തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം നേതാവുമായ പി.ആര്. അരവിന്ദാക്ഷന് പിന്തുണയുമായി സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി. അതേ സമയം അരവിന്ദാക്ഷന് നേരത്തെ നല്‍കിയിരുന്ന പിന്തുണ ഇപ്പോള്‍ സിപിഎം തൃശൂര്‍ ജില്ലാ നേതൃത്വത്തില്‍ നിന്നില്ല. കാരണം വ്യക്തമായ തെളിവുകള്‍ അരവിന്ദാക്ഷനെതിരെ ഇഡി നിരത്തിയതോടെ പിന്തുണച്ചാല്‍ ജനവികാരവും അണികളുടെ വികാരവും എതിരാവുമെന്ന് ജില്ലാ നേതൃത്വം കണക്ക് കൂട്ടുന്നു.
എന്നാല്‍ അരവിന്ദീക്ഷന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ സിപിഎമ്മിന്റെ വടക്കാഞ്ചേരിയിലെയും അരവിന്ദാക്ഷന്റെ സ്വന്തം ജന്മനാടായ പാര്ളിക്കാടിലെയും അണികള്‍ പിന്തുണയുമായി കോടതിമുറ്റത്ത് എത്തിയിരുന്നു. ആദ്യഘട്ടത്തില്‍ സിപിഎം ജില്ലാ നേതൃത്വം കരുവന്നൂര്‍ വിഷയത്തില്‍ അരവിന്ദാക്ഷന് അനുകൂലമായി ശക്തമായി നിലയുറപ്പിച്ചിരുന്നു. കാരണം ആദ്യഘട്ടത്തില്‍ അരവിന്ദാക്ഷന് നഗരസഭാ കൗണ്‍സിലറെന്ന നിലയ്ക്കുള്ള വരുമാനം മാത്രമേയുള്ളൂ എന്നാണ് പ്രചരിപ്പിച്ചിരുന്നത്.
എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴുള്ള വാദത്തില്‍ അരവിന്ദാക്ഷന് പാറമട ബിസിനസും ഹോട്ടല്‍ ബിസിനസും ഉണ്ടായിരുന്നതായി പറഞ്ഞിരുന്നു. സാധാരണ നഗരസഭാ കൗണ്‍സിലറായിരുന്ന അരവിന്ദാക്ഷന്റെ പാറമട മുതലാളിയിലേക്കും ഹോട്ടല്‍ മുതലാളിയിലേക്കുമുള്ള മുന്നേറ്റം പാര്‍ട്ടി ജില്ലാ നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റുവാങ്ങിക്കൊടുക്കുന്ന ഇടപാടും നടത്തിയിരുന്നതായി പറയുന്നു. സതീഷ് വെളപ്പായ എന്ന തട്ടിപ്പുകാരനുമായുള്ള അടുപ്പമാണ് അരവിന്ദാക്ഷനെ പ്രതിപ്പട്ടികയില്‍ എത്തിച്ചത്. അരവിന്ദാക്ഷന് വഴിയാണ് ഇഡി മുന്‍ മന്ത്രി എ.സി. മൊയ്തീനിലേക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: