റായ്പൂര്‍: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു ചുക്കാന്‍ പിടിച്ചിരുന്ന ഛത്തീസ്ഗഡിലെ പ്രമുഖ ഗ്രോത്ര നേതാവ് ബിര്‍ജു തരാമിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. ഇടതു ഭീകരരായ മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള മോഹ്ല-മാന്‍പുര്‍ ജില്ലയിലെ മുതിര്‍ന്ന ബിജെപി നേതാവായിരുന്നു 53 കാരനായ ബിര്‍ജു.
കഴിഞ്ഞ ദിവസം മേഖലയില്‍ പര്യടനത്തിന് എത്തിയ മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിനൊപ്പം നിരവധി പൊതുയോഗങ്ങളില്‍ ബിര്‍ജു പങ്കെടുത്തിരുന്നു. കൊലപാതകത്തിനു പിന്നില്‍ മാവോയിസ്റ്റുകളാകാനുള്ള സാധ്യതയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
ഈ മേഖലയിലെ ഗോത്ര, വനവാസി വിഭാഗങ്ങളില്‍ വലിയ സ്വാധീനമുള്ള നേതാവിരുന്ന ബിര്‍ജുവിന്റെ പ്രവര്‍ത്തനങ്ങള്‍ മാവോയിസ്റ്റുകള്‍ക്ക് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.
സര്ക്കേഡ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മടങ്ങുമ്പോള്‍ മോട്ടോര്‍ ബൈക്കിലെത്തിയ അജ്ഞാതര്‍ ബിര്‍ജുവിനു നേരെ നിറയൊഴിക്കുകയായിരുന്നു.
ബിര്‍ജു ദര്‍ശനം നടത്തിയ ദേവീക്ഷേത്രത്തിലെ ആരാധനയുമായി ബന്ധപ്പെട്ട് സര്‍ജ എന്ന കൊടും കുറ്റവാളി ബിര്‍ജുവിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും മാവോയിസ്റ്റുകളുടെ സഹായത്തോടെ കൊല നടത്തുകയായിരുന്നെന്നുമാണ് ഗ്രാമീണര്‍ പറയുന്നത്. ആക്രമിച്ച രീതിയും ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചുള്ള സൂചനയും മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തുന്നുണ്ടെന്ന് മൊഹ്ല-മനപുര് എസ്പി വിവേക് ശുക്ല പറഞ്ഞു.
ഛത്തീസ്ഗഡില്‍ ക്രമസമാധന നില എത്രമാത്രം തകര്‍ന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് ബിര്‍ജുവിന്റെ കൊലപാതകമെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ രമണ്‍ സിങ് പറഞ്ഞു. കഴിഞ്ഞ ദിവസം ജില്ല ഞാന്‍ പ്രചരണത്തിന് എത്തിയപ്പോള്‍ സ്വീകരിക്കാന്‍ ബിര്‍ജു എത്തിയിരുന്നു. അന്നത്തെ പൊതുയോഗത്തില്‍ സംഘാടകനായി ആദ്യാവസാനമുണ്ടായിരുന്നു. ഏതാനും മണിക്കൂറിനകം അദ്ദേഹം കൊലചെയ്യപ്പെട്ടു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ല, രമണ്‍ സിങ് പറഞ്ഞു.
മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള ബസ്തര്‍ മേഖലയില്‍ തുടര്‍ച്ചയായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതില്‍ ബിജെപി നേതൃത്വം നേരത്തെ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബിജാപുര്‍, നാരായണ്‍ പുര്‍ ജില്ലകളില്‍ അടുത്തിടെ മൂന്നു ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.
ബിജെപിയിലെ ചെറുപ്പക്കാരായ ഗോത്ര, വനവാസി നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ ഗ്രാമീണര്‍ക്കിടയിലെ തങ്ങളുടെ സ്വാധീനം നഷ്ടപ്പെടുത്തുന്നതായി മനസിലാക്കിയ മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചു വിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ സാവെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: