ബെംഗളൂരു: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഓസ്ട്രേലിയ 13-ാം ലോകകപ്പിലെ രണ്ടാം ജയം കൊയ്തു. റണ്ണൊഴുകുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏറെ ആവേശം ജനിപ്പിച്ച മത്സരത്തില്‍ 62 റണ്‍സിനായിരുന്നു ഓസീസ് വിജയം. ഓസീസ് മുന്നില്‍ വച്ച 368 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന് 305 റണ്‍സില്‍ എല്ലാവരും പുറത്തായി.
സ്കോര്‍: ഓസ്ട്രേലിയ- 367/9(50), പാകിസ്ഥാന്- 305/10(43.5)
മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ ഓസീസിനെ അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് പാകിസ്ഥാന് തുടങ്ങിയത്. ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖും(64) ഇമാം ഉള് ഹഖും(70) ചേര്‍ന്ന് മികച്ച സ്കോറിനുള്ള അടിത്തറയിട്ടു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 134 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 22-ാം ഓവര്‍ എറിഞ്ഞ മാര്‍കസ് സ്റ്റോയിനിസ് ആണ് കളി ഓസീസിന് അനുകൂലമാക്കിക്കൊടുത്തത്. ആദ്യ പന്തില്‍ തന്നെ ഷഫീഖിനെ പുറത്താക്കിയ സ്റ്റോയിനിസ് തൊട്ടടുത്ത തന്റെ ഓവറില്‍ ഹഖിനെ സ്റ്റാര്‍കിന്റെ കൈകളിലെത്തിച്ച് പാകിസ്ഥാന്റെ റണ്ണൊഴുക്കിന് കടിഞ്ഞാണിട്ടു. പിന്നീട് ആദം സാംപയുടെ പന്തില്‍ മായകന്‍ ബാബര്‍ അസം(18) പുറത്തായി. നാലാം വിക്കറ്റില്‍ ഒന്നിച്ച മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്ന് പാകിസ്ഥാന് വീണ്ടും പ്രതീക്ഷ നല്കി. 34.2 ഓവറില്‍ മൂന്നിന് 232 റണ്‍സെടുത്തു നിന്ന പാകിസ്ഥാന്റെ സൗദ് ഷക്കീലിനെ പുറത്താക്കി നായകന് പാറ്റ് കമ്മിന്‍സ് വീണ്ടും ഓസീസ് വരുതിയിലേക്ക് മത്സരം കൊണ്ടുവരാന്‍ ശ്രമിച്ചു. പക്ഷെ മറുവശത്ത് റിസ്വാന് തകര്‍പ്പന്‍ ഷോട്ടുകളിലൂടെ കമ്മിന്‍സിനെയും സ്റ്റോയിനിസിനെയും വെല്ലുവിളിച്ചു. പിന്നീട് ആദം സാംപയെയും ജോഷ് ഹെയ്സല്‍ വുഡിനെയും പന്ത് ഏല്പ്പിച്ചതോടേ പാക് പട വീണ്ടും പതറി. ഒടുവില്‍ ഓസീസ് സ്കോറിന് 36 റണ്‍സകലെ എല്ലാവരും പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും നേടിയ സെഞ്ചുറി ബലത്തിലാണ് വമ്പന്‍ സ്കോര്‍ പടുത്തത്. 124 പന്തുകള്‍ നേരിട്ട വാര്‍ണര്‍ 14 ബൗണ്ടറിയും ഒമ്പത് സിക്സും സഹിതം 163 റണ്‍സെടുത്ത് ടോപ് സ്കോററായി. ലോകകപ്പിലെ താരത്തിന്റെ അഞ്ചാം സെഞ്ചുറിയായിരുന്നു ഇത്. മത്സരം 32 ഓവര്‍ പിന്നിടുമ്പോഴേക്കും ഓസീസ് 250 കടന്നു. ഈ ഘട്ടത്തില്‍ ടീം 400 റണ്‍സിലേറെ സ്കോര്‍ അനായാസം നേടുമെന്ന് തോന്നിച്ചു. രണ്ടാം സ്പെല്ലിനെത്തിയ ഷഹീന് അഫ്രീദി മിച്ചല്‍ മാര്‍ഷിനെ(108 പന്തില്‍ 121) ഉസാമ മിറിന്റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ ഹിറ്റര്‍ ഗ്ലെന്‍ മാക്സ്വെല്ലിനെയും(പൂജ്യം) പുറത്താക്കി. പാക് ബോളര്‍മാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ കഴിവുള്ള സ്ട്രോക്ക് പ്ലേയറായ മാക്സ്വെല്ലിന് കഴിഞ്ഞേക്കുമെന്ന ഓസീസ് നായകന് പാറ്റ് കമ്മിന്‍സിന്റെ തന്ത്രം പാളി. അധികം വൈകാതെ സൂപ്പര്‍ താരം സ്റ്റീവന്‍ സ്മിത്തിനെ ഉസാമ മിര്‍ സ്വന്തം ബൗളിങ്ങില്‍ പിടികൂടി പുറത്താക്കി.
മിറും ബാബര്‍ അസമും നിര്‍ദയം വിട്ട ക്യാച്ചുകളാണ് ഓസീസ് സ്കോറിനെ പെരുപ്പിച്ചത്. സെഞ്ചുറിക്കാരായ വാര്‍ണറെയും മാര്‍ഷിനെയും പുറത്താക്കാനുള്ള അവസരമാണ് ഇരുവരും വളരെ നേരത്തെ കൈവിട്ടുകളഞ്ഞത്.
പെട്ടെന്ന് മൂന്ന് വിക്കറ്റുകള്‍ വീണതോടെ ഓസീസ് ശരിക്കും തളര്‍ന്നു. പിന്നീട് മാര്‍കസ് സ്റ്റോയിനിസ് മാത്രമാണ്(21) അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഓസീസ് ഇന്നിങ്സ് 40 ഓവര്‍ പിന്നിട്ടുകഴിഞ്ഞപ്പോള്‍ സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ വാര്‍ണര്‍ ഹാരിസ് റൗഫിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അവസാന പത്ത് ഓവറില്‍ ഓസീസിനെ 70 റണ്‍സില്‍ ഒതുക്കാന്‍ പാകിസ്ഥാന് സാധിച്ചു. ഷഹീന് അഫ്രീദി ലോകകപ്പില്‍ തന്റെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ഹാരീസ് റൗഫ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഉസാമ മിര്‍ ഒരുവിക്കറ്റേടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: