തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ അണ് എംപ്ലോയ്മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ വി.എസ്. ശിവകുമാറിനെ പ്രതി ചേര്‍ത്തു. ശിവകുമാര്‍ പറഞ്ഞിട്ടാണ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചതെന്ന പരാതിക്കാരനായ മധുസൂദനന് എന്ന ആളുടെ മൊഴിയിലാണ് ശിവകുമാറിനെ പ്രതിചേര്‍ത്ത് കരമന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സൊസൈറ്റിയില്‍ 13 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം. തട്ടിപ്പുമായി ബന്ധപ്പെട്ട് കരമന പോലീസ് ഇതുവരെ മൂന്ന് കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൊസൈറ്റി പ്രസിഡന്റ് രാജേന്ദ്രന് നായരാണ് തട്ടിപ്പിലെ ഒന്നാം പ്രതി. ഇദ്ദേഹം വി.എസ്. ശിവകുമാറിന്റെ അടുത്ത സുഹൃത്തും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമാണ്. എന്നാല്‍ മൂന്ന് കേസിലും വി.എസ്. ശിവകുമാര്‍ പ്രതിയല്ല. മറിച്ച് നിക്ഷേപകന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ മാത്രമാണ് അദ്ദേഹത്തെ പ്രതി ചേര്‍ത്തിരിക്കുന്നത്. കേസുകളില്‍ രണ്ടാം പ്രതി സൊസൈറ്റിയുടെ മുന്‍ സെക്രട്ടറി നീലകണ്ഠനാണ്.
വി.എസ്. ശിവകുമാര്‍ നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പണം നിക്ഷേപിച്ചെന്നും എന്നാല്‍ സംഘം നഷ്ടത്തിലായപ്പോള്‍ അദ്ദേഹം കൈമലര്‍ത്തിയെന്നുമാണ് പരാതിക്കാരനായ മധുസൂദനന് പോലീസിന് മൊഴി നല്‍കിയത്. 2022ല്‍ ശിവകുമാറാണ് സൊസൈറ്റി ഉദ്ഘാടനം ചെയ്തത്. സഹകരണ സൊസൈറ്റി നഷ്ടത്തിലായതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിക്ഷേപകരില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇവര്‍ വി.എസ്. ശിവകുമാറിന്റെ വീടിന് മുന്നില്‍ പ്രതിഷേധവും സംഘടിപ്പിച്ചു. ഇതോടെ, പണം നിക്ഷേപിക്കാന്‍ താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും നിക്ഷേപകരുടെ പരാതിയില്‍ അന്വേഷണം വേണമെന്നും അന്ന് ശിവകുമാര്‍ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: