മസ്കറ്റ്: പ്രസിദ്ധരായ ഭാരതീയ കലാകാരന്മാരുടെ ചിത്രരചനകൾ പരിചയപ്പെടുത്തുന്ന ‘ഇന്ത്യ ഓൺ കാൻവാസ്’ എന്ന പ്രത്യേക പ്രദർശനം മസ്‌കറ്റിലെ നാഷണൽ മ്യൂസിയത്തിൽ ആരംഭിച്ചു. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ ഭാരത വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ‘ഇന്ത്യ ഓൺ കാൻവാസ്’ എക്സിബിഷൻ കഴിഞ്ഞ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തത്.
‘ഇന്ത്യ ഓൺ കാൻവാസ്: മാസ്റ്റർപീസസ് ഓഫ് മോഡേൺ ഇന്ത്യൻ പെയിന്റിംഗ്’ എന്ന ഈ പ്രദർശനം ആധുനിക കാലഘട്ടത്തിലെ 16 പ്രധാന ഭാരതീയ കലാകാരന്മാരുടെ ചിത്രരചനകൾ ഉൾപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. ന്യൂദൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് (NGMA), ഒമാനിലെ ഭാരത എംബസി എന്നിവരുമായി സഹകരിച്ചാണ് മസ്‌കറ്റിലെ നാഷണൽ മ്യൂസിയത്തിൽ ഈ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
രാജാ രവി വർമ്മ, അമൃത ഷെർഗിൽ, നന്ദലാൽ ബോസ്, ജാമിനി റോയ് തുടങ്ങിയ കലാകാരന്മാരുടെ രചനകൾ ഈ പ്രദർശനത്തിലുണ്ട്. NGMA-യിൽ നിന്നുള്ള 20 ചിത്രങ്ങളാണ് ഈ പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഒമാനും ഭാരതവും തമ്മിലുള്ള സാംസ്കാരിക, കലാപരമായ ബന്ധങ്ങളെ ഈ ചിത്ര പ്രദർശനം എടുത്ത് കാട്ടുന്നു. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ ഈ ചിത്രങ്ങൾ ആദ്യമായാണ് പ്രദർശിപ്പിക്കുന്നത്. ഈ പ്രദർശനം ജനുവരി 20 വരെ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: