കോഴിക്കോട്: ആചാരത്തിലും അനുഷ്ഠാനത്തിലും കലയിലും ഭാഷയിലും ജീവിതത്തിലാകെയും ഭാരതീയതയെ പ്രോജ്വലിപ്പിക്കാന്‍ കഴിയണമെന്ന് സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് കഴിയാത്തത് ഭാരതത്തിനു കഴിയും. ഇന്ത്യക്ക് അര്‍ത്ഥവും കാമവുമേ നല്കാന് കഴിയൂ. ഭാരതത്തിന് അതിനുമപ്പുറം ധര്‍മ്മവും ആത്യന്തിക ജീവിതലക്ഷ്യമായ മോക്ഷവും നല്‍കാനാകുമെന്ന് തിരിച്ചറിയണം, കേസരി നവരാത്രി സര്‍ഗോത്സവത്തിലെ മാതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരുഷനൊപ്പം സ്ത്രീക്കും സ്ഥാനം നല്കുന്ന ദര്‍ശനമായിരുന്നു ഭാരതത്തിന്. പക്ഷേ ആ ദര്‍ശനത്തെ പ്രായോഗികതലത്തില്‍ കൊണ്ടുവരുന്നതില്‍ ചിലര്‍ക്ക് പരാജയം സംഭവിച്ചുപോയി. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് വിശ്വസിക്കുകയും പറയുകയും ചെയ്തു. പക്ഷേ, സ്വന്തം സഹോദരനായി കാണേണ്ടവനോട് മാറിനില്ക്ക്, തീണ്ടരുതെന്ന് പറയുന്ന അനാചാരങ്ങളിലേക്ക് പോയപ്പോള്‍ ഹിന്ദുസമാജം അപഹാസ്യരായി. ഇതുപോലെ സ്ത്രീകളോട് പെരുമാറുന്നതില്‍ വീഴ്ചവന്നു. സ്ത്രീയാണ് ശക്തി. ശക്തിസ്വരൂപീണിയായാണ് ദൈവസങ്കല്പ്പം പോലും.
ഇന്ത്യയും ഭാരതീയതയും തമ്മിലുള്ള സംഘര്‍ഷം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇന്ത്യ എന്നത് ശബ്ദമുണ്ടാക്കുന്ന ഓട്ടപ്പാത്രം പോലെയാണ്. ഭാരതം അതല്ല. ഭാരതീയതയ്ക്ക് ഇന്ന് ലോകമാസകലം സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുന്നു. ഭാരതീയതയുടെ പ്രചാരണത്തിന് പ്രവര്‍ത്തിക്കുന്ന ഭരണകൂടമാണിന്നുള്ളത്.
പുരോഗതിയും നവീനതയും പറഞ്ഞ് സംസ്കാരത്തില്‍ നിന്ന് നാം അകന്നുപോകുന്നു. മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ പോകുന്നു യുവ തലമുറ. വീടുകളില്‍ നമ്മുടെ കുട്ടികള്‍ക്ക് മാതൃഭാഷ സംസാരിക്കാന്‍ അവസരങ്ങള്‍ ഉണ്ടാക്കണം. ബാങ്ക് ബാലന്സുള്ളവരെ മാത്രമേ ബഹുമാനിക്കുള്ളുവെന്ന കാലം വരുന്നു. പ്രായമായവരെ വീടുകളിലും പുറത്തും ഉപേക്ഷിക്കുന്നു. പ്രായമായവര്‍ അവഗണിക്കപ്പെടുന്നു. അത് അപകടകരമായ പോക്കാണ്.
നമ്മുടെ രക്തത്തില്‍ പിറന്നവര്‍ക്ക് അവരുടെ പൂര്‍വികരെ പരിചയപ്പെടുത്തിക്കൊടുത്ത് അവരെ പൈതൃകത്തില്‍ നിലനിര്‍ത്തണം. നമുക്ക് ജന്മം നല്‍കിയവരെ അവരുടെ അവസാന ശ്വാസംവരെ സംരക്ഷിച്ച് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്ന സംസ്കാരം പകര്‍ന്നുകൊടുക്കണം. ഈ സംസ്കാരം നമ്മുടെ കുടുംബങ്ങളില്‍ തുടങ്ങണം, തുടരണം. അതാണ് ഈ മാതൃസംഗമംകൊണ്ട് കേസരി നല്കുന്ന സന്ദേശം. ഒരു വാരികയ്ക്ക് അപ്പുറം കേസരിയുടെ സാംസ്കാരിക ദൗത്യം അതാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: