തിരുവനന്തപുരം: പുതിയ തലമുറയ്‌ക്ക് സംസ്‌കാരവും മൂല്യങ്ങളും പകര്‍ന്നു നല്‍കാനുള്ള കര്‍ത്തവ്യം കുടുംബങ്ങള്‍ക്കാണെന്ന് റൂറല്‍ ഡവലപ്‌മെന്റ് കമ്മീഷണറും സ്‌പെഷ്യല്‍ സെക്രട്ടറിയുമായ എം.ജി. രാജമാണിക്യം.
പഴയ കാലത്തെ ഇല്ലായ്മകളുടെയും ദാരിദ്ര്യത്തിന്റെയും മധ്യത്തില്‍ ജീവിച്ച തലമുറയ്‌ക്ക് കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ ലഭിച്ചിരുന്ന സുഖവും സംതൃപ്തിയും സൗകര്യങ്ങള്‍ വര്‍ദ്ധിച്ച പുതിയ കാലത്ത് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഭാരതീയ വിചാര കേന്ദ്രത്തിന്റെ നവരാത്രി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജമാണിക്യം.
എന്തെല്ലാമോ നേടാന്‍ വേണ്ടിയിട്ട് ജനങ്ങള്‍ പരക്കംപാഞ്ഞ് സ്വസ്ഥതയില്ലാത്ത ജീവിതമാണ് മിക്കവരുടെയും അവസ്ഥ. ധനമോ സുഖസൗകര്യങ്ങളോ ഉന്നത സ്ഥാന ലബ്ധി തന്നെയോ വ്യക്തികള്‍ക്ക് സന്തോഷവും സുഖവും പ്രധാനം ചെയ്യാത്തതെന്തു കൊണ്ടാണെന്ന് ആഴത്തില്‍ ചിന്തിക്കണം.വ്യക്തിനിഷ്ഠയും, സ്വാര്‍ത്ഥതയും സമൂഹത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നതിന് തടയിടാന്‍ വ്യക്തികളില്‍ മൂല്യ ബോധവും സംസ്‌കാരവും വളരണം. അതിന് കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടണം.ഇന്ന് ആര്‍ക്കും സമയം മതിയാകാത്ത അവസ്ഥയാണ്. ഇതിന് പരിഹാരം എന്തെന്ന് ചിന്തിക്കേണ്ട സന്ദര്‍ഭമാണ്. രാജമാണിക്യം പറഞ്ഞു
വൈവിധ്യത്തില്‍ ഏകത്വം എന്നത് സനാതന ധര്‍മ്മത്തിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നതാണെന്നും പാരാ ശക്തിയായ ദുര്‍ഗാ ദേവിയെ ആരാധിക്കുന്ന നവരാത്രി ആഘോഷം വ്യത്യസ്ഥ സംസ്ഥാനങ്ങളില്‍ വൈവിധ്യമാര്‍ന്ന രൂപഭാവങ്ങളോടെ ചാരുതയും പ്രതിഭയും ഇതിന് മതിയായ ഉദാഹരണമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു.
സ്ഥാനീയ സമിതി ആദ്ധ്യക്ഷന്‍ എം. വിനോദ് കുമാര്‍, സെക്രട്ടറി രഞ്ജിത്ത് കുമാര്‍. വി, ഡോ. രാജി ചന്ദ്ര എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വ്യത്യസ്ത കലാപരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: