കൊച്ചി: പെണ്‍കുട്ടികളെ വലയിലാക്കാന്‍ പുതിയ തന്ത്രങ്ങളുമായി പെണ്‍വാണിഭക്കാര്‍ നഗരത്തില്‍ വിലസുന്നു. മധ്യ വയസ്ക്കരായ സ്ത്രീകളാണ് പെണ്‍കുട്ടികളെ വശത്താക്കി യുവാക്കളെ ബന്ധിപ്പിക്കുന്ന കണ്ണികളായി പ്രവര്‍ത്തിക്കുന്നത്. പ്രധാന മെട്രോ സ്റ്റേഷനിലും മറൈന്‍ഡ്രൈവ്, കലൂര്‍, കാക്കനാട്, കളമശ്ശേരി, സൗത്ത്, തേവര തുടങ്ങി പ്രധാന സ്ഥലങ്ങളിലും ഇവര്‍ അമ്മയുടെ, സഹോദരിയുടെ, മുത്തശ്ശിയുടെ വേഷത്തില്‍ പെണ്‍കുട്ടികളെ വലയിലാക്കാന്‍ ചുറ്റുമുണ്ട്.
ഒറ്റയ്ക്ക് വാഹനം കാത്ത് നില്ക്കുന്ന യുവതികളെ സമീപിക്കുന്ന ഇത്തരം സ്ത്രീകള്‍ തന്റെ ഫോണില്‍ പൈസ തീര്‍ന്നു പോയെന്നും പെണ്‍കുട്ടിയുടെ ഫോണില്‍ മകനെ വിളിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടും. തുടര്‍ന്ന് മകനെ പുകഴ്ത്തിപ്പറഞ്ഞ് യുവതിയുടെ മനസില്‍ സ്ത്രീയുടെ മകനെപ്പറ്റി നല്ല ചിന്ത രൂപപ്പെടുത്തും. ഫോണ്‍ ചെയ്യാന്‍ അനുവദിച്ചാല്‍ മകനെന്ന് വിശേഷിപ്പിച്ച ആളോട് പെണ്‍കുട്ടി പാവമാണെന്നും നീ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ അതേ ലക്ഷണമാണെന്നും മറ്റും പറഞ്ഞുവയ്ക്കാന്‍ മറക്കില്ല. ഫോണ്‍ ചെയ്ത് കഴിഞ്ഞ് യുവതിയുടെ വീട്ടുവിശേഷങ്ങള്‍ അറിഞ്ഞാണ് അവര്‍ പിരിയുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ മകനെന്ന് പരിചയപ്പെട്ട യുവാവ് യുവതിയെ ഫോണ്‍ ചെയ്യാനും വാട്സ് ആപ്പില്‍ സന്ദേശങ്ങള്‍ അയക്കാനും തുടങ്ങും.
ഇവരുടെ കെണിയില്‍ വീണാല്‍ കാറില്‍ കൊണ്ടുപോയി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കും. അത് ഒറ്റയ്ക്കും കൂട്ടമായും ഉപയോഗപ്പെടുത്തും. ചിലര്‍ക്ക് മാനം കൂടാതെ പണവും സ്വര്‍ണാഭരണങ്ങളും വരെ നഷ്ടപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികളെ വലയിലാക്കുന്ന ആദ്യ അമ്മ കഥാപാത്രത്തിന് നമ്പര്‍ എത്തിച്ച് കൊടുക്കുമ്പോള്‍ ഒരു ഫോണ്‍ നമ്പരിന് 500 രുപയാണ് കൂലി. നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ദിവസം 10 പെണ്‍കുട്ടികളുടെ നമ്പറുകളെങ്കിലും ഇങ്ങനെ പെണ്‍വാണിഭസംഘത്തിന് നല്‍കാനാണ് നിര്‍ദ്ദേശം. ദിവസം 5000 രൂപയാണ് വരുമാനം.
ഇത്തരം അമ്മമാര്‍ സമീപിച്ചാല്‍ പെണ്‍കുട്ടികള്‍ ഒഴിഞ്ഞ് മാറുകയേ വഴിയുളളൂ. ഒപ്പം 112 എന്ന പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കണമെന്നതാണ് വിദഗ്ധരുടെ അഭിപ്രായം. നഗരത്തിലെ ഇത്തരം കണ്ണികളെ നിരീക്ഷിക്കാന്‍ ഷാഡോ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: