ഇന്നത്തെ പരിപാടിയുടെ മുഖ്യാതിഥി ബഹുമാനപ്പെട്ട ശ്രീ ശങ്കര്‍ മഹാദേവന്‍ ജി, വേദിയില്‍ സന്നിഹിതനായ മാനനീയ സര്‍കാര്യവാഹ്ജി, വിദര്‍ഭ പ്രാന്തത്തിന്റെ മാന്യ സംഘചാലക് ജി, നാഗ്പൂര്‍ മഹാനഗരത്തിന്റെ മാന്യ സംഘചാലക്, മാന്യ സഹസംഘചാലക്ജി, മറ്റ് അധികാരിമാരേ, സജ്ജനങ്ങളേ, അമ്മമാരെ, സഹോദരിമാരെ, പ്രിയപ്പെട്ട സ്വയംസേവക സഹോദരന്മാരെ, രാക്ഷസീയതയ്‌ക്ക് മേല്‍ മാനവികതയുടെ സമ്പൂര്‍ണ വിജയം കുറിച്ച ശക്തിപര്‍വം എന്ന നിലയില്‍ എല്ലാ വര്‍ഷവും നമ്മള്‍ വിജയദശമി ഉത്സവം ആഘോഷിക്കുന്നു. ഈ വര്‍ഷം വിജയദശമി എത്തുന്നത് നമുക്ക് അഭിമാനവും സന്തോഷവും ഉത്സാഹവും സൃഷ്ടിക്കുന്ന സംഭവങ്ങളുമായാണ്.
അഭിമാനത്തിന്റെ കാലം
നമ്മുടെ രാഷ്‌ട്രം പ്രമുഖ രാജ്യങ്ങളടങ്ങുന്ന ജി-20 സമ്മേളനത്തിന് ആതിഥ്യം വഹിച്ചു. വര്‍ഷം മുഴുവനും അംഗരാജ്യങ്ങളില്‍ നിന്നുള്ള രാഷ്‌ട്രത്തലവന്മാര്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, പണ്ഡിതര്‍ തുടങ്ങിയവര്‍ പങ്കെടുത്ത നിരവധി പരിപാടികള്‍ ഭാരതത്തില്‍ അനകം സ്ഥലങ്ങളില്‍ നടന്നു. നമ്മുടെ സ്‌നേഹനിര്‍ഭരമായ ആതിഥ്യവും രാഷ്‌ട്രത്തിന്റെ മഹത്തായ പാരമ്പര്യവും പ്രതീക്ഷാനിര്‍ഭരമായ വര്‍ത്തമാനകാലവും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളില്‍ സ്വാധീനം സൃഷ്ടിച്ചു. ആഫ്രിക്കന്‍ യൂണിയനെ അംഗമായി അംഗീകരിപ്പിച്ചതിലൂടെയും ജി20 കൗണ്‍സിലിന്റെ ആദ്യദിവസം തന്നെ സംയുക്തപ്രമേയം ഏകകണ്ഠമായി അവതരിപ്പിച്ചതിലൂടെയും ഭാരതത്തിന്റെ ഉദാരതയുടെ ആഴവും നയതന്ത്ര വൈദഗ്ധ്യവും എല്ലാവരും മനസിലാക്കി. ഭാരതത്തിന്റെ വിശിഷ്ടമായ ആശയങ്ങളും ദര്‍ശനങ്ങളും കാരണം, ലോകത്തിന്റെയാകെ ചിന്തകളെ ‘വസുധൈവ കുടുംബകം’ എന്ന ദിശയിലേക്ക് കൂട്ടിയിണക്കി. സാമ്പത്തിക കേന്ദ്രിതമായ ജി 20 രാജ്യങ്ങളുടെ കാഴ്ചപ്പാട് മനുഷ്യ കേന്ദ്രിതമായി. വിശ്വവേദിയില്‍ ഒരു പ്രമുഖ രാഷ്‌ട്രമെന്ന നിലയില്‍ ഭാരതത്തിന്റെ അചഞ്ചലമായ സ്ഥാനം ഉറപ്പിക്കാന്‍ ഈ സന്ദര്‍ഭത്തിലൂടെ നമ്മുടെ നേതൃത്വത്തിന് കഴിഞ്ഞു.
ഇതാദ്യമായി ഏഷ്യന്‍ ഗെയിംസില്‍ നമ്മുടെ കായികതാരങ്ങള്‍ നൂറിലധികം-107 മെഡലുകള്‍, (28 സ്വര്‍ണം, 38 വെള്ളി, 41 വെങ്കലം) നേടി നമ്മുടെയെല്ലാവരുടെയും ആവേശം വര്‍ധിപ്പിച്ചു. അവരെയെല്ലാം അഭിനന്ദിക്കുന്നു. ചന്ദ്രയാന്‍ അവസരത്തില്‍ ഭാരതത്തിന്റെ ശക്തിയുടെയും ബുദ്ധിയുടെയും യുക്തിയുടെയും നേര്‍ക്കാഴ്ചയും ലോകം കണ്ടു. നമ്മുടെ ശാസ്ത്രജ്ഞരുടെ ശാസ്ത്രജ്ഞാനവും സാങ്കേതിക നൈപുണ്യവും സാമര്‍ത്ഥ്യവും നേതൃപരമായ ഇച്ഛാശക്തിയും കാര്യക്ഷമതയും ചേര്‍ന്നാണ് ഈ വിജയമുണ്ടായത്. ബഹിരാകാശ യുഗത്തിന്റെ ചരിത്രത്തിലാദ്യമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഭാരതത്തിന്റെ ലാന്‍ഡര്‍ വിക്രം ഇറങ്ങി. സമസ്ത ഭാരതീയരുടെയും അഭിമാനവും ആത്മവിശ്വാസവും ഉയര്‍ത്തിയ ഈ ദൗത്യം നിര്‍വഹിച്ച ശാസ്ത്രജ്ഞരും അവര്‍ക്ക് കരുത്തുപകര്‍ന്ന നേതൃത്വവും ദേശത്തിന്റെയാകെ അഭിനന്ദനം നേടുകയാണ്.
ലോകത്തിനാകെ ഗുണം ചെയ്യുക എന്ന രാഷ്‌ട്രത്തിന്റെ ആഗോള ദൗത്യ നിര്‍വഹണത്തിന് അടിസ്ഥാനമായ ദേശീയാദര്‍ശങ്ങളാണ് മുഴുവന്‍ രാഷ്‌ട്രത്തിന്റെയും പ്രയത്‌നങ്ങളുടെ ഉറവിടം. നമ്മുടെ ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പിന്റെ ഒരു പേജില്‍, ഈ ധര്‍മ്മത്തിന്റെ പ്രതീകമായി ആരുടെ ചിത്രമാണോ ആലേഖനം ചെയ്തിട്ടുള്ളത്, ആ ശ്രീരാമന്റെ ബാലരൂപം പ്രതിഷ്ഠിച്ച ക്ഷേത്രം അയോധ്യയില്‍ നിര്‍മ്മിക്കുന്നു. വരുന്ന ജനുവരി 22ന് ശ്രീരാം ലല്ലയുടെ പ്രാണപ്രതിഷ്ഠ ഉണ്ടാകുമെന്ന് പ്രഖ്യാപനം വന്നിരിക്കുന്നു. സുരക്ഷാപരമായ കാരണങ്ങളും സൗകര്യങ്ങളിലും മറ്റുമുള്ള പ്രതിസന്ധികളും കൊണ്ട് ഈ ശുഭമുഹൂര്‍ത്തത്തില്‍ വളരെ പരിമിതമായ എണ്ണം ആളുകള്‍ക്ക് മാത്രമേ പങ്കെടുക്കാനാവുകയുള്ളൂ. ശ്രീരാമന്‍ നമ്മുടെ ദേശീയ മൂല്യങ്ങളുടെ ആദരവിന്റെ പ്രതീകമാണ്, കര്‍ത്തവ്യപാലനത്തിന്റെയും കരുണയുടെയും സ്‌നേഹത്തിന്റെയും പ്രതീകമാണ്. അത്തരത്തിലുള്ള ഒരു അന്തരീക്ഷം അതാത് സ്ഥലങ്ങളില്‍ സൃഷ്ടിക്കപ്പെടണം. രാമക്ഷേത്രത്തില്‍ ശ്രീരാമ ലല്ലയുടെ പ്രതിഷ്ഠയോടെ നമ്മുടെ മനസ് അയോധ്യയാകണം. ഓരോ ഹൃദയത്തിലും ശ്രീരാമലല്ലയുടെ പ്രതിഷ്ഠ നടക്കണം. എല്ലായിടത്തും സ്‌നേഹത്തിന്റെയും സദ്ഭാവനയുടെയും അന്തരീക്ഷം ഉണ്ടാകണം. ഇതിനായി എല്ലായിടങ്ങളിലും ചെറിയ ചെറിയ പരിപാടികള്‍ സംഘടിപ്പിക്കണം.
വിഭൂതികളുടെ സ്മരണ
നൂറ്റാണ്ടുകളായി നേരിട്ട പ്രതിസന്ധികളോട് പൊരുതി ജയിച്ച നമ്മുടെ ഭാരതം ഭൗതികവും ആത്മീയവുമായ പുരോഗതിയുടെ പാതയിലൂടെ മുന്നേറുന്നതിന് സാക്ഷികളാകാന്‍ സൗഭാഗ്യം ലഭിച്ചവരാണ് നമ്മള്‍. സമ്പൂര്‍ണ വിശ്വത്തിനും സ്വന്തം ജീവിതത്തിലൂടെ അഹിംസ, ജീവദയ, സദാചാരം എന്നിവയുടെ സന്മാര്‍ഗം കാട്ടിക്കൊടുത്ത ശ്രീ മഹാവീര്‍ സ്വാമിയുടെ 2550-ാം നിര്‍വാണ വര്‍ഷം, ഹിന്ദവിസ്വരാജ് സ്ഥാപിച്ച് ന്യായപൂര്‍ണവും ജനഹിതകാരിയുമായ ഭരണവ്യവസ്ഥയിലൂടെ വിദേശഭരണത്തില്‍ നിന്നുള്ള മുക്തിമാര്‍ഗം കാട്ടിത്തന്ന ഛത്രപതി ശ്രീ ശിവജി മഹാരാജിന്റെ രാജ്യാഭിഷേകത്തിന്റെ 350-ാം വര്‍ഷം, ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍നിന്ന് മോചനം നേടാന്‍ സത്യാര്‍ത്ഥപ്രകാശത്തിലൂടെ സമ്പൂര്‍ണജനങ്ങളുടെയും മനസില്‍ തനിമയുടെ വ്യക്തത പകര്‍ന്ന മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ഇരുന്നൂറാം ജന്മവാര്‍ഷികം… ഒക്കെ നമ്മള്‍ സമുചിതമായി ആചരിച്ചു.
വരുന്ന വര്‍ഷം സമാനമായ രീതിയില്‍ ദേശീയ പുരുഷാര്‍ത്ഥത്തിന് ശാശ്വത പ്രചോദനമായി മാറിയ രണ്ട് വിഭൂതികളുടെ കൂടി പവിത്ര സ്മരണയുടെ വര്‍ഷമാണ്. സ്വത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ബലിദാനം ചെയ്ത, ഉദ്യമം, സാഹസം, ധൈര്യം, ബുദ്ധി, ശക്തി, പരാക്രമം എന്നിവയെ കരുത്താക്കി, പ്രജാക്ഷേമതത്പരയായി ഭരണനിര്‍വഹണം നടത്തിയ ആദര്‍ശശാലിയായ മഹാറാണി ദുര്‍ഗാവതിയുടെ 500-ാം ജയന്തി വര്‍ഷമാണിത്. ഭാരതീയസ്ത്രീകളുടെ പ്രതിബദ്ധതയുടെയും ഉജ്ജ്വലമായ ശീലത്തിന്റെയും ജാജ്ജ്വല്യമായ ദേശഭക്തിയുടെയും ദീപ്തമായ ആദര്‍ശമാണ് മഹാറാണി ദുര്‍ഗാവതി.
ജനഹിതം നിറവേറ്റുന്നതിലെ ശ്രദ്ധയും ഭരണനൈപുണ്യവും കൊണ്ട് സാമാജിക അസമത്വത്തിന്റെ അടിവേരറുക്കുന്നതിനായി ജീവിതകാലം മുഴുവന്‍ സമ്പൂര്‍ണശക്തിയും സമര്‍പ്പിച്ച മഹാരാഷ്‌ട്രയിലെ കോല്‍ഹാപ്പൂര്‍ ഭരണാധികാരിയായിരുന്ന ഛത്രപതി ഷാഹുജി മഹാരാജിന്റെ 150-ാം ജയന്തി വര്‍ഷം കൂടിയാണിത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യ ജ്വാല ഉണര്‍ത്താന്‍ ചെറുപ്പകാലം മുതല്‍ യത്‌നിച്ച തമിഴ് സംന്യാസി ശ്രീമദ് രാമലിംഗ വല്ലലാറുടെ ഇരുന്നൂറാം ജയന്തി ഈ മാസമാണ് ആചരിച്ചത്. പട്ടിണിക്കാര്‍ക്ക് ഭക്ഷണം നല്കാന്‍ വേണ്ടി അദ്ദേഹം കത്തിച്ച അടുപ്പുകള്‍ ഇന്നും തമിഴ് നാട്ടില്‍ അണയാതെ നില്‍ക്കുന്നു. ആ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യത്തോടൊപ്പം സമാജത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ ഉണര്‍വിനും സാമൂഹിക അസമത്വങ്ങളുടെ സമ്പൂര്‍ണ്ണ ഉന്മൂലനത്തിനും വേണ്ടിയാണ് അദ്ദേഹം ജീവിതത്തിലുടനീളം പ്രവര്‍ത്തിച്ചത്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയില്‍ പ്രചോദനാത്മകമായ ഈ വിഭൂതികളുടെ സ്മരണയിലൂടെ സമാജിക സമരസതയുടെയും ഏകാത്മകതയുടെയും സ്വത്വ രക്ഷയുടെയും സന്ദേശം നമുക്ക് ആര്‍ജ്ജിക്കാനാകും.
അവനവന്റെ സ്വത്വത്തെ തിരിച്ചറിയാനും തനിമ കാത്തുസൂക്ഷിക്കുവാനുമുള്ള മനുഷ്യന്റെ പരിശ്രമം സ്വാഭാവികവും സഹജവുമാണ്.വളരെ വേഗത്തില്‍ അകലം കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ എല്ലാ രാജ്യങ്ങളിലും ഇതേപ്പറ്റിയുള്ള ചിന്ത പ്രബലമാണ്. ലോകത്തിന് മുഴുവന്‍ ഒരു നിറം നല്കാനുള്ള, ഏകരൂപം നല്കാനുള്ള ഒരുശ്രമവും ഇന്നേവരെ വിജയിച്ചിട്ടില്ല. ഇനി വിജയിക്കുകയുമില്ല. ഭാരതത്തിന്റെ തനിമയെ, ഹിന്ദു സമാജത്തിന്റെ സ്വത്വത്തെ ശ്രേഷ്ഠതയില്‍ നിലനിര്‍ത്തിപ്പോരുക എന്ന ആശയം സ്വാഭാവികമാണ്. ലോകത്തിന്റെ വര്‍ത്തമാനകാല ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്, സ്വന്തം മൂല്യങ്ങളെ അടിസ്ഥാനമാക്കി, കാലത്തിന് യോഗ്യമായ രീതിയില്‍, പുതിയ നിറഭാവങ്ങളില്‍ ഭാരതം അന്തസ്സോടെ ഉയര്‍ന്നുനില്ക്കണമെന്നത് ലോകത്തിന്റെയാകെ പ്രതീക്ഷയാണ്.
ഹിമാലയന്‍ മേഖല നല്കുന്ന സൂചന
മതസമ്പ്രദായങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന ഭ്രാന്തിനെയും തീവ്രവാദത്തെയും അഹങ്കാരത്തെയും ലോകം അഭിമുഖീകരിക്കുകയാണ്. സ്വാര്‍ത്ഥത മൂലമുള്ള പരസ്പരസംഘര്‍ഷങ്ങളും കലാപങ്ങളും ഉക്രൈനും ഗാസയും പോലെ യുദ്ധസമാനമായ സാഹചര്യങ്ങള്‍ക്ക് കാരണമാകുന്നു എന്നതാണ് വാസ്തവം. പ്രകൃതിവിരുദ്ധ ജീവിത ശൈലി, അനിയന്ത്രിതമായ ഉപഭോഗം എന്നിവ മൂലം ശാരീരികവും മാനസികവുമായ പുതിയ പുതിയ രോഗങ്ങള്‍ ഉയര്‍ന്നുവരുന്നു. കൊള്ളരുതായ്മകളും കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്നു. അമിതമായ വ്യക്തിവാദം മൂലം കുടുംബങ്ങള്‍ തകരുന്നു. അതിരില്ലാത്ത പ്രകൃതിചൂഷണം, ആഗോളതാപനം, ഋതുക്രമത്തിലെ അസന്തുലനം ഇതൊക്കെ മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ വര്‍ഷംതോറും വര്‍ധിക്കുന്നു. തീവ്രവാദത്തിനും ചൂഷണത്തിനും അമിതാധികാരവാദത്തിനും തുറന്ന മൈതാനങ്ങള്‍ ലഭിക്കുന്നു. ഇടുങ്ങിയ ദൃഷ്ടിയിലൂടെ മാത്രം ഈ പ്രശ്‌നങ്ങളെ കാണുന്ന ലോകത്തിന് ഇവയെ നേരിടാനാവില്ലെന്ന് ഉറപ്പായി. അതുകൊണ്ട് സനാതനമൂല്യങ്ങളുടെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനത്തില്‍ സ്വന്തം ഉദാഹരണത്തിലൂടെ യഥാര്‍ത്ഥ സുഖത്തിലേക്കും ശാന്തിയിലേക്കുമുള്ള പുതിയ പാത ഭാരതം ലോകത്തിന് നല്കും എന്ന പ്രതീക്ഷ ഉണര്‍ന്നിരിക്കുന്നു.
മേല്‍പ്പറഞ്ഞ സാഹചര്യങ്ങളുടെ ഒരു ചെറിയ പതിപ്പ് ഭാരതത്തിലും നമ്മള്‍ അഭിമുഖീകരിക്കുകയാണ്. ഉദാഹരണത്തിന്, അടുത്തിടെ ഹിമാലയ മേഖലയിലെ ഹിമാചല്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ തുടങ്ങി മധ്യമേഖലയിലെ സിക്കിം വരെ, അടിക്കടി പ്രകൃതിദുരന്തങ്ങളുടെ മാരകമായ വിപത്താണ് നമ്മള്‍ നേരിടുന്നത്. ഭാവിയില്‍ നേരിട്ടേക്കാവുന്ന ഗുരുതരവും വ്യാപകവുമായ പ്രതിസന്ധികളെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന ആശങ്കയും ചര്‍ച്ചയും നടക്കുന്നു.
രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷ, ജലസുരക്ഷ, പാരിസ്ഥിതിക ആരോഗ്യം എന്നിവയ്‌ക്കായി ഭാരതത്തിന്റെ വടക്കന്‍ അതിര്‍ത്തി നിര്‍ണയിക്കുന്നതിനുള്ള ഈ മേഖലയ്‌ക്ക് മഹത്വപൂര്‍ണമായ ഉത്തരവാദിത്തമുണ്ട്. എന്തുവിലകൊടുത്തും ഇത് സംരക്ഷിക്കേണ്ടതാണ്. സുരക്ഷ, പരിസ്ഥിതി, ജനസംഖ്യ, വികസനം തുടങ്ങിയവ മുന്‍നിര്‍ത്തി ഹിമാലയന്‍ മേഖലകളെയാകെ ഒറ്റ ഘടകമായി കാണേണ്ടിവരും. പ്രകൃതിരമ്യമായ ഈ ഭൂപ്രദേശം ഭൂഗര്‍ഭശാസ്തത്തിന്റെ ദൃഷ്ടിയില്‍, പുതിയതും വീണ്ടുംവീണ്ടും നവീകരിക്കുന്നതും അതുകൊണ്ടുതന്നെ അസ്ഥിരവുമാണ്. ഭൂതലവും ഭൂഗര്‍ഭവുമായ സവിശേഷതയോ ജലസ്രോതസുകള്‍, സസ്യജന്തുജാലങ്ങള്‍, ജൈവവൈവിധ്യങ്ങള്‍ തുടങ്ങിയ പ്രത്യേകതകളോ പരിഗണിക്കാതെയാണ് ഇവിടെ ഏകപക്ഷീയമായ വികസന പദ്ധതികള്‍ നടപ്പാക്കിയത്. ഇതിന്റെ ഫലമായാണ് ഹിമാലയന്‍ മേഖലയും അതുവഴി രാജ്യം മുഴുവനും പ്രതിസന്ധിയുടെ വക്കിലായത്. കിഴക്ക്, തെക്കുകിഴക്കന്‍ രാജ്യങ്ങളിലെല്ലാം ജലം നല്കുന്നത് ഈ മേഖലയാണ്. ഇതേ മേഖലയിലാണ് ഭാരതത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ വര്‍ഷങ്ങളായി ചൈനയുടെ മുട്ട് നമ്മള്‍ കേള്‍ക്കുന്നത്. അതുകൊണ്ട് ഈ പ്രദേശത്തിന് ഭൂമിശാസ്ത്രപരവും രാഷ്‌ട്രതന്ത്രപരവുമായ പ്രാധാന്യമുണ്ട്. ഇതുകൊണ്ട് ഈ മേഖലയിലെ പ്രശ്‌നങ്ങളെ മറ്റൊരു കാഴ്ചപ്പാടോടെ സമീപിക്കണം. ഹിമാലയന്‍ മേഖലയിലാണ് ഈ സംഭവങ്ങള്‍ കൂടുതലായി നടക്കുന്നതെങ്കിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇതേപോലുള്ള സാഹചര്യങ്ങളുണ്ടെന്നാണ് മനസിലാകുന്നത്.
(നാളെ: ലോകം ഭാരതീയ മൂല്യങ്ങളിലേക്ക് തിരിയുന്നു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: