ജയ്പൂര്‍: കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ബിജെപിയുടെ ഉറച്ചകോട്ടയായി മാറിയ സംസ്ഥാനമാണ് രാജസ്ഥാന്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണം മാറുമെങ്കിലും ബിജെപിയുടെ അടിസ്ഥാന വോട്ടില്‍ കുറവു വരാത്ത സംസ്ഥാനവും രാജസ്ഥാനാണ്.
2018ല്‍ 200ല്‍ 100 സീറ്റുകളുമായി കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ പോലും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വോട്ടുകളില്‍ ഒന്നേകാല്‍ ശതമാനം മാത്രമായിരുന്നു കുറവ്.
സംസ്ഥാനത്തെ മുഴുവന്‍ ലോക്സഭാ സീറ്റുകളും 2014 മുതല്‍ ബിജെപിക്കൊപ്പമാണ്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ മുന്നേറ്റമാണ് സംസ്ഥാനത്ത് അഭിപ്രായ സര്‍വ്വേകള്‍ പ്രവചിച്ചിരിക്കുന്നത്.
തുടങ്ങിയത് ഷെഖാവത്ത്
1977ല്‍ ഭൈരോണ്‍ സിങ് ഷെഖാവത്ത് ജനതാപാര്‍ട്ടി മുഖ്യമന്ത്രിയായി അധികാരത്തിലേറിയതു മുതലാണ് രാജസ്ഥാനില്‍ ജനസംഘം ശക്തിപ്രാപിക്കുന്നത്. മൂന്നുവര്‍ഷത്തോളം ഷെഖാവത്ത് സര്‍ക്കാര്‍ രാജസ്ഥാന് ഭരിച്ചു. 1980ല്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചു പിടിച്ചെങ്കിലും 1990ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷെഖാവത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി.
എന്നാല്‍ അയോധ്യാ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികാര നടപടിയുടെ ഭാഗമായി കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഷെഖാവത്ത് മന്ത്രിസഭയെ 1992ല്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.
1993 ഡിസംബറില്‍ വലിയ വിജയത്തോടെ വീണ്ടും സംസ്ഥാനത്ത് അധികാരത്തിലേറിയായിരുന്നു ഇതിന് ബിജെപി ജനാധിപത്യ മറുപടി നല്‍കിയത്. 1998ല്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കിലും 2003ല്‍ വസുന്ധര രാജ സിന്ധ്യയുടെ നേതൃത്വത്തില്‍ ബിജെപി അധികാരം തിരികെ പിടിച്ചു. 2008ല്‍ ഗെഹ്ലോട്ട് വീണ്ടും മുഖ്യമന്ത്രിയായി. 2013ല്‍ വസുന്ധര ഒരിക്കല്‍ക്കൂടി ബിജെപി മുഖ്യമന്ത്രിയുമായി.
ഇരുപത്തഞ്ചില്‍ ഇരുപത്തഞ്ച്
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ 25 ലോക്സഭാ സീറ്റുകളും വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി പിടിച്ചെടുത്തു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിവു പോലെ അധികാരം കോണ്‍ഗ്രസിന് കൈമാറേണ്ടിവന്നെങ്കിലും ബിജെപിയുടെ വോട്ടില്‍ കുറവുണ്ടായില്ല.
അധികാരം ലഭിച്ച കോണ്‍ഗ്രസിന് ഒന്നര ലക്ഷം വോട്ടുകള്‍ മാത്രമാണ് അധികം ലഭിച്ചത്. കോണ്‍ഗ്രസ് നൂറ് സീറ്റിലും ബിജെപി 73 സീറ്റിലും വിജയിച്ചു. എന്നാല്‍ അഞ്ചുമാസങ്ങള്‍ക്ക് ശേഷം 2019 ഏപ്രിലില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം 61 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു.
25 ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 34.5 ശതമാനത്തിലേക്ക് ഒതുങ്ങി. മാത്രമല്ല, മിക്ക ലോക്സഭാ മണ്ഡലങ്ങളിലും ബിജെപിയുടെ ഭൂരിപക്ഷം മൂന്നുലക്ഷത്തിന് മുകളിലേക്കുയര്‍ന്നു.
ചിത്തോര്ഗട്ടിലും രാജ്സമന്ദിലും അഞ്ചര ലക്ഷത്തിന് മുകളിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഭൂരിപക്ഷം ഉയര്‍ന്നപ്പോള്‍ ബില്‍വാരയില്‍ ബിജെപി നേതാവ് സുഭാഷ് ചന്ദ്ര ബഹേരിയയുടെ ഭൂരിപക്ഷം 6.11 ലക്ഷമായിരുന്നു. സമാനമായ വിജയമാണ് ഇത്തവണ നിയമസഭയിലും ബിജെപി പ്രതീക്ഷിക്കുന്നത്. ബിജെപിക്ക് 125ന് മുകളില്‍ സീറ്റുകളാണ് മിക്ക അഭിപ്രായ സര്‍വ്വേകളും പ്രവചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: