കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഫണ്ടുകള്‍ ചട്ടവിരുദ്ധമായി രണ്ടു പ്രാഥമിക സഹകരണ ബാങ്കുകളിലും ഇസാഫ് എന്ന സ്വകാര്യ ബാങ്കിലും നിക്ഷേപിച്ചിട്ടുണ്ടെന്നും ഷെഡ്യൂള്‍ഡ് വിദേശ ബാങ്കായ ഡിഎസ്ബി ബാങ്കില്‍ പണം നിക്ഷേപിച്ചതു പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്ടെന്നും സംസ്ഥാന ഓഡിറ്റ് വകുപ്പ് ഹൈക്കോടതിയില്‍ അറിയിച്ചു. തൃശ്ശൂര്‍ ജില്ലാ സഹ. ബാങ്കില്‍ (ഇന്നത്തെ കേരള സംസ്ഥാന സഹകരണ ബാങ്ക്) 384 കോടി രൂപ നിക്ഷേപിച്ചതിന് പുറമേയാണിത്.
സഹ. ബാങ്കുകള്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പണം സഹ. ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഡോ. മഹേന്ദ്രകുമാര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഓഡിറ്റ് വകുപ്പ് റിപ്പോര്‍ട്ടു നല്കിയത്.
പലിശയില്ലാത്ത കറന്റ് അക്കൗണ്ടുകളില്‍ ചട്ടവിരുദ്ധമായി പണമിട്ടിട്ടുണ്ടെന്നും ഇസാഫ് എന്ന സ്വകാര്യ ബാങ്കില്‍ 63 കോടിയുടെ നിക്ഷേപമുണ്ടെന്നും ഓഡിറ്റ് വകുപ്പ് സീനിയര്‍ ഡെ. ഡയറക്ടര്‍ എന്‍. സതീശന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചട്ടപ്രകാരം സഹകരണ മേഖലയില്‍ സംസ്ഥാന സഹ. ബാങ്കിലും ജില്ലാ സഹ. ബാങ്കിലും സഹ. അര്‍ബന്‍ ബാങ്കിലും പണം നിക്ഷേപിക്കാം. ദേശ സാല്‍കൃത ബാങ്കുകളിലോ ഷെഡ്യൂള്‍ഡ് ബാങ്കുകളിലോ നിക്ഷേപിക്കണമെന്നാണ് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്കിയിട്ടുള്ളത്.
എന്നാല്‍ എരിമയൂരിലും പേരകത്തും പ്രാഥമിക സഹ. ബാങ്കിലും ഇസാഫിലും നിേക്ഷപിച്ചതു ചട്ടവിരുദ്ധമാണെന്നും ഇതിനു ദേവസ്വം മറുപടി നല്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ ബാങ്കായ ഡെവലപ്മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂരിലെ (ഡിഎസ്ബി) നിക്ഷേപം ഘട്ടംഘട്ടമായി മാറ്റാനും പലിശരഹിത കറന്റ് അക്കൗണ്ടുകളിലെ തുക സേവിങ്‌സ് അക്കൗണ്ടുകളിലേക്കു മാറ്റാനോ സ്ഥിരനിക്ഷപമാക്കാനോ ഓഡിറ്റ് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ദേവസ്വം നടപടിയെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: