ശരത്കാലത്തിന്റെ ആദ്യപക്ഷത്തിലെ പത്താം ദിവസമാണ് പുണ്യം ചിലമ്പണിഞ്ഞ വിജയദശമി. ഒമ്പതു ദിവസം എല്ലാ അര്‍ഥത്തിലും നവരാത്രി. എട്ടാംദിവസം ദുര്‍ഗാഷ്ടമിയും ഒമ്പതാം ദിവസം മഹാനവമിയും. ദുര്‍ഗാപൂജയും സരസ്വതീപൂജയും ഒപ്പം ആയുധപൂജയും ഗന്ഥപൂജയും കഴിഞ്ഞാല്‍ വീടും നാടും വിശുദ്ധമാവും. ഈ പവിത്രഭൂമികയില് വേണം നവസര്ഗാരംഭങ്ങള്. അക്ഷരകലയുടെ അനന്തചൈതന്യത്തിലേക്ക് അരിയില്‍ വിരലുകളൊഴുകുന്ന ധന്യമുഹൂര്‍ത്തം. ഇളം ചുണ്ടുകള്‍ക്ക് ആപാദമധുരമായ സംഗീതത്തിന്റെ ആദ്യ സ്വരമേളനം. നാളെയുടെ നൃത്ത്യനാട്യങ്ങള്ക്കായി ചിലമ്പണിയുന്ന ധന്യമുഹൂര്‍ത്തം. സമസ്തകലകളുടേയും സമാരംഭം. ഈ നിമിഷത്തെ നാം മെരുക്കി വളര്‍ത്തുക. കലയും കാലവും സാക്ഷിയാവുന്ന വിദ്യാരംഭം.
എല്ലാവിദ്യയും വെളിച്ചമാണ്. താമസത്വത്തിനുമേല് സാത്വികത നേടുന്ന വിജയമായി വേണം വിജയദശമിയെ സമാദരിക്കേണ്ടത്. ഇരുട്ടിനെ വെളിച്ചം ആട്ടിപ്പായിപ്പിക്കുന്ന നിമിഷം. തിന്മയെ നന്മ കീഴടക്കുന്ന ദിനം. ആണ്ടോടാണ്ട് നാം ഈ ദിനം കൊണ്ടാടുന്നു.
അറിവിനെ ആദരിക്കുകയും ആതധിക്കുകയും ചെയ്യുന്ന സംസ്ക്കാരമാണ് ഭാരതത്തിനുള്ളത്. പാരിന്റെ അടിക്കല്ല്, അറിവിനാല്‍ കണ്ടറിഞ്ഞവരാണ് ഭാരതവര്‍ഷത്തിലെ പൂര്വരാമൃഷീന്ദ്രന്മാര്. ജ്ഞാനവിജ്ഞാനശോഭിതരായ ഋഷി പരമ്പര.
ജ്ഞാനം, ജ്ഞേയം, ജാതാവ്, എന്നീ ത്രിപുടിയില്‍ ബ്രഹ്മസാക്ഷാത്ക്കാരം നേടിയവര്‍. അറിവിന്റെ ദിവ്യജലത്തില്‍ നിത്യവും സ്നാനം നടത്തിയവര്‍. ‘നഹിജ്ഞാനേന സദൃശ’മെന്ന് സ്വജീവിതത്താല്‍ സമര്‍ഥിച്ചവര്‍. വിദ്യകൈവശമുണ്ടെങ്കില് മര്ത്ത്യര്ക്കെന്തിനു വിത്തം എന്നുറക്കെ ചോദിച്ചവര്‍. ധനമാണ് വിദ്യ. അതാവട്ടെ സര്വധനാത്പ്രധാനവും.
വിദ്യയ്ക്ക് അസാധാരണമായ ഒരു നിര്‍വചനം നമ്മുടെ സംസ്കൃതിയില്‍ നല്‍കിയിട്ടുണ്ട്. അതിങ്ങനെ: ‘അന്തര്മുഖാശക്തിരേവ വിദ്യാ’. അന്തര്‍മുഖമായ ശക്തിയാണ് വിദ്യ. ‘ഗിീംഹറഴല ശ െുീംലൃ’. അറിവ് ശക്തിയാണ്. ഈ ചൊല്ലൊക്കെ ആധുനികമാണ്. അന്തര്‍ദര്‍ശനത്തിന്റെ ശക്തിയാണ് അറിവെന്ന് പണ്ടേയ്ക്കുപണ്ടേ ഭാരതം ഉറക്കെപ്പറഞ്ഞിരിക്കുന്നു.
അകക്കണ്ണുതുറപ്പിക്കുന്നതാണ് വിദ്യ. ഇവിടെയാവശ്യം ഗുരുത്വം ഒന്നു തന്നെ. ഗുരുത്വം കുറയുമ്പോള്‍ അറിവേറിയവര്‍ അഴിമതി കാട്ടും. പ്രേയസ്സിനാവരുത് ജ്ഞാനവിജ്ഞാനങ്ങള്‍. ശ്രേയസ്സിനാവണം.
വ്യാസനും കാളിദാസനും ശ്രീശങ്കരനും ശ്രീരാമകൃഷ്ണ പരമഹംസരുമെല്ലാം ദേവീഭക്തരായിരുന്നു. ഭക്തര്‍ എന്നതിലുപരി ദേവ്യുപാസകരായിരുന്നുവെന്നു വേണം പറയാന്‍. എത്രയെത്ര അനുഭവങ്ങളാണവര്‍ പങ്കുവെച്ചിരിക്കുന്നത്. നമ്മുടെ എത്രയെത്ര രാജാക്കന്മാരും ചക്രവര്‍ത്തിമാരുമാണ് സാഹിത്യത്തെയും സംഗീതത്തെയുമൊക്കെ ആരാധനാപൂര്‍വം പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ നവരാത്രി മണ്ഡപത്തിലെ സംഗീതസദസ്സുകള്‍ ഇവിടെ ഓര്‍മിക്കുക. ഒമ്പതു ദിവസത്തേക്ക് ഒമ്പതു കീര്‍ത്തനങ്ങള്‍. നവരാത്രി കീര്‍ത്തനങ്ങള്‍ എന്ന് ഇവ അറിയപ്പെടുന്നു. ഒമ്പതില്‍ ആറെണ്ണം സരസ്വതീ സ്തുതികള്‍. മൂന്നെണ്ണം പാര്വതീസ്തവങ്ങള്. ഇന്നും തിരുവനന്ത
പുരത്ത് നവരാത്രി സംഗീതസഭ നാദനൈവേദ്യമൊരുക്കുന്നു.
സംഗീതത്തിന്റെ, സാഹിത്യത്തിന്റെ, ദൃശ്യശ്രവ്യകലകളുടെയൊക്കെയും അധിദേവത ദേവിയായിരിക്കെ വിജയദശമി നാളിലെ വിദ്യാരംഭം ശ്രേഷ്ഠവും കുലീനവും ധന്യവുമാകുന്നു. കാരണം മാതൃത്വത്തിന്റെ ദിവ്യഭാവസ്പര്ശം ഇതിനുണ്ടാവുന്നു എന്നതു തന്നെ.
സ്വസ്വരൂപമായ ആത്മതത്വത്തെ പ്രകാശിപ്പിക്കുന്നവളാണ് വിദ്യാദേവതയായ സരസ്വതി. വിജയദശമിനാളിലെ സരസ്വതീപൂജ ബ്രഹ്മൈക്യാനുഭൂതിയാണ് പകരുന്നത്. വിചാരവിവേകത്തോടെ വിദ്യാവിഭവങ്ങള് നാം സമാര്‍ജിക്കുക. കാരണം ഒരു തലമുറയ്ക്ക് മാത്രമായുള്ളതല്ല ഇത്.
ഈ വിശ്വാസംകൂടി വിജയദശമി നാളില്‍ ഓര്‍മിക്കുക. ‘ദസറ’ യുമായി ബന്ധപ്പെട്ടതാണ്. കാശിയിലെ ദശാശ്വരഘട്ടത്തില് സ്നാനം ചെയ്താല്‍ ദശവിധപാപങ്ങള്‍ നീങ്ങുമത്രെ.
‘ദശാപഹാരം’ എന്നതിന്റെ സങ്കുചിത രൂപമെത്ര ‘ദസറ’. ദസറ ചിലയിടങ്ങളില്‍ രാമലീലയാണ്. രാവണവധം കഴിഞ്ഞ് സീതാസമേതം തിരിച്ചെത്തുന്ന രാമന്റെ വരവേല്പാണ് ആഘോഷങ്ങളുടെ കാതല്‍.
എല്ലാ സംരംഭങ്ങള്‍ക്കും ‘ഊര്‍ജശക്തി’ പ്രദാനം ചെയ്യുന്ന ജഗജ്ജനനിയുടെ ആരാധന നമ്മെ നന്മയിലേക്ക് നയിക്കുക തന്നെ ചെയ്യും. ഈ രൂഢിയായ വിശ്വാസമാണ് നവരാത്രി സമാചരണത്തിന് നവനവോന്മേഷം നല്‍കുന്നത്.
‘യാകുന്ദേന്ദുതുഷാരഹാര ധവളാ…’
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: