കോഴിക്കോട്: ലോകത്ത് ഇത്രമാത്രം ആത്മീയ വേരുകള്‍ ഉള്ള മണ്ണ് ഭാരതഭൂമി മാത്രമാണെന്നും ആ സനാതന പാരമ്പര്യത്തില്‍ അഭിമാനിക്കുന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. കേസരി നവരാത്രി സര്‍ഗോത്സവത്തില്‍ സര്‍ഗപ്രതിഭാ പുരസ്‌കാരം ഗായകന്‍ ജി. വേണുഗോപാലിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു.
വിദേശങ്ങളില്‍ സാധ്യമാകുന്നിടത്തെല്ലാം ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയോ പുതിയത് നിര്‍മ്മിക്കുകയോ ചെയ്യുന്നുണ്ട് ഭാരതം. വിദേശകാര്യ വകുപ്പിന്റെ ജോലി ഇതാണോ എന്ന് ചിലര്‍ ചോദിക്കുന്നു. ഭാരതത്തിന്റെ നയം യുദ്ധമല്ല, സമാധാനമാണെന്നും ലോകം ഒന്നാണെന്ന സമവായ കാഴ്ചപ്പാടാണ് ഭാരത സാംസ്‌കാരികതയെന്നും ലോകത്തെ അറിയിക്കാനുള്ള അവസരങ്ങളാണ് അങ്ങനെ വിനിയോഗിക്കുന്നത്, മന്ത്രി വിശദീകരിച്ചു.
ജി 20 യുടെ അധ്യക്ഷ പദവി കിട്ടിയപ്പോള്‍ ഭാരതം ലോകത്തോട് പറഞ്ഞത് അതാണ്. സനാതന ധര്‍മ്മമാണ് സംസ്‌കാരത്തിന്റെ ആധാരം. അത് എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ്, അതുകൊണ്ടാണ് ആഫ്രിക്കന്‍ രാജ്യങ്ങളെയും ജി 20 യില്‍ ഉള്‍പ്പെടുത്താന്‍ ഭാരതം മുന്‍കൈ എടുത്തത്, മന്ത്രി പറഞ്ഞു.
സര്‍ഗോത്സവ സമിതി അധ്യക്ഷ വിധുബാല അധ്യക്ഷയായി. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും വി. മുരളീധരനും ചേര്‍ന്ന് ജി. വേണുഗോപാലിന് പുരസ്‌കാരം സമര്‍പ്പിച്ചു. മധുരഗാനങ്ങള്‍ പാടി സംഗീത പ്രേമികളുടെ മനസ്സില്‍ മായാത്ത മുദ്ര പതിപ്പിച്ചയാളാണ് ജി. വേണുഗോപാലെന്ന് വി. മുരളീധരന്‍ പറഞ്ഞു. ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, കാവാലം ശശികുമാര്‍, ഡോ.എന്‍.ആര്‍. മധു എന്നിവര്‍ സംസാരിച്ചു.
ഈ പുരസ്‌കാരം എനിക്ക് കുങ്കുമപ്പൊട്ട്
കോഴിക്കോട്: ഗായകനെന്ന നിലയില്‍ പല സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും കേസരി നവരാത്രി പുരസ്‌കാരം തനിക്ക് കുങ്കുമപ്പൊട്ടാണെന്ന് ജി. വേണുഗോപാല്‍ പറഞ്ഞു. പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭവ്യവും ദിവ്യവും പ്രൗഢവുമായ ചടങ്ങ് എന്നും ഹൃദയത്തില്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ രശ്മിയും ചടങ്ങിന് എത്തിയിരുന്നു. പ്രസിദ്ധമായ പാട്ടുകളും ഭജനും വേണുഗോപാല്‍ പാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: