കൊല്‍ക്കൊത്ത: അദാനിയ്ക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അദാനിയുടെ ശത്രുപക്ഷത്ത് നില്ക്കുന്ന ദര്ശന് ഹീരാനന്ദാനിയില്‍ നിന്നും മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ മൗനം പാലിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്ന് തൃണമൂല്‍ വക്താവും പാര്‍ട്ടിയുടെ ബംഗാള്‍ ജനറല്‍ സെക്രട്ടറിയുമായ കുനാല്‍ ഘോഷ് പറഞ്ഞു.
മഹുവ ഇന്ത്യയിലായിരിക്കുമ്പോള്‍ ദുബായില്‍ നിന്നും ആരോ പാര്‍ലമെന്റ് വെബ് സൈറ്റിലെ എംപി പേജില്‍ കയറിയെന്ന ബിജെപി എംപി നിഷികാന്ത് ദുബെയുടെ പുതിയ ആരോപണത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതകിരണം ആരാഞ്ഞപ്പോഴായിരുന്നു കുനാല്‍ ഘോഷിന്റെ ഈ പ്രതികരണം. മമതയും ഈ വിഷയത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇടയ്ക്കിടെ അനാവശ്യത്തിന് പോലും വിവാദങ്ങള്‍ ഉണ്ടാക്കുന്ന മഹുവ മൊയ്ത്രയുടെ രീതികളില്‍ മമത അത്രയ്ക്ക് തൃപ്തയല്ല. അതിനിടെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന പരാതി മഹുവ മൊയ്ത്രയ്ക്ക് എതിരെ ഉയര്‍ന്നുവന്നത്.
പ്രധാനമന്ത്രിയും ധനമന്ത്രിയും ഇന്ത്യയുടെ സുരക്ഷാ ഏജന്‍സികളും പ്രവേശിക്കുന്ന പാര്‍ലമെന്റ് വെബ്സൈറ്റിലെ എംപി പേജില്‍ കയറാനുള്ള പാസ് വേഡ് ഉള്‍പ്പെടെ ദര്ശന് ഹീരാനന്ദാനി ഗ്രൂപ്പിന് മഹുവ മൊയ്ത്ര നല്കി എന്നതും അദാനിയ്ക്കെതിരെ പാര്‍ലമെന്റില്‍ ആരോപണംഉന്നയിക്കാന് ഹീരാനന്ദാനി ഗ്രൂപ്പില്‍ നിന്നും പണവും വിലപിടിപ്പുള്ള സാധനങ്ങളും വാങ്ങിയെന്നതുമാണ് പ്രധാന ആരോപണം.
ദുബായില്‍ നിന്നും മഹുവയുടെ പേജിലേക്ക് ലോഗിന്‍ ചെയ്ത് ആരോ കയറിയെന്നതിന്റെ തെളിവ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ അന്വേഷണ ഏജന്‍സിക്ക് നല്‍കിയതായും പറയുന്നു. “കുറച്ചുപൈസയ്ക്ക് വേണ്ടി എംപി(മഹുവ മൊയ്ത്ര) രാജ്യസുരക്ഷ പണയപ്പെടുത്തി”-നിഷികാന്ത് ദുബെ പറയുന്നു.
കഴിഞ്ഞ ദിവസം ദര്ശന് ഹീരാനന്ദാനി തന്നെ പാര്‍ലമെന്റിന്റെ സദാചാര കമ്മിറ്റിക്ക് നല്കിയ സത്യവാങ് മൂലത്തില്‍ മഹുവ മൊയ്ത്രയ്ക്ക് താന്‍ പണം നല്‍കിയെന്നും അവരുടെ വീട് പുതുക്കിപ്പണിത് കൊടുത്തെന്നും വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയെന്നും പാര്‍ലമെന്റ് വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്യാനുള്ള വിവരങ്ങള്‍ മഹുവ മൊയ്ത്ര നതിക്ക് നല്‍കിയെന്നും കുറ്റസമ്മതം നടത്തിയിരുന്നു. എന്തായാലും മഹുവ മൊയ്ത്രയ്ക്കെതിരായ ആരോപണങ്ങള്‍ക്ക് ഓരോദിവസവും പുതിയ തെളിവുകള്‍ പുറത്തുവരികയും പ്രശ്നം ഗുരുതരമാവുകയും ചെയ്യുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംപി ആദിര്‍ രഞ്ജന്‍ ചൗധരി മഹുവ മൊയ്ത്രയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്തായാലും പാര്‍ലമെന്റില്‍ 2019 മുതല്‍ 2023 വരെയുള്ള നാല് വര്‍ഷക്കാലം മഹുവ മൊയ്ത്ര പാര്‍ലമെന്റില്‍ ആകെ ചോദിച്ച 61 ചോദ്യങ്ങളില്‍ 51 എണ്ണവും അദാനിയ്ക്ക് എതിരായ ചോദ്യങ്ങളായിരുന്നു. ശക്തനായ അദാനിയെ ചോദ്യം ചെയ്യുക വഴി എളുപ്പവഴിയില്‍ പേരെടുക്കാനും ഒപ്പം അദാനിയ്ക്കെതിരെ ഹീരാനന്ദാനി ഗ്രൂപ്പിന്റെ താല്പര്യബിസിനസ് താല്പര്യങ്ങള് സംരക്ഷിക്കുകയുമായിരുന്നു മഹുവ മൊയ്ത്രയുടെ ലക്ഷ്യമെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: