കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്ന ഒരു പ്രശസ്ത സാഹിത്യ നിരൂപകന് ക്ലാവുകയറിയ അവാര്ഡുകളെക്കുറിച്ചും പുസ്തകമാലിന്യത്തെക്കുറിച്ചും വിശദമായി എഴുതിയിട്ട് അധികം നാളായില്ല.
ഷാര്‍ജ രാജ്യാന്തര പുസ്തക മേളയുടെ 42-ാം പതിപ്പ് നവംബര്‍ ഒന്നു മുതല്‍ 12 വരെ അവിടത്തെ എക്സ്പോ സെന്ററില്‍ അരങ്ങേറും. പതിനഞ്ചു ലക്ഷം പുസ്തകങ്ങളുമായി കഴിഞ്ഞ നവംബറില്‍ നടന്ന മിഡിലീസ്റ്റ് മാമാങ്കത്തില്‍ പ്രായ-ലിംഗഭേദമന്യേ ഏറിയകൂറും ലഭ്യമായ ഒരാളെക്കൊണ്ട് അടുത്തു കിട്ടിയ മറ്റൊരാള്‍ക്ക് തങ്ങളുടെ പുതിയ കൃതികള്‍ നല്കി പ്രകാശന കര്‍മം നിര്‍വഹിക്കുന്നതിന്റെ തിരക്കിലായിരുന്നുവെന്നും, പുസ്തക ചര്‍ച്ചകളേക്കാളേറെ ഉത്സവത്തില്‍ അരങ്ങേറിയത് ഫോട്ടോ സെഷനുകളായിരുന്നു എന്നുമായിരുന്നു ഒരു ദൃക്സാക്ഷിയുടെ പ്രഥമ നിരീക്ഷണം.
മനുഷ്യരെ വേട്ടയാടിപ്പിടിച്ചു അവരില്‍ അടിച്ചേല്‍പിക്കേണ്ടതാണോ പുസ്തകങ്ങള്‍? തങ്ങള്‍ക്ക് കഴിവുണ്ടെന്നും, അത് ഏതുവിധേനയും കച്ചവടമാക്കണമെന്നുമുള്ള എഴുത്തുകാരുടെ അത്യാര്‍ത്തിയുമല്ലേ അവരെ യാചനയിലും വിലകുറഞ്ഞ വിലപേശലിലും കൊണ്ടുചെന്നെത്തിക്കുന്നത്? അത്രയേറെ വായനാശീലം കുറഞ്ഞവരാണോ മലയാളികള്‍?
നൈപുണ്യമുള്ളവരെ തേടി ഇന്നും വായനക്കാരുടെ നീണ്ട നിരയുണ്ട്. എംടിയും സി. രാധാകൃഷ്ണനും സുഗതകുമാരി ടീച്ചറും മുതല്‍ ബെന്യാമിന് വരെയുള്ളവര്‍ക്ക് എന്തുകൊണ്ട് ഈ ഗതികേട് വന്നുചേര്‍ന്നില്ല? അവരുടെ പുസ്തകങ്ങള്‍ ചോദിച്ചു വാങ്ങുന്ന മലയാളികള്‍ എന്തുകൊണ്ടു പുത്തനെഴുത്തുകാരെ തിരസ്കരിക്കുന്നു?
തകഴിയുടെ ‘ചെമ്മീന്‍’ വായിക്കപ്പെടാനുള്ള കാരണം അമ്പതുകള്‍ മലയാളികളുടെ മനസ്സിലുണ്ടാക്കിയ അനുരണനങ്ങളാണ്. പൊറ്റെക്കാടിന്റെ നാടന്‍ പ്രേമവും ബഷീറിന്റെ ബാല്യകാലസഖിയും സി. രാധാകൃഷ്ണന്റെ നിഴല്പാടുകളും മലയാറ്റൂരിന്റെ വേരുകളും അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷിയും എംടിയുടെ നാലുകെട്ടും ഇന്നും വായിക്കപ്പെടുന്നത് അവയിലെ കഥാപാത്രങ്ങളുമായി എവിടെയൊക്കെയോ വായനക്കാര്‍ തങ്ങള്‍ക്ക് അനുരൂപത കണ്ടെത്തുന്നതുകൊണ്ടാണ്. ഇവിടെ കഥയോടു തോന്നുന്ന ഇഷ്ടമപ്പാടെ കഥാകൃത്തിനോടുള്ള ആദരവായി പരിണമിക്കുന്നു.
അര്‍ത്ഥവും ശബ്ദമധുരവും സഹിതമായി ഇരിക്കുന്നതാണ് സാഹിത്യം. തുറന്നെഴുത്തിന്റെ നിര്‍വചനത്തില്‍ അലങ്കോലവും അരാജകത്വവും രതിയും ആത്മരതിയും വാരിവിതറുന്നതിന് ആധുനികതയുടെയോ അത്യന്താധുനികതയുടെയോ ഉത്തരാധുനികതയുടെയോ ആനുകൂല്യം ലഭിക്കുകയില്ല. ഇത്തിരി ഉല്ലാസത്തോടെ വായിച്ചവര്‍ പോലും അടുത്ത നിമിഷത്തില്‍ അതിനെ തള്ളിപ്പറയും. ഇത്തരം എഴുത്തുകാര്‍ ആരാധ്യരാവില്ലെന്നു മാത്രമല്ല, ജീര്‍ണ്ണതകളുടെ വ്യാപാരികളായി അറിയപ്പെടുകയും ചെയ്യുന്നു. ഈ പൂതലിപ്പില്‍പ്പെട്ടു ശ്വാസം മുട്ടുന്നുണ്ടെങ്കിലും നിലവാരമുള്ള കഥാ-കവിതാ സാഹിത്യം ഇടക്കിടെ അതിന്റെ സ്വത്വം തെളിയിക്കുന്നുണ്ടെന്നതാണ് ഒറ്റപ്പെട്ട ശുഭവാര്‍ത്ത!
വായിക്കുന്നതിനോടൊപ്പം വളരുന്ന എഴുത്തുകാര്‍ക്കേ മികച്ച ഉള്ളടക്കം കാഴ്ചവെക്കാനാകൂ. കാമ്പുള്ള സാഹിത്യ സംവാദങ്ങളും മുതിര്‍ന്ന എഴുത്തുകാരുമായുള്ള സാഹിത്യ ചര്‍ച്ചകളും വെട്ടിത്തിരുത്തലുകളും ഇല്ലാതാവുമ്പോള്‍ പുസ്തകങ്ങള്‍ പൊങ്ങച്ചത്തിന്റെ മാത്രം പ്രതീകങ്ങളായി ചുരുങ്ങുന്നു. ഒരു പുസ്തകം വിപണിയിലെത്തുമ്പോള്‍ ആരെഴുതി എന്നതുപോലെ ആരു പ്രസിദ്ധീകരിച്ചെന്നും വായനക്കാര്‍ ശ്രദ്ധിക്കാറുണ്ട്. ഏറെ വര്‍ഷത്തെ പാരമ്പര്യമുള്ളവരും, സ്വന്തമായി പ്രസ്സോ പ്രദര്‍ശന-വിതരണ സൗകര്യങ്ങളോ ചിലപ്പോള്‍ ഒരു ഓഫീസു പോലുമില്ലാത്തവരും പുസ്തക സ്വപ്നം സാക്ഷാല്കരിക്കാന് എഴുത്തുകാരുടെ കൂടെയുണ്ടാകും. പുസ്തക പ്രസാധനത്തിലെ അവിഭാജ്യ ഘടകമാണ് എഡിറ്റിങ്.
വിഷയാധിഷ്ഠിതമായി രചനകളെ മിനുക്കിയെടുക്കേണ്ടതും, വിഷയത്തിന്റെ അന്തഃസത്ത ചോരാത്ത വിധം എഡിറ്റു ചെയ്യേണ്ടതും പ്രസാധകരുടെ ഉത്തരവാദിത്വങ്ങളാണ്. പക്ഷേ, പ്രസാധകനാകാന്‍ ഒരു ഡെസ്ക്ടോപ്പോ അല്ലെങ്കില്‍ ഒരു ലേപ്ടോപ്പോ മാത്രം മതിയെന്ന നിലയിലേക്ക് കാര്യങ്ങള്‍ ലളിതമായിട്ട് കാലം കുറെയായി.
കോവിഡിന്റെ കൊച്ചനിയനായി പിറവികൊണ്ട ഒരു പ്രതിഭാസമാണ് കവര്‍ പ്രകാശനം. ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുതെന്ന പ്രയോഗം ജോര്‍ജ്ജ് ഇലിയറ്റ് രചിച്ച ‘ദ മില്‍ ഓണ്‍ ദ ഫ്ളോസ്സ്’ എന്ന നോവല്‍ ഏറെ ജനകീയമാക്കിയിരുന്നു. വിക്ടോറിയന്‍ കാലം കഴിഞ്ഞ് കൊവിഡ് കാലമെത്തിയപ്പോള്‍ നാം ഈ രൂപകവാക്യത്തിന് എന്‍-95 മുഖംമൂടി കെട്ടി. നമ്മുടെ അക്ഷര ദിനങ്ങള്‍ ചട്ടച്ചര്‍ച്ചകളില്‍ ആണ്ടുപോയി.
ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ തങ്ങളുടെ പുസ്തകങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും എഡിഷനുകള്‍ ഇറങ്ങിയെന്ന് ഊറ്റം കൊള്ളുന്ന എഴുത്തുകാരുണ്ട്. ഓരോ എഡിഷനിലും നാലായിരമോ അയ്യായിരമോ കോപ്പികള്‍ അച്ചടിക്കുന്നുണ്ടെന്ന വിശ്രുതരുടെ കണക്ക് ചിന്തയിലുള്ളവര്‍, നവാഗത എഴുത്തുകാരെ മമതയോടെ വിലയിരുത്താന്‍ ഈ അബദ്ധ ധാരണ മാത്രം മതി. പുതിയവരാണെങ്കില്‍ അമ്പതു മുതല്‍ അഞ്ഞൂറു വരെ പ്രതികള്‍ അച്ചടിക്കുന്നതാണ് ഇന്നിന്റെ രീതി. ബാക്കി പ്രിന്റ് ഓണ്‍ ഡിമേന്‍ഡ്. പ്രകാശന കര്മത്തിനെത്തിയവര് ഓരോ കോപ്പിയെടുത്താല്‍ തന്നെ ആദ്യമച്ചടിച്ചതില്‍ ബാക്കിയെത്ര കാണും! അതിനാലാണ് എഡിഷനില്‍ എത്ര പുസ്തകമെന്നത് പരമരഹസ്യമായി സൂക്ഷിക്കുന്നത്. പ്രതികളുടെ എണ്ണത്തില്‍ എഴുത്തുകാര്‍ നിലനിര്‍ത്തിപ്പോരുന്ന അവ്യക്തത പ്രസാധകരുടെയും ഒരു തുറുപ്പു ചീട്ടാണ്.
വായന മരിച്ചിട്ടില്ല, മെലിഞ്ഞിട്ടേയുള്ളൂ. ഈ ലോകം വൈജ്ഞാനികമായി തുടരാന്‍ എഴുത്തു കുറച്ചു, നമുക്ക് വായന കൂട്ടാം. വളയാതെ, വിളയാം! ഡിജിറ്റലായാലും അച്ചടിച്ചതായാലും വിജ്ഞാനത്തിന് വൈരൂപ്യമില്ല. ഫുട്പാത്തില്‍ നിന്നായാലും ബുക്ക്സ്റ്റോറില്‍ നിന്നായാലും തിരഞ്ഞെടുക്കേണ്ടത് വിജ്ഞാനമേകുന്ന പുസ്തകങ്ങളാണ്. അവയില്‍ ജീവിതങ്ങളുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: