ധര്‍മ്മശാല: ലോകകപ്പ് ക്രിക്കറ്റില്‍ തുടരെയുള്ള അഞ്ചാം ജയവുമായി ഭാരതം സെമിപ്രവേശത്തിനിരികെയെത്തി. ന്യൂസിലന്‍ഡിന്റെ ഓള്‍ റൗണ്ട് മികവിനെ നാല് വിക്കറ്റിന് കീഴടക്കിയായിരുന്നു ഭാരത്തതിന്റെ മിന്നും വിജയം. ന്യൂസിലന്‍ഡ് മുന്നില്‍ വച്ച 274 റണ്‍സ് വിജയലക്ഷ്യം 48 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഭാരതം മറികടന്നു. സെഞ്ചറിക്കരികെയെത്തിയ വിരാട് കോഹ്‌ലിയുടെ(95) തകര്‍പ്പന്‍ പ്രകടനവും മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടവും ഭാരതത്തെ തുണച്ചു.
സ്‌കോര്‍: ന്യൂസിലന്‍ഡ്- 273/10(50), 274/6(48)
13ാം ലോകകപ്പില്‍ ആദ്യമായി അവസരം കിട്ടിയ മുഹമ്മദ് ഷമിയുടെ ഉജ്ജ്വല ബോളിങ് പ്രകടനമാണ് ഭാരത വിജയത്തില്‍ ഇന്നലെ നിര്‍ണായകമായത്. പത്ത് ഓവറില്‍ 54 റണ്‍സ് വഴങ്ങിയ താരം അഞ്ച് വിക്കറ്റ് നേടി. ഓപ്പണര്‍ വില്‍ യങ്ങിനെയും പിന്നീട് കിവീസ് ഇന്നിങ്‌സിനെ വമ്പന്‍ സ്‌കോറിലേക്ക് ഉയര്‍ത്താന്‍ ശ്രമിച്ച രചിന്‍ രവീന്ദ്രയെയും അവസാന ഓവറുകളില്‍ മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി തുടങ്ങിയവരെയും പുറത്താക്കി വലിയ സംഭാവനയാണ് ഭാരതത്തിന് ഇന്നലെ നല്‍കിയത്.
കിവീസ് ടോട്ടല്‍ പിന്തുടര്‍ന്ന ഭാരതത്തിനായി രോഹിത് ശര്‍മ്മ(46)മികച്ച തുടക്കം നല്‍കിയെങ്കിലും ഇടയ്‌ക്ക് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നത് അല്‍പ്പം ആശങ്കയുണ്ടാക്കി.ശുഭ്മാന്‍ ഗില്‍(26), ശ്രേയസ് അയ്യര്‍(33), കെ.എല്‍. രാഹുല്‍(27) എന്നിവര്‍ മോശാമാക്കാതെ കടന്നുപോയി. ഇല്ലാത്ത റണ്ണിനോടി ലോകകപ്പില്‍ ആദ്യമായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് വിക്കറ്റ് കളഞ്ഞുകുളിച്ചത് ഭാരതത്തിന്റെ ആശങ്ക ഇരട്ടിപ്പിച്ചു. എന്നാല്‍ കോഹ്‌ലിക്കൊപ്പം രവീന്ദ്ര ജഡേജ(പുറത്താകാതെ 39) ചേര്‍ന്നതോടെ ഭാരതം വിജയത്തിലേക്ക് കുതിച്ചു. 48-ാം ഓവറില്‍ മാറ്റ് ഹെന്റിയെ ബൗണ്ടറി പായിച്ച് ജഡേജയാണ് ഭാരത വിജയം പൂര്‍ത്തിയാക്കിയത്. വിജയിക്കുമ്പോള്‍ ഒരു റണ്ണുമായി മുഹമ്മദ് ഷമിയും ഒപ്പമുണ്ടായിരുന്നു.
നേരത്തെ ടോസ് നേടിയ ഭാരത നായകന്‍ രോഹിത് ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിന് വിട്ടു. പതിവ് പോലെ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഡെവോന്‍ കോണ്‍വേയെ തുടക്കത്തിലേ പൂജ്യനാക്കി മടക്കി സിറാജ് കിവീസ് നിരയെ ഞെട്ടിച്ചു. ഒമ്പതാം ഓവറില്‍ ഷര്‍ദൂല്‍ ഠാക്കൂറിന് പകരം ടീമിലെത്തിച്ച മുഹമ്മദ് ഷമിയെ പന്തേല്‍പ്പിച്ചു. ആദ്യ ബോളില്‍ തന്നെ ഫിലം ലഭിച്ചു. ഓപ്പണര്‍ വില്‍ യങ്ങ്(17) ഹിറ്റ്‌വിക്കറ്റായി മടങ്ങി. ഷമി എറിഞ്ഞ രണ്ടാം ഓവറില്‍ രചിന്‍ രവീന്ദ്രയെ പുറത്താക്കാനുള്ള അവസരം ഭാരതത്തിന്റെ ഒന്നാം നമ്പര്‍ ഫീല്‍ഡര്‍ രവീന്ദ്ര ജഡേജ വിട്ടുകളഞ്ഞു. പിന്നീട് രചിന്‍ പിടിച്ചു നിന്ന് സ്‌കോര്‍ പടുക്കുന്ന കാഴ്ചയാണ് കണ്ടത്. രചിന്‍ രവീന്ദ്രയ്‌ക്കൊപ്പം ഡാരില്‍ മിച്ചലും ക്രീസില്‍ നിലയുറപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ വമ്പന്‍ ഷോട്ടിന് മുതിര്‍ന്ന മിച്ചലിനെ പിടികൂടാനുള്ള അവസരം ജസ്പ്രീത് ബുംറയും വിട്ടുകളഞ്ഞു. മൂന്നാം വിക്കറ്റില്‍ രചിന്‍-മിച്ചല്‍ സഖ്യം 170 റണ്‍സ് ചേര്‍ത്ത് കിവീസ് ടോട്ടലിന് അടിത്തറ പാകുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.
രണ്ടാം സ്‌പെല്ലിനെത്തിയ ഷമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. രചിന്‍ രവീന്ദ്രയെ ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. 87 പന്തുകള്‍ നേരിട്ട താരം 75 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നീട് മറുവശത്ത് കിവീസ് വിക്കറ്റുകള്‍ ഒന്നൊന്നായി വീഴുന്ന കാഴ്ചയാണ് കണ്ടത്. ഗ്ലെന്‍ ഫില്ലിപ്‌സ്(23) മാത്രം ചെറുത്തുനിന്നു. മറുവശത്ത് ഡാരില്‍ മിച്ചല്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തില്‍ കിവീസ് സ്‌കോര്‍ 250 കടന്നു. സെഞ്ചുറിയും കടന്ന് മുന്നേറിയ താരം ഒടുവില്‍ മുഹമ്മദ് ഷമിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ 49.5 ഓവര്‍ എത്തിയിരുന്നു. 127 പന്തുകള്‍നേരിട്ട് ഒമ്പത് ബൗണ്ടറിയും അഞ്ച് സിക്‌സറും അടക്കം 130 റണ്‍സെടുത്താണ് ഡാരില്‍ മിച്ചല്‍ പുറത്തായത്. ഈ സമയം കിവീസ് ഇന്നിങ്‌സ് 273 റണ്‍സെന്ന പൂര്‍ണതയിലെത്തി. അവസാന പന്തില്‍ കെ.എല്‍. രാഹുലിന്റെ നേരിട്ടുള്ള ത്രോയില്‍ പത്താമനായി ലോക്കീ ഫെര്‍ഗ്യൂസനും വീണു. പൂജ്യം റണ്ണുമായി ട്രെന്റ് ബോള്‍ട്ട് ആണ് പുറത്താകാതെ നിന്നത്.
ഭാരത ബോളര്‍മാരില്‍ ഷമിക്കു പുറമെ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ബുംറയും സിറാജും ഓരോ വിക്കറ്റും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: