ഗാസ : യുദ്ധത്തില്‍ തകര്‍ന്ന ഗാസയ്ക്കുള്ള മാനുഷിക സഹായവുമായി ട്രക്കുകള്‍ ശനിയാഴ്ച ഈജിപ്തില്‍ നിന്ന് റാഫ അതിര്‍ത്തി കടന്നു.
2.4 ദശലക്ഷം ജനങ്ങളുള്ള ഗാസ ഭരിക്കുന്ന തീവ്രവാദ പ്രസ്ഥാനമായ ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിന്റെ 15-ാം ദിവസമാണ് അടിയന്തരാവശ്യത്തിനുളള വസ്തുക്കളുമായി ട്രക്കുകള്‍ ഗാസയിലെത്തുന്നത്.ഇസ്ലാമിക ഭീകരര്‍ ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേലിലേക്ക് ഇരച്ചുകയറി കുറഞ്ഞത് 1,400 പേരെയാണ് കൊലപ്പെടുത്തിയത്.
കൂടുതലും സാധാരണക്കാരെ വെടിവച്ചും ചുട്ടും കൊല്ലുകയുമായിരുന്നു. ഇസ്രായേലില്‍ നിന്നും 200 ലധികം ആളുകളെ ഹമാസ് ഭീകരര്‍ പിടിച്ചു കൊണ്ടു പോയി ബന്ദികളാക്കുകയും ചെയ്തു.
തുടര്‍ന്ന് ഇസ്രായേല്‍ ഗാസയില്‍ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിക്കുകയും വെള്ളം, വൈദ്യുതി, ഇന്ധനം, ഭക്ഷണം എന്നിവയുടെ വിതരണം നിര്‍ത്തലാക്കുകയും ചെയ്തു.
ഇസ്രായേലിന്റെ നിയന്ത്രണത്തിലല്ലാത്ത ഗാസയിലേക്കുള്ള ഏക വഴി റാഫയാണ്. പ്രധാന സഖ്യകക്ഷിയായ അമേരിക്കയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ഈജിപ്തില്‍ നിന്ന് സഹായം ഗാസയിലെത്തിക്കാന്‍ ഇസ്രായ്ല് സമ്മതിച്ചത്.
ചരക്ക് വിമാനങ്ങളും ട്രക്കുകളും ദിവസങ്ങളായി ഈജിപ്തിലെ റാഫയില്‍ മാനുഷിക സഹായം എത്തിക്കുന്നുണ്ടെങ്കിലും ഗാസയിലേക്ക് കടത്തി വിട്ടിരുന്നില്ല.
സഹായ വിതരണത്തിനുള്ള തയാറെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്ച റാഫ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: