കൊല്‍ക്കത്ത: കൗമാരക്കാര്‍ തങ്ങളുടെ ലൈംഗിക പ്രേരണകള്‍ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്നും ഇതര ലിംഗത്തില്‍പ്പെട്ടവരുടെ അന്തസ്സും ശാരീരിക സ്വാതന്ത്ര്യവും സ്വകാര്യതയും മാനിക്കേണ്ടതുണ്ടെന്നും കൊല്‍ക്കത്ത ഹൈക്കോടതി. പോക്സോ കേസില്‍ കൗമാരക്കാരന് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച സെഷന്‍സ് കോടതി വിധി റദ്ദാക്കി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍സുഹൃത്തുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായുള്ള പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട ആണ്‍കുട്ടി നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. ലൈംഗിക ബന്ധം സംബന്ധിച്ച നിയമപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിന് സ്കൂളുകളില്‍ സമഗ്ര ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്നും രണ്ടംഗ ബെഞ്ച് ആവശ്യപ്പെട്ടു.
സ്വന്തം ഇഷ്ടപ്രകാരമാണ് കൗമാരക്കാരനായ തന്റെ ആണ്‍സുഹൃത്തുമായി ബന്ധപ്പെട്ടതെന്നും തങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്തവര്‍ തമ്മിലുള്ള ലൈംഗിക തൃഷ്ണ സ്വാഭാവികമാണ്. എന്നാല്‍ അത്തരം പ്രേരണകളെ നിയന്ത്രിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. അത്തരം പ്രേരണകള്‍ക്ക് പെണ്‍കുട്ടികള്‍ വഴങ്ങരുത്. സ്വന്തം ശരീരത്തിന്റെ അന്തസ്സ്, ആത്മാഭിമാനം എന്നിവയ്ക്കുള്ള അവകാശം സംരക്ഷിക്കേണ്ടത് പെണ്‍കുട്ടികളുടെ കടമയാണെന്നും ബെഞ്ച് പറഞ്ഞു. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അഭിമാനത്തെയും സ്വകാര്യതയെയും ബഹുമാനിക്കേണ്ടതുണ്ടെന്നും അതിനായി അവരെ പരിശീലിപ്പിക്കണമെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: