല്കിയത് മരുമകള്‍ക്കല്ല, മകനാണ്. ഇത്തവണ ഉറപ്പായും അവസരം കിട്ടുമെന്നാണ് റീത്ത വിചാരിച്ചത്. എന്നാല്‍ കോണ്‍ഗ്രസിനു പ്രിയം ഭര്‍ത്താവിനേട് എന്നു തിരിച്ചറിഞ്ഞ റീത്ത കഴിഞ്ഞ ആഗസ്തില്‍ ജെജപിയില്‍ ചേര്‍ന്നു.
ജെജപിയുടെ വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ് റീത്തയിപ്പോള്‍. നായാരണ്‍ സിങ്ങിന്റെ മരുമകള്‍ എന്ന ഇമേജ് റീത്ത നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രദേശത്ത് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജെജെപിയില്‍ ചേര്‍ന്നിരുന്നു. ഭാര്യ എതിരാളിയായി വന്നാലും ഏഴു വട്ടം അച്ഛനെ വിജയിപ്പിച്ചവര്‍ തന്നെ ഇത്തവണയും കൈവിടില്ല എന്നാണ് വിരേന്ദ്ര സിങ്ങിന്റെ പ്രതീക്ഷ.
അല്‍വാര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മനഃപൂര്‍വം കുടുംബ കലഹമുണ്ടാക്കിയ പ്രതീതിയായിരുന്നു. സിറ്റിങ് എംഎല്‍എ ഷാഫിയ സുബൈറിന് സീറ്റ് നിഷേധിച്ച് കോണ്‍ഗ്രസ് ഭര്‍ത്താവും മുന്‍ എംഎല്‍എയുമായ സുബൈര്‍ ഖാനെ മത്സരിപ്പിക്കാണ് തീരുമാനിച്ചത്. മതമൗലിക സംഘടനകളുടെ സമ്മര്‍ദം മൂലമാണ് ഷഫിയ ഖാനെ ഒഴിവാക്കിയതെന്നാണ് ഉയരുന്ന ആരോപണം. വനിതകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ട സാഹചര്യമാണുള്ളതെന്നായിരുന്നു ഷഫിയ ഖാന്റെ പ്രതികരണം.
2008ലും 2013ലും പരാജയപ്പെട്ടതോടെയാണ് സുബൈര്‍ ഖാനെ മാറ്റി ഷഫിയയെ 2018ല്‍ രാംഘട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ മണ്ഡലത്തില്‍ വിജയിക്കാനായതോടെ സുബൈര്‍ ഖാന്‍ ഇടപെടലുകള്‍ ശക്തമാക്കി. ഇത്തവണ മുഖ്യമന്ത്രി ഗെഹ്‌ലോട്ടിനെ അടക്കം നേരില്‍ കണ്ട് സീറ്റ് സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു.
1990, 1993, 2003 ല്‍ സുബൈര്‍ ഖാന്‍ രാംഘട്ടില്‍ വിജയിച്ചിട്ടുണ്ട്. ഒരു കുടുംബത്തിലേക്ക് രണ്ട് സീറ്റുകള്‍ നല്കുന്നത് തെറ്റായ സന്ദേശം നല്കുന്നതിനാലാണ് ഷഫിയ ഖാന് ഇത്തവണ സീറ്റ് ലഭിക്കാത്തതെന്നയിരുന്നു സുബൈര്‍ ഖാന്റെ പ്രതികരണം. ഷഫിയ ഖാന് മതിയായ അവസരങ്ങള്‍ നല്കിക്കഴിഞ്ഞതായും സുബൈര്‍ ഖാന്‍ പ്രതികരിച്ചു. കടുത്ത എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഷാഫിയ ഭര്‍ത്താവിനെതിരെ മത്സരിക്കുന്നില്ല. ഭര്‍ത്താവിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കും എന്നു പറയുമ്പോഴും ഷാഫിയയുടെ വാക്കുകള്‍ ഇടറുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: