പേശലാംഗി
പൊന്നിറത്താള്‍ക്ക് അവസാന കാലത്ത് ഉറ്റോരും ഉടയോരുമായി ആരുമുണ്ടായിരുന്നില്ല. അങ്ങനെയൊരവസ്ഥ അവള്‍ക്കുണ്ടായത് എങ്ങനെയെന്ന് അറിയാവുന്നൊരാള്‍ ആ ഗ്രാമത്തിലുണ്ടായിരുന്നു. പേറ്റിച്ചി മുത്തേര.
പൊന്നിറത്താളെ ആഗ്രഹിച്ച് നോക്കുന്നവന് അംഗവൈകല്യമോ ഷണ്ഡത്വമോ സംഭവിക്കുമെന്ന് മുത്തേര ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു.
മുത്തേരയുടെ വാക്കുകളില്‍ ആ സുന്ദരിയുടെ കഥ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഗ്രാമത്തിനകത്തും പുറത്തുമായി ഏറെപ്പേര്‍ ഉണ്ടായിരുന്നു.
മുത്തേര പറയുന്നതിങ്ങനെ…
അച്ഛന് പിറുങ്ങന്, അമ്മ പിറുങ്ങത്തി.
പിറുങ്ങനും പിറുങ്ങത്തിക്കും ആണ്മക്കള് അഞ്ച്. അവര്‍ക്ക് ആറാമതൊരു പു
ത്രികൂടി ഉണ്ടായി. കരിക്കട്ട നിറമുള്ള പിറുങ്ങനും കരിങ്കണ്ണി പിറുങ്ങത്തിക്കും ജനിച്ചവള്‍. മുത്തേരയുടെ കൈകളിലേയ്ക്ക് ഒരു പൊന്നിന്‍കുടം പിറന്നുവീഴുകയായിരുന്നു.
നവരത്നങ്ങളിലൊന്നായ ഗോമേദകത്തിന്റേതു പോലെ പ്രകാശമുള്ള കുഞ്ഞ് ജനിച്ച് ഇരുപത്തെട്ടാംപക്കം കവടിക്കാരന്‍ പേരു കുറിച്ചു. പൊന്നിറത്താള്‍.
കുഞ്ഞിന് കണ്ണേറു കൊള്ളാതിരിക്കാന്‍ അവളുടെ അമ്മ തിരിയുഴിഞ്ഞ് അടുപ്പിലിട്ടു.
തെയ്യോന്‍, കാഞ്ചോന്‍.നല്ലാണ്ടി, വള്ളോന്‍, പാമ്പന്‍ എന്നീ സഹോദരന്മാര്ക്ക് ഒരേയൊരു പെങ്ങളായി പൊന്നിറത്താള്‍ വളര്‍ന്നു.
അഞ്ചാറു മക്കളെ വളര്‍ത്തി വലുതാക്കാന്‍ അച്ഛനും അമ്മയും രാപകലില്ലാതെ അധ്വാനിച്ചു. ആങ്ങളമാര് അവളെ താഴത്തും തലയിലും വയ്ക്കാതെ ലാളിച്ചു വളര്‍ത്തി.
പൊന്നിറത്താള്‍ യൗവനയുക്തയായി.
അവളെ ഒരു നോക്കുകാണാന്‍ നാട്ടിലുള്ളവര്‍ ഒളിച്ചും പതുങ്ങിയും കാത്തു നിന്നിരുന്നു.
അഞ്ചാങ്ങളമാരെ ഓര്‍ത്ത്
യുവാക്കള്‍ക്ക് അടുക്കാന്‍ പേടിയായിരുന്നു.
പറമ്പാലത്തു തറവാട്ടിലെ ഇളയ സന്തതിയായിരുന്ന പവിത്രന് ജനകീയനും സമ്പന്നനുമായ യുവകോമളനായിരുന്നു. പറമ്പാലത്തെ പണിക്കാരാണ് പിറുങ്ങനും പിറുങ്ങത്തിയും. ഇവരുടെ ആണ് മക്കളും അവിടെ തോട്ടം കിളയ്ക്കാന്‍ പോകാറുണ്ടായിരുന്നു. പൊന്നിറത്താളെ പുറം പണിയ്ക്കു എവിടെയും കൊണ്ടുപോകാറില്ല. അവളുടെ ആങ്ങളമാര്‍ക്ക് അതിഷ്ടമായിരുന്നില്ല.
അവളെ കെട്ടാന്‍ കുതിരപ്പുറത്തേറി സുന്ദരനായ രാജകുമാരന് ഏഴുകടലും കടന്ന് വരും… ആങ്ങള തെയ്യോന്‍ കിനാവ് കാണുമായിരുന്നു.
പൊന്നുകൊണ്ടു മൂടി രാജകുമാരന് അവളുടെ കൈ പിടിച്ച് കുതിരപ്പുറത്തേറും… കാഞ്ചോനും സ്വപ്നം കണ്ടു. നാട്ടിലെ പുരുഷകേസരികള്‍ ആരുംതന്നെ പെങ്ങളെ കണ്ട് മോഹിക്കേണ്ട. ആങ്ങളമാര് തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം…
പുലര്‍ച്ചെ തറവാട്ടില്‍ പണിക്കു വരാറുള്ള പിറുങ്ങനേയും പിറുങ്ങത്തിയേയും കാണാതെ വന്നപ്പോള്‍ പവിത്രന് അവരെ അന്വേഷിച്ച് പിറുങ്ങന്റെ കുടിയിലെത്തി. വിറകുപുര മേയാന്‍ ആണ്മക്കളേയും കൂട്ടി വരാമെന്നേറ്റിട്ടാണ് തലേന്ന് പിറുങ്ങന് പണി കഴിഞ്ഞ് ഇറങ്ങിയത്. പനയില്‍ കയറി പട്ട വെട്ടണം.
കുടിയില്‍ പൊന്നിറത്താള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കൊല്ലന്റെ പണിപ്പുരയില്‍ പണിയായുധങ്ങള്‍ മൂര്‍ച്ച കൂട്ടാന്‍ പോയതാണ് ആങ്ങളമാര്. പിറുങ്ങനും പിറുങ്ങത്തിക്കും ഒരത്യാവശ്യ കാര്യത്തിന് പിറുങ്ങന്റെ സഹോദരിയുടെ വീട്ടില്‍ പോകേണ്ടിയും വന്നു. ആള്പെരുമാറ്റം കേട്ട് പൊന്നിറത്താള്‍ മുന്നിലുള്ള വാതില്‍ തുറന്നു. ചെന്താമരപ്പൂവു പോലുള്ള അവളുടെ പാദം കണ്ട് പവിത്രന്റെ കണ്ണഞ്ചിപ്പോയി.
അത്രനാളും, പിറുങ്ങനെയും തന്റെ സഹോദരങ്ങളേയുമല്ലാതെ പുറത്തുനിന്ന് ഒരാണിനെ നേര്‍ക്കുനേര്‍ കണ്ടിട്ടില്ലാത്ത പൊന്നിറത്താളിന്റെ നീണയനങ്ങള് പറമ്പാലത്തെ പവിത്രന്റെ കണ്ണുകളുമായി ഇടഞ്ഞു. മന്ദാക്ഷഭാവത്തോടെ നില്ക്കുന്ന അവളെ അടിമുടി അയാള്‍ നോക്കി. അവളുടെ മിഴികള്‍ താനേ അടഞ്ഞു.
കൊല്ലന്റെ ആലയില്‍ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടാന്‍പോയ തെയ്യോനും നല്ലാണ്ടിയും മടവാളും വെട്ടുകത്തിയുമായി കയറി വരുമ്പോള്‍ കണ്ട കാഴ്ച പൊന്നിറത്താളും പവിത്രനുമായി നില്ക്കുന്ന രംഗമാണ്. ആങ്ങളമാരെ കണ്ടതോടെ പൊന്നിറത്താള്‍ മുഖം കുനിച്ച് അകത്തേക്കു പോയി. പെട്ടെന്ന് ഒരാളുടെ ആര്‍ത്തനാദം കേട്ട അവള് പുറത്തേക്ക് ഓടി വന്നപ്പോള്‍ കണ്ടത് പവിത്രന്റെ വലതുകൈ അറുത്തു വേര്‍പ്പെടുത്തിയ ആങ്ങളമാരെയാണ്. അവള് തെയ്യോന്റെ കാലു പിടിച്ചപേക്ഷിച്ചു. അയാള്‍ തനിക്ക് ഒരുപദ്രവവും ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും അവര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. ഓടി വന്ന പാമ്പനും വള്ളോനും അയാളുടെ ഇടതു കൈയും അറുത്തിട്ടു.
കാഞ്ചോന്‍ ഇരുകാലും വെട്ടിമാറ്റി. കലി തുള്ളി നില്ക്കുന്ന ബുദ്ധി നശിച്ച ആങ്ങളമാര് അയാളുടെ ജീവനെടുക്കുമെന്ന് അവള്‍ക്കുറപ്പായി.
പൊന്നിറത്താള്‍ ഭദ്രകാളിയായി മാറി. സംഹാര രുദ്രയായ അവള് ആങ്ങളമാരുടെ കൈയില്‍ നിന്നും കത്തി പിടിച്ചുവാങ്ങി. അഞ്ചാങ്ങളമാരുടെ നെഞ്ചിലേക്കും ആഞ്ഞാഞ്ഞു കുത്തി. കുടിയില്‍ തിരിച്ചെത്തിയ അച്ഛനും അമ്മയും കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ജീവനറ്റ ആണ്മക്കളുടെ ശവ ശരീരങ്ങള്‍. രണ്ടുപേരും മനസ്സുനൊന്ത് മകളെ ശപിച്ചു. പിറുങ്ങനും പിറുങ്ങത്തിയും ആ നാടുവിട്ടു പോയി.
പ്രാണന്പോകാതെ ഇഴയുന്ന പവിത്രന്റെ ജീവിതസഖിയാവാന്‍ പൊന്നിറത്താള്‍ പറമ്പാലത്ത് തറവാട്ടില്‍ വന്നു. സ്വജീവിതം ഉഴിഞ്ഞു വച്ചു.
അറുപതാംവയസ്സിലും അപ്സരസ്സുപോലെയായിരുന്നു പേശലഗാത്രി പൊന്നിറത്താള്‍ എന്നാണ് മുത്തേരയുടെ ഭാഷ്യം. പൊന്നിറത്താള്‍ മുജ്ജന്മത്തില് ദേവാംഗനയായിരുന്നത്രെ. ദേവാംഗനയെ പ്രാപിക്കാന്‍ സാധാരണ മനുഷ്യന് കഴിയുമായിരുന്നില്ല. പൊന്നിറത്താള്‍ ഉടലോടെ സ്വര്‍ഗം പൂകിയെന്നു പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: