ന്യൂദല്‍ഹി: 2027ന് മുമ്പ് രാജ്യത്ത് രണ്ട് കോടിയിലധികം കര്‍ഷകര്‍ ജൈവകൃഷിയില്‍ ഏര്‍പ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ . നിരവധി കര്‍ഷകര്‍ ഇപ്പോള്‍ ജൈവകൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ടെന്നും അവരുടെ ജൈവ ഉല്പന്നങ്ങളുടെ പ്രയോജനം അവര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ കോഓപ്പറേറ്റീവ് ഫോര്‍ എക്സ്പോര്‍ട്ട്സ് ലിമിറ്റഡിന്റെ (എന്‍സിഇഎല്‍) ലോഗോ, വെബ്സൈറ്റ്, ലഘുലേഖ എന്നിവയുടെ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അമിത് ഷാ പറഞ്ഞു. രാജ്യത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങള്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സഹകരണ മേഖലയെ ശക്തിപ്പെടുത്തനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക കയറ്റുമതി വര്‍ധിപ്പിക്കുക, കര്‍ഷകരെ ശാക്തീകരിക്കുക എന്നിവയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കയറ്റുമതി അവസരങ്ങളുള്ള സഹകരണ സംഘങ്ങളെ പ്രോത്സാപ്പിക്കുന്നതിനാണ് നാഷണല്‍ കോഓപ്പറേറ്റീവ് എക്സ്പോര്‍ട്ട് ലിമിറ്റഡ് രൂപീകരിച്ചിരിക്കുന്നതെന്നും ഇത് കര്‍ഷകരും സഹകരണ സംഘങ്ങളും ആഗോള വിപണിയും തമ്മില്‍ ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള ജൈവ ഇന്ധന സഖ്യത്തിന് തുടക്കമിട്ടിരുന്നുവെന്നും എതനോളിനെയും മറ്റ് ജൈവ ഇന്ധനങ്ങളെയും കുറിച്ച് ലോകത്ത് അവബോധം സൃഷ്ടിക്കുന്ന ഈ സഖ്യത്തിന് ഇന്ത്യ നേതൃത്വം നല്‍കുകയാണെന്നും ചടങ്ങില്‍ സംസാരിച്ച കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഇത് ആവശ്യം വര്‍ധിപ്പിക്കുമെന്നും ഈ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിരവധി കമ്പനികള്‍ എതനോള്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും സഹകരണ മേഖലയും മുന്‍കൈ എടുത്താല്‍ രാജ്യത്തിന് വര്‍ധിച്ചുവരുന്ന എതനോളിന്റെ ആവശ്യം നിറവേറ്റാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: